15 Jun 2023 6:37 AM GMT
Summary
- ഏപ്രില്‍ 3ന് ശേഷം ആദ്യമായി 22 കാരറ്റ് ഗ്രാമിന് 5500 രൂപയില്‍ താഴെ
- ഏപ്രില്‍ തുടക്കം മുതല്‍ സ്വര്‍ണ വില കുതിച്ചുകയറിയിരുന്നു
- ആറു ദിവസങ്ങളിലായി മൊത്തം 90 രൂപയുടെ ഇടിവ്
സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇടിവ് തുടരുകയാണ്. 22 കാരറ്റ് സ്വര്‍ണം പവന്‍റെ വില രണ്ടു മാസത്തിലേറേ നീണ്ട കാലയളവിന് ശേഷം 44,000 രൂപയ്ക്ക് താഴേക്കെത്തി. ഒരു ഗ്രാമിന് 5,470 രൂപയാണ് ഇന്നത്തെ വില. ഇന്നലത്തെ വിലയില്‍ നിന്നും 35 രൂപയുടെ ഇടിവാണ് ഉണ്ടായത്. പവന് 280 രൂപ ഇടിഞ്ഞ് 43,760 രൂപയിലെത്തി. ഈ വര്‍ഷം ഏപ്രില്‍ 3ന് ശേഷം ആദ്യമായാണ് 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില ഗ്രാമിന് 5500 രൂപയ്ക്ക് താഴേക്കും പവന് 44,000 രൂപയ്ക്ക് താഴേക്കും വരുന്നത്. യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ തീരുമാനിച്ചതോടെ ഏപ്രിലിലും മേയിലും നിലനിര്‍ത്തിയ ഉയര്‍ന്ന തലത്തില്‍ നിന്ന് സ്വര്‍ണം താഴേക്ക് വരികയായിരുന്നു.
യുഎസിലെ ബാങ്കിംഗ് പ്രതിസന്ധിയും ഡോളറിനുണ്ടായ മൂല്യ ശോഷണവും ഏപ്രില്‍ തുടക്കം മുതല്‍ സ്വര്‍ണ വിലയിലെ കുതിച്ചുകയറ്റത്തിന് കാരണമായിരുന്നു. എന്നാല്‍ മേയിലെ ഫെഡ് റിസർവ് പ്രഖ്യാപനങ്ങളെ തുടര്‍ന്ന് ഡോളറിന്‍റെ മൂല്യത്തിലുണ്ടായ തിരിച്ചുവരവും ബാങ്കിംഗ് പ്രതിസന്ധിക്ക് അയവുവന്നതും സ്വർണവിലയിലെ തിരുത്തലുകളിലേക്ക് നയിച്ചു. മേയില്‍ ഉടനീളം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമായിരുന്നു. ഇത് ജൂണിലും തുടരുന്നതായാണ് ദൃശ്യമാകുന്നത്. എങ്കിലും വില പവന് 44,000ന് താഴെക്കെത്തിയിരുന്നില്ല. കഴിഞ്ഞ ഏതാനും ആഴ്ചകളായി 44,000 - 45,000 പരിധിയില്‍ ഏറിയും കുറഞ്ഞും നിലകൊള്ളുകയാണ് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില. എന്നാല്‍ കഴിഞ്ഞ ആറു ദിവസങ്ങളിലായി മൊത്തം 90 രൂപയുടെ ഇടിവാണ് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വിലയില്‍ ഉണ്ടായിട്ടുള്ളത്.
24 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില ഇന്ന് 5967 രൂപയാണ്. 38 രൂപയുടെ ഇടിവാണ് ഇന്നലത്തെ വിലയില്‍ നിന്നുണ്ടായിട്ടുള്ളത് . പവന് 47,736 രൂപയാണ്, ഇന്നലത്തെ വിലയില്‍ നിന്ന് 304 രൂപയുടെ ഇടിവ്.
വെള്ളി വിലയിലും സ്വര്‍ണ വിലയ്ക്ക് സമാനമായ പ്രവണതയാണ് കാണാനാകുന്നത്. ഇന്ന് വെള്ളി വില ഒരു ഗ്രാമിന് 1 രൂപയുടെ ഇടിവോടെ 77.50 രൂപയിലെത്തി. 8 ഗ്രാം വെള്ളിയുടെ വില ഇന്ന് 620 രൂപയാണ്, ഇന്നലത്തെ വിലയില്‍ നിന്ന് 8 രൂപയുടെ ഇടിവാണിത്. 1 ഡോളറിന് 82.18 രൂപ എന്ന നിലയിലാണ് ഇന്നത്തെ വിനിമയം.