30 April 2023 4:09 AM GMT
Summary
- രൂപയുടെ മൂല്യം മെച്ചപ്പെട്ടത് എഫ്‍പിഐകളെ സ്വാധീനിക്കുന്നു
- ഓട്ടോ, ഓട്ടോ കംപോണന്‍റ് മേഖലകളില്‍ കാര്യമായ വാങ്ങല്‍
- വാങ്ങല്‍ തുടർച്ചയായ രണ്ടാം മാസം
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) ഏപ്രിലിൽ ഇന്ത്യൻ ഇക്വിറ്റികളിൽ നടത്തിയത് 11,631 കോടി രൂപയുടെ വാങ്ങൽ. ഈ വര്‍ഷം ഇതുവരെയുള്ള കണക്കുപ്രകാരം ഒരുമാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന എഫ്‍പിഐ ഇന്‍ഫ്ളോ ആണിത്. തുടർച്ചയായ രണ്ടാം മാസമാണ് എഫ്‍പിഐകള്‍ അറ്റവാങ്ങലുകാരായി മാറുന്നത്.
എൻഎസ്‍ഡിഎൽ ഡാറ്റ പ്രകാരം, ഏപ്രിലിൽ ഡെറ്റ്, ഡെറ്റ്-വിആർആർ ഇൻസ്ട്രുമെന്റുകളിൽ യഥാക്രമം 806 കോടി രൂപയുടെയും 1,235 കോടി രൂപയുടെയും അറ്റനിക്ഷേപം വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ നടത്തി. എന്നാല്‍ ഹൈബ്രിഡ് വിപണിയിൽ 126 കോടി രൂപയുടെ അറ്റ വില്‍പ്പനയാണ് കഴിഞ്ഞ മാസം എഫ്‍പിഐകള്‍ നടത്തിയിട്ടുള്ളത്. ഇക്വിറ്റി മാർക്കറ്റിലെ ശക്തമായ വാങ്ങൽ കാരണം, ഇന്ത്യൻ വിപണിയിലെ എഫ്‌പിഐകളുടെ മൊത്തം നിക്ഷേപം ഏകദേശം ₹13,545 കോടി രൂപയിലേക്കെത്തി.
ഇന്ത്യന്‍ വിപണിയിലെ നിക്ഷേപ തന്ത്രം എഫ്‍പിഐകള്‍ മാറ്റുന്നതിന്‍റെ സൂചനയാണ് അറ്റവാങ്ങലിലേക്കുള്ള യു ടേണ്‍ എന്നാണ് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്‍റ്റ്‍മെന്‍റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ വിജയകുമാര്‍ പറയുന്നത്. രൂപയുടെ മൂല്യത്തിലുണ്ടായ മെച്ചപ്പെടലാണ് എഫ്‍പിഐകളുടെ മനോഭാവത്തെ സ്വാധീനിച്ച ഒരു പ്രധാന ഘടകം.
ഈ വർഷം ഫെബ്രുവരി അവസാനത്തോടെ ഡോളറിന് 82.94 എന്ന താഴ്ന്ന നിലവാരത്തിലെത്തിയ രൂപ ഇപ്പോൾ ഡോളറിനെതിരെ 81.75 ആയി ഉയർന്നുവെന്ന് വിജയകുമാര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നു, ഈ പ്രവണത തുടർന്നാൽ രൂപയുടെ മൂല്യം ഇനിയും ഉയർന്നേക്കാം. ഈ സാഹചര്യത്തിൽ എഫ്‍പിഐകൾ ഇന്ത്യയിലേക്ക് കൂടുതൽ നിക്ഷേപം കൊണ്ടുവരാൻ സാധ്യതയുണ്ട്. സാമ്പത്തിക സേവനങ്ങളിലും ഓട്ടോ, ഓട്ടോ കംപോണന്‍റ് മേഖലകളില്‍ കാര്യമായ വാങ്ങല്‍ എഫ്‍പിഐകള്‍ നടത്തുന്നതായും വിദഗ്ധര്‍ നിരീക്ഷിക്കുന്നു.
ഐടി മേഖലയുടെ നാലാംപാദ ഫലങ്ങള്‍ നല്‍കിയ നിരാശ വന്‍കിട ഐടി കമ്പനികളുടെ ഓഹരികളില്‍ വലിയ വിറ്റഴിക്കലിന് കാരണമായെങ്കിലും, സെൻസെക്സും നിഫ്റ്റി 50 ഉം ഏപ്രിലിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ഏപ്രിലില്‍ സെൻസെക്‌സ് ഏകദേശം 2,121 പോയിന്റ് അഥവാ 3.60% ഉയർന്നപ്പോൾ നിഫ്റ്റി50 705 പോയിന്റ് അല്ലെങ്കിൽ 4.06% ഉയര്‍ന്നു.
ഈ വര്‍ഷം ഇതുവരെ 14,579 കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ എഫ്‍പിഐകള്‍ നടത്തിയിട്ടുള്ളത്. ജനുവരിയിൽ 28,852 കോടി രൂപയും ഫെബ്രുവരിയിൽ 5,294 കോടി രൂപയും എഫ്‍പിഐകള്‍ പുറത്തേക്കൊഴുക്കി.