4 Dec 2022 2:44 PM
Summary
- നവംബർ 25 ന് അവസാനിച്ച ആഴ്ചയിൽ വിദേശ നാണ്യ കരുതൽ ശേഖരം 2.89 ബില്യൺ ഡോളർ വർധിച്ച് 550.14 ബില്യൺ ആയി
- എന്നാൽ, സ്വർണ ശേഖരം 73 മില്യൺ ഡോളർ ഇടിഞ്ഞ് 39.94 ബില്യൺ ഡോളറായി.
ഡൽഹി: രാജ്യത്തിന്റെ വിദേശ നാണ്യ കരുതൽ ശേഖരം തുടർച്ചയായ മൂന്നാം ആഴ്ചയിലും വർധിച്ചു. രൂപയുടെ മൂല്യത്തിലുണ്ടായ സമ്മർദ്ദം കുറഞ്ഞതും, പണനയ നടപടികൾ മയപ്പെടുത്തിയതുമാണ് കാരണം.
നവംബർ 25 ന് അവസാനിച്ച ആഴ്ചയിൽ വിദേശ നാണ്യ കരുതൽ ശേഖരം 2.89 ബില്യൺ ഡോളർ വർധിച്ച് 550.14 ബില്യൺ ആയി. റിസർവ് ബാങ്ക് പുറത്തിറക്കിയ പ്രതിവാര സ്റ്റാറ്റിസ്റ്റിക്കൽ സപ്ലിമെന്റ് പുറത്തു വിട്ട കണക്കു പ്രകാരം മൊത്തത്തിലുള്ള കരുതൽ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ നാണ്യ ആസ്തികളുടെ (എഫ്‌സിഎ) നേട്ടമാണ് വർദ്ധനവിന് കാരണം.
വിദേശ നാണ്യ ആസ്തി 3 ബില്യൺ ഡോളർ വർധിച്ച് 487.29 ബില്യൺ ഡോളറായി. എന്നാൽ, സ്വർണ ശേഖരം 73 മില്യൺ ഡോളർ ഇടിഞ്ഞ് 39.94 ബില്യൺ ഡോളറായി.
കഴിഞ്ഞ ആഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 81.3175 ആയി കുറഞ്ഞു. എന്നാൽ ഈ ആഴ്ച 0.5 ശതമാനം വർധിച്ചിരുന്നു. നിരക്ക് വർധന മന്ദഗതിയിലാകുമെന്ന യുഎസ് ഫെഡ് ചെയർമാൻ ജെറോം പവെല്ലിന്റെ പ്രസ്താവനയാണ് രൂപയുടെ വർധനക്ക് കാരണം. ഡോളർ ജൂലൈ മാസത്തിന് ശേഷം ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞിരുന്നു.
നവംബർ 18 നു അവസാനിച്ച ആഴ്ചയിൽ, വിദേശ നാണ്യ കരുതൽ ശേഖരം 547.25 ബില്യൺ ഡോളറായി വർധിച്ചിരുന്നു. അതിനു മുൻപത്തെ ആഴ്ചയിൽ 14.72 ബില്യൺ ഡോളർ ഉയർന്നിരുന്നു. അടുത്തിടെ ആർബിഐ നടത്തിയ വിദേശ കറൻസിയുടെ വാങ്ങൽ മൂലം 2021 ഓഗസ്റ്റ് നു ശേഷം ഉണ്ടായ ഏറ്റവും വലിയ വർധനയായിരുന്നു ഇത്.
എന്നാൽ ഈ മുന്നേറ്റം തുടരാനുള്ള സാധ്യത കുറവാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. വിദേശ നിക്ഷേപത്തെ രാജ്യത്തെ ആകർഷിക്കാനുള്ള ശ്രമങ്ങൾ ചൈന കൂടുതൽ ഉർജിതമാക്കിയതിനാൽ അത് ഇന്ത്യ പോലുള്ള രാജ്യങ്ങൾക്കു കടുത്ത വെല്ലുവിളികൾ ഉയർത്തും.
നിലവിൽ വിദേശ നാണ്യ കരുതൽ ശേഖരം മാർച്ച് അവസത്തോടെ റിപ്പോർട്ട് ചെയ്ത 607 ബില്യൺ ഡോളറിൽ നിന്നും ഇടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ റിപ്പോർട്ട് ചെയ്ത റെക്കോർഡ് വർദ്ധനായ 642.45 ബില്യൺ ഡോളറിൽ നിന്നും 92.31 ബില്യൺ ഡോളറിന്റെ ഇടിവ് ഇപ്പോൾ സംഭവിച്ചിട്ടുണ്ട്.
വിദേശ നാണ്യ കരുതൽ ശേഖരം കഴിഞ്ഞ 16 ആഴ്ചയിൽ 11 ആഴ്ചയും ഇടിഞ്ഞു.