20 March 2024 7:18 AM GMT
Summary
- 1,050 ബില്യൺ രൂപ വിപണി മൂല്യത്തിലെക്കെത്താൻ സാധ്യത
- പാദരക്ഷകളുടെ വിലയിൽ 4.6% ഉയർച്ച നേരിട്ടിരുന്നു
- പ്രീമിയം സെഗ്മെന്റുകളിൽ ഏകദേശം 11-13 ശതമാനം CAGR പ്രതീക്ഷിക്കുന്നു.
ഡാം ക്യാപിറ്റൽ (DAM Capitals) പറയുന്നതനുസരിച്ച് ഇന്ത്യൻ ഫൂട്ട് വെയർ വ്യവസായം വളർച്ചയുടെ പാതയിലാണ്. നിലവിൽ 9.5 ബില്യൺ യുഎസ് ഡോളറിന്റെ വിപണി വിഹിതമാണ് മേഖലക്കുള്ളത്. ഇതിൽ ബ്രാൻഡഡ് പാദരക്ഷകളോടുള്ള ഉപഭോക്താക്കളുടെ താൽപ്പര്യം ശക്തമാകുന്നു. മൊത്ത വിപണി വിഹിതത്തിന്റെ 44 ശതമാനം സംഭാവന നൽകുന്നത് ബ്രാൻഡഡ് പാദരക്ഷകളാണ്. 2025 സാമ്പത്തിക വർഷം ആകുമ്പോഴേക്ക് ഈ വ്യവസായം 8% വാർഷിക വളർച്ചയോടെ 1,050 ബില്യൺ രൂപ വിപണി മൂല്യത്തിലെക്കെത്തും എന്നാണ് കണക്കാക്കുന്നത്.
വളർച്ചക്ക് പിന്നിലെ കാരണങ്ങൾ
2015 സാമ്പത്തിക വർഷം മുതൽ 2025 സാമ്പത്തിക വർഷം വരെ പാദരക്ഷകളുടെ വിലയിൽ 4.6% ഉയർച്ച രേഖപെടുത്തിയേക്കാം എന്നാണ് വിലയിരുത്തൽ. വോളിയം വളർച്ചയിലേക്ക് നോക്കുമ്പോൾ 3-3.5 ശതമാനത്തിന്റെ നേരിയ വളർച്ചയും നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനലിസ്റ്റുമാരുടെ അഭിപ്രായത്തിൽ പ്രധാനമായും 2 ഘടകങ്ങളാണ് ഈ വളർച്ചക്ക് ആക്കം കൂട്ടുന്നത്.
ഒന്നാമത്തേത് Tier-2/3/4 നഗരങ്ങളുടെ വളർച്ചയും അവിടുത്തെ ജനങ്ങളുടെ ധന വിനിയോഗത്തിൽ മാറ്റവുമാണ. രണ്ടാമത്തേത് ഡിസ്പോസിബിൾ (റ്റാക്സിനും ചെലവിനും ശേഷം ബാക്കി വരുന്ന പണം) വരുമാനത്തിലെ വർദ്ധനവ് വില കൂടിയ പാദരക്ഷകൾക്കു കൂടുതൽ പണം ചെലവാക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു.
ഈ വ്യവസായത്തിന്റെ ഉപഭോക്താക്കളെ പ്രധാനമായും മൂന്നായി തരാം തിരിക്കാം: പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ. ഏറ്റവും അധികം ഉപഭോഗ വളർച്ച രേഖപ്പെടുത്തുന്നത് സ്ത്രീകളുടെ വിഭാഗത്തിലാണ്. അടുത്ത സാമ്പത്തിക വർഷത്തിൽ ഈ മേഖല 8-10 ശതമാനം വരെ വളർച്ച രേഖപെടുത്തുമെന്നാണ് ഡാം ക്യാപിറ്റലിലെ വിദഗ്ധരുടെ അനുമാനം. പ്രൈസിങ്ങിലേക്കു വരുമ്പോൾ ഇടത്തരം, പ്രീമിയം സെഗ്മെന്റുകളിൽ ഏകദേശം 11-13 ശതമാനം CAGR പ്രതീക്ഷിക്കുന്നു. എന്നാൽ പ്രീമിയം ഇതര സെഗ്മെന്റ് 6-6.5 ശതമാനം വളർച്ച മാത്രമേ പ്രതീക്ഷിക്കുന്നുള്ളു.
നൈക്കി, കോൺവെർസ്, അഡിഡാസ്, സ്കേച്ചേർസ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള സ്‌നീക്കർ ഷൂസുകൾ കൂടുതൽ ജനപ്രീതി ആർജിച്ചു വരുന്ന ട്രെൻഡാണ് കാണുന്നത്. പ്രീമിയം സെഗ്‌മെന്റിനോടൊപ്പം പ്രീമിയം ഇതര സെഗ്മെന്റുകളിലെ സ്‌നീക്കർ ഷൂസുകൾക്കും ഡിമാൻഡ് വർധിച്ചുവരികയാണ്. വിവിധ ഡാറ്റകൾ പ്രകാരം 2022 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സ്‌നീക്കർ വ്യവസായത്തിന്റെ മൂല്യം 3 ബില്യൺ US ഡോളർ മറികടന്നു. സമാന കാലയളവിൽ ആഗോള സ്‌നീക്കർ വ്യവസായം 12-15 ശതമാനം വരെ വാർഷിക വളർച്ചയാണ് കൈവരിച്ചത്.
മേഖല നേരിടാൻ സാധ്യതയുള്ള വെല്ലുവിളികൾ
ഉപഭോക്താക്കളുടെ ഡിസ്ക്രീഷനറി ചെലവുകൾ കുറഞ്ഞാൽ അത് കമ്പനികളുടെ വളർച്ചക്ക് വെല്ലുവിളിയായേക്കാം. രണ്ടാമത്തെ റിസ്കായി പറയുന്നത് ഉയർന്ന ആട്രിഷൻ നിരക്കാണ്. അതായതു ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് കമ്പനികളിൽ പ്രതിസന്ധി സൃഷ്ടിച്ചേക്കാം. കാരണം പുതിയ ജീവനക്കാരെ നിയമിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമുള്ള ചെലവുകൾ വർദ്ധിക്കുന്നു. മാത്രമല്ല ഇത് പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. പുനർനിക്ഷേപവുമായി ബന്ധപ്പെട്ട റിസ്കാണ് അവർ പറയുന്ന അടുത്തകാരണം. പാദരക്ഷ കമ്പനികളെ സംബന്ധിച്ചിടത്തോളം, അവരുടെ വരുമാനം നിക്ഷേപിക്കാൻ ലാഭകരമായ അവസരങ്ങൾ കണ്ടെത്താനാകാത്തതിൻ്റെ റിസ്കാണ് ഇത്.
മെട്രോ ബ്രാൻഡുകൾ, റിലാക്സോ ഫുട്‍വെയർ, ബാറ്റ ഇന്ത്യ , ക്യാമ്പസ് ആക്റ്റീവ് വെയർ എന്നെ കമ്പനികൾക്കാണ് ഡാം ക്യാപിറ്റൽ "ബൈ" റെക്കമെൻഡേഷൻ നൽകുന്നത്.
മെട്രോ ബ്രാൻഡ്‌സ്
മെട്രോ ബ്രാൻഡ്സ് ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വലിയ പാദരക്ഷകളുടെയും ആക്സസറീസ് റീട്ടെയിലർമാരിലും ഒന്നാണ്. ക്രോക്സ്, സ്കെച്ചേഴ്സ് തുടങ്ങിയ ബ്രാൻഡുകളുമായി ഇവർ വിജയകരമായ പങ്കാളിത്തങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മെട്രോ ഷൂസ്, മോചി, വാക്ക്‌വേ തുടങ്ങിയവയാണ് ഇവരുടെ പ്രധാന ഉപ ബ്രാൻഡുകൾ.
ഫുട്‍വെയർ ശൃംഖലയിൽ റീറ്റെയ്ൽ രംഗത്താണ് മെട്രോ പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും മറ്റുള്ള കമ്പനികളെ ഏൽപ്പിക്കുന്നതിനാൽ അതിൽ നിന്നുമുള്ള ലാഭം നേടാൻ സാധിക്കുന്നില്ല, എന്നിട്ടും 55% മൊത്ത മാർജിനും 20% EBITDA മാർജിനും സൃഷ്ട്ടിക്കാൻ സാധിക്കുന്നുണ്ട്. ഇത് മെട്രോയുടെ മികച്ച പ്രവർത്തനത്തെ സൂചിപ്പിക്കുന്നു.
മൂന്നാം പാദത്തിലെ മെട്രോയുടെ വരുമാനം 636 കോടി രൂപയും, പ്രവർത്തന ലാഭം 199 കോടി രൂപയും, നികുതിക്ക് ശേഷമുള്ള ലാഭം 136 കോടി രൂപയുമാണ്. ലിസ്റ്റുചെയ്തിരിക്കുന്ന കമ്പനികളിൽ, ശരാശരി വിൽപ്പന വില വർധിപ്പിച്ചതിലൂടെ 44% വരുമാന വർദ്ധനവ് നേടിയ ഏക കമ്പനി മെട്രോ ബ്രാൻഡാണ്.
ചെരുപ്പ് നിർമ്മാണത്തിൽ ഏർപ്പെടാതെ റീടൈലിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മെട്രോ ബ്രാൻഡ് തീരുമാനിച്ചത്. അതിനാൽ നിർമ്മാണം മറ്റുള്ള കമ്പനികൾക്ക് ഏല്പിച്ച് റീറ്റെയ്ൽ ബിസിനെസ്സിൽ മാത്രം ശ്രെദ്ധ കേന്ദ്രികരിച്ചു. ഈ തീരുമാനം കമ്പനിയുടെ ലാഭക്ഷമത വർധിപ്പിക്കാൻ സഹായിച്ചു.
ഇതെല്ലം വിലയിരുത്തി ഡാം ക്യാപിറ്റൽസ് മെട്രോ ബ്രാൻഡിന് "ബൈ" ശുപാർശ നൽകുന്നു. 1,238 രൂപയാണ് ടാർഗറ്റ് വിലയായി നിശ്ചയിരിക്കുന്നത്.
റിലാക്‌സോ ഫുട്‍വെയർസ്
1976-ൽ റെലാക്സോ ബ്രാൻഡുമായി ചേർന്നു പ്രവർത്തനം ആരംഭിച്ച കമ്പനിയാണ് റെലക്സോ ഫുട്‍വെയർസ്. അവരുടെ ഗ്രൂപ്പ് കമ്പനികളും മറ്റ് സ്ഥാപനങ്ങളും നിർമ്മിക്കുന്ന ചെരുപ്പുകൾ വിപണനം ചെയ്യുന്നതിലും വിൽക്കുന്നതിലുമാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ പിന്നീട് ഫുട്‍വെയർ നിർമാണത്തിൽ ഇന്ത്യയിൽ തന്നെ മുൻ നിരയിലേക്ക് കടന്നു വരാൻ കമ്പനിക്ക് സാധിച്ചു. നിര്മ്മാണ മേഖലയിലും കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇത് അവരുടെ മൊത്ത മാർജിനിൽ പ്രതിഫലിക്കുന്നു, 2001 ൽ 27% ആയിരുന്നത് 2023 ൽ 52% ആയി ഉയർന്നു. മറ്റ് സമാന കമ്പനികളെ അപേക്ഷിച്ച് വിതരണക്കാർ വഴി കൈമാറുന്ന ചെരുപ്പുകളുടെ എണ്ണത്തിൽ റെലാക്സോയാണ് മുന്നിൽ.
കുറഞ്ഞുവരുന്ന വിപണി വിഹിതത്തെ തുടർന്ന്, തന്ത്രപരമായ മാറ്റങ്ങൾ മാനേജ്‌മന്റ് നടപ്പിലാക്കിയിട്ടുണ്ട്. വില കൂടുതൽ കാരണം ചില വിഭാഗം ഉപഭോക്തതകളെ കമ്പനിക്ക് നഷ്ടപ്പെട്ടിരുന്നു. തുടർന്നു വില കുറയ്ക്കാൻ റെലാക്സോ ഇപ്പോൾ തയ്യാറാണ്. ഇതുവഴി വിൽപ്പനയുടെ വോളിയം വീണ്ടും വർദ്ധിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം.
2023 സാമ്പത്തിക വർഷത്തിലെ വരുമാനത്തിൻ്റെ ഏകദേശം 40 ശതമാനവും വന്നത് സ്പാർക്സിൽ നിന്ന്, അത് ഏകദേശം 11 ബില്യൺ രൂപയാണ്. ഇത് 15% CAGR വളരുമെന്ന് ഡാം അനലിസ്റ്റുമാർ പ്രതീക്ഷിക്കുന്നു. നിലവിൽ ഏകദേശം 4 ബില്യൺ വരുമാനം സ്പാർക്‌സ് ഷൂസുകളിൽ നിന്നാണ് ലഭിക്കുന്നത്, ഇത് മൊത്ത വരുമാനത്തിന്റെ ഏകദേശം 72 ശതമാനമാണ്.
2023 സാമ്പത്തിക വർഷത്തിൽ മൂന്നാം പാദത്തിൽ വരുമാനം 713 കോടി രൂപയും, പ്രവർത്തന ലാഭം 87 കോടി രൂപയും, നികുതിക്ക് ശേഷമുള്ള വരുമാനം 51 കോടി രൂപയുമാണ്. 2023-26 സാമ്പത്തിക വർഷത്തിലേക്കു റിലാക്‌സോയുടെ വരുമാനം 15 ശതമാനവും EBITDA 26 ശതമാനവും നികുതിക്ക് ശേഷമുള്ള ലാഭം 37 ശതമാനവും വളരുമെന്ന് അനലിസ്റ്റുമാർ പ്രതീക്ഷിക്കുന്നത്.
ഡാം ക്യാപിറ്റൽസ് ഓഹരിക്കു "ബൈ" റെക്കമെൻഡേഷനാണ് നൽകിയിരിക്കുന്നത്. ടാർഗറ്റ് വില 948 രൂപ.
ബാറ്റ ഇന്ത്യ
ബാറ്റ കമ്പനി ഇപ്പോൾ വിതരണ ശൃംഖലയും വിദേശ ബ്രാൻഡുകളുമായുള്ള പങ്കാളിത്തം കുട്ടുന്നതിനും ലക്ഷ്യമിടുന്നു. പഴയ തലമുറയുടെ ബ്രാൻഡ് എന്ന ഇമേജ് മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് കമ്പനി. മൂന്നാം കക്ഷി നിര്‍മ്മാണത്തെയും അസറ്റ് - ലൈറ്റ് വിതരണത്തെയും (ഫ്രാഞ്ചൈസി, ഇ-കൊമേഴ്സ്) ആശ്രയിച്ച് കൂടുതല്‍ മികച്ച ഉല്‍പ്പന്ന മിശ്രിതം സൃഷ്ടിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. എങ്കിലും, ഈ മാറ്റങ്ങൾ ഇതുവരെ ഫലം കണ്ടെത്തിയിട്ടില്ല.
കമ്പനി വിൽപ്പനയിൽ വളർച്ച രേഖപെടുത്താനായി നിരവധി പരിഷ്‌കാരങ്ങൾ നടത്തിവരുന്നു. വിതരണ ശൃംഖല പരിഷ്കരണം ഫ്രാഞ്ചൈസി ശൃംഖലയുടെ വികസനം, ലാഭം കുറഞ്ഞ സ്റ്റോറുകൾ അടച്ചുപൂട്ടൽ, കൂടുതൽ പ്രമുഖ വിതരണക്കാരുമായുള്ള പങ്കാളിത്തം എന്നിവ അത്തരം നടപടികളിൽ ചിലതാണ്. ഈ പരിഷ്‌കാരങ്ങൾ ഫലം കാണിക്കുമെന്നും ഡിമാൻഡ് സ്ഥിരപ്പെടുമ്പോൾ വിൽപ്പന 3% CAGR നിരക്കിൽ വളരുമെന്നും ഡാം ക്യാപിറ്റൽസിലെ വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നു.
സാമ്പത്തിക വർഷം 2010-2023 കാലയളവിൽ കമ്പനി 12% CAGR നിരക്കിൽ ശരാശരി വിലയിൽ വർദ്ധന രേഖപ്പെടുത്തി. ഇതിന് പ്രധാന കാരണം പ്രീമിയം പോർട്ടഫോളിയോ കൊണ്ടുവന്നതാണ്.
2023 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ കമ്പനി 903 കോടി വരുമാനവും, 182 കോടിയുടെ പ്രവർത്തന ലാഭവും, 58 കോടിയുടെ നികുതി കഴിഞ്ഞ ലാഭവും റിപ്പോർട്ട് ചെയ്തു. സമീപ പാദത്തിൽ ചെലവ് വർധിച്ചത് മൂലം പ്രവർത്തന ലാഭത്തിൽ സമ്മർദ്ദം ചെലുത്തിയേക്കാം. 2023-26 സാമ്പത്തിക വർഷത്തിലേക്കു വരുമാനം, നികുതി കഴിഞ്ഞുള്ള ലാഭം, EBITDA എന്നിവയിൽ യഥാക്രമം 10%, 34%, 26% CAGR രേഖപ്പെടുത്തുമെന്നാണ് വിദഗ്ധർ കണക്കാക്കുന്നത്.
ഡാം ക്യാപിറ്റൽസ് ബാറ്റ ഇന്ത്യക്ക് 1660 പ്രൈസ് ടാർഗെറ്റുമായി നൽകി "ബൈ" കോളാണ് നൽകിയിരിക്കുന്നത്.
ക്യാമ്പസ് ആക്റ്റീവ് വെയർ
കാമ്പസ് ആക്ടീവ് വെയർ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും അനലിസ്റ്റുമാരുടെ പ്രതീക്ഷക്കൊത്തു ഉയരാൻ കമ്പനിക്ക് സാധിച്ചില്ല. ഈ പാദത്തിലെ 472 കോടി രൂപ വരുമാനം കഴിഞ്ഞ പദ്ധതി അപേക്ഷിച്ച് കൂടുതലായിരുന്നെങ്കിലും ചില വെല്ലുവിളികൾ അനലിസ്റ്റുമാർ ചൂണ്ടിക്കാട്ടുന്നു. ബ്രാൻഡിങ്ങിനും വിപണനത്തിനുമുള്ള ഉയർന്ന ചെലവ് മൂലമാണ് EBITDA 56 കോടിയിലെത്തിയത്. എന്നിരുന്നാലും, അറ്റാദായം 25 കോടിയായി.
ഡിമാൻഡ് വളർച്ച, ചൈനയിൽ നിന്നുള്ള ഇറക്കുമതി നിയന്ത്രണം, നിർമ്മാണ ചെലവ് കുറവ്, ഓൺലൈൻ വിതരണ ശൃംഖല വിപുലീകരണം എന്നിവയിൽ നിന്നും കമ്പനിക്ക് പ്രയോജനം ലഭിക്കുമെന്നാണ് വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നുത്. കടം കുറയ്ക്കാനും പ്രവർത്തന മൂലധനം മെച്ചപ്പെടുത്താനുമുള്ള നടപടികൾ കമ്പനി സ്വീകരിച്ചു വരുന്നുവെന്ന് ബ്രോക്കറേജ് നിരീക്ഷിക്കുന്നു.
ഡാം ക്യാപിറ്റൽസ് ഓഹരിക്കു 292 പ്രൈസ് ടാർഗെറ്റുമായി "ബൈ" റെക്കമെൻഡേഷൻ നൽകുന്നു.