19 Nov 2022 11:16 AM GMT
foreign exchange reserves of india 2022
Summary
2021 ഓഗസ്റ്റിനു ശേഷമുള്ള കുത്തനെയുള്ള വര്‍ധനവാണിത്.
മുംബൈ: രാജ്യത്തെ വിദേശ നാണ്യ കരുതല്‍ ശേഖരം കഴിഞ്ഞ ആഴ്ച്ച 14.72 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 544.72 ബില്യണ്‍ ഡോളറായി. 2021 ഓഗസ്റ്റിനു ശേഷമുള്ള കുത്തനെയുള്ള വര്‍ധനവാണിത്. എങ്കിലും ഈ വര്‍ഷം മാര്‍ച്ചിന് ശേഷം ആഗോള അസ്ഥിരതയെ തുടര്‍ന്നുണ്ടായ മൂല്യമിടിവില്‍ വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ 110 ബില്യണ്‍ ഡോളറിന്റെ ഇടിവാണുണ്ടായത്. നവംബര്‍ 4 വരെയുള്ള കണക്കു പ്രകാരം കരുതല്‍ ശേഖരം 529 .99 ബില്യണ്‍ ഡോളറായിരുന്നു.
കരുതല്‍ ശേഖരത്തിന്റെ ഏറ്റവും പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തികള്‍ 11.8 ബില്യണ്‍ വര്‍ധിച്ച് 482.53 ബില്യണ്‍ ഡോളറായി. സ്വര്‍ണ ശേഖരം 2.64 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 39.70 ബില്യണ്‍ ഡോളറായി. അടുത്തിടെ ആര്‍ബിഐ 8 ബില്യണ്‍ ഡോളറിനു വിദേശ കറന്‍സികള്‍ വാങ്ങിയതാണ് ഈ മുന്നേറ്റത്തിന് കാരണമെന്നു സ്വകാര്യ ബാങ്കിന്റെ ട്രഷറി മേധാവി അഭിപ്രായപ്പെട്ടതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഡോളറിന്റെ മൂല്യം കുറഞ്ഞതും, കേന്ദ്ര ബാങ്കിന്റെ ഫോര്‍വേഡ് ബുക്കില്‍ മാറ്റം വന്നതും മറ്റു കാരണങ്ങളാണ്.
മുന്നേറ്റമുണ്ടെങ്കിലും, ആര്‍ബിഐയുടെ സ്റ്റാറ്റിസ്റ്റിക്കല്‍ കണക്കനുസരിച്ച്, ഈ വര്‍ഷത്തിന്റെ തുടക്കത്തിലുണ്ടായതിനെക്കാള്‍ 630 ബില്യണ്‍ ഡോളറിന്റെ കുറവാണു ഇപ്പോഴുള്ളത്. 2021 സെപ്റ്റംബറില്‍ ഇത് 642 ബില്യണ്‍ ഡോളര്‍ വരെയെത്തിയിരുന്നു.
സെപ്റ്റംബറില്‍ 10.36 ബില്യണ്‍ ഡോളറിന്റെ വിദേശ കറന്‍സിയാണ് വിറ്റഴിച്ചത്. ആ സമയത്ത് ഡോളറിനെതിരെ രൂപ 79 .5 രൂപയില്‍ നിന്നും 81.5 രൂപയായി ഇടിഞ്ഞിരുന്നു. ഒക്ടോബറില്‍ റെക്കോര്‍ഡ് ഇടിവായ 83.29 രൂപയിലെത്തിയിരുന്നു. പിന്നീട് രൂപയുടെ മൂല്യം ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 11 വരെയുള്ള കാലയളവില്‍ 2.3 ശതമാനം ഉയര്‍ന്ന് 81.74 രൂപയിലെത്തി.
ഏഷ്യന്‍ കറന്‍സികള്‍ ദുര്‍ബലമായതിനെ തുടര്‍ന്ന് നാലാഴ്ച്ചയ്ക്കിടെ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച വരെയുള്ള കണക്കനുസരിച്ച് രൂപ 96 പൈസ ഇടിഞ്ഞു.