28 July 2023 2:47 AM GMT
Summary
- എഫ്‍പിഐകള്‍ ഇന്നലെ വാങ്ങലുകാരായി തുടര്‍ന്നു
- ഏഷ്യന്‍ വിപണികളുടെ തുടക്കം ഇന്ന് ഇടിവോടെ
- നെറ്റ് വെബ് ടെക്നോളജീസ് അരങ്ങേറ്റം കുറിച്ചത് 89.4 % പ്രീമിയത്തില്‍
ബുധനാഴ്ച ഒരു ദിവസത്തെ ഇടവേള കഴിഞ്ഞ് ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ഇന്നലെ വീണ്ടും ഇടിവിലേക്ക് നീങ്ങി. തുടക്ക വ്യാപാരത്തില്‍ നേട്ടത്തില്‍ തുടങ്ങിയ വിപണികളില്‍ വ്യാപാരം പുരോഗമിക്കവെ വില്‍പ്പന സമ്മര്‍ദം അനുഭവപ്പെടുകയായിരുന്നു. പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകളും ഇന്നലെ പുറത്തുവന്ന യുഎസ് ഫെഡ് റിസര്‍വ് പ്രഖ്യാപനങ്ങളും നിക്ഷേപകരുടെ വികാരത്തെ നെഗറ്റിവായി ബാധിച്ചു. നിക്ഷേപകര്‍ ഉറ്റുനോക്കിയ ചില കമ്പനികളുടെ ആദ്യ പാദഫലങ്ങള്‍ പ്രതീക്ഷക്കൊത്ത് എത്താതിരുന്നതും വിപണിയെ തളര്‍ത്തി.
കഴിഞ്ഞയാഴ്ചകളിലെ റെക്കോഡുകള്‍ ഭേദിച്ചുള്ള റാലിക്കു ശേഷം ലാഭമെടുപ്പിലേക്ക് നിക്ഷേപകര്‍ തിരിഞ്ഞതും മൂല്യനിര്‍ണയങ്ങളിലെ ആരോഗ്യകരമായ കറക്ഷനും ഇപ്പോള്‍ കാണുന്ന ഇടിവില്‍ പ്രതിഫലിക്കുന്നുണ്ടെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.
ഏഷ്യന്‍ വിപണികളില്‍ ഇന്ന് തുടക്കം ഇടിവില്‍
ഏഷ്യന്‍ വിപണികള്‍ പൊതുവില്‍ ഇന്ന് ഇടിവിലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയ, ഷാങ്ഹായ്, ഹോംഗ്കോംഗ്, നിക്കെയ് തുടങ്ങിയ വിപണികളില്‍ നഷ്ടത്തില്‍ വ്യാപാരം നടക്കുന്നു. അതേ സമയം തായ്വാന്‍ വിപണി നേട്ടം രേഖപ്പെടുത്തിയിട്ടുണ്ട്. ഫെഡ് റിസര്‍വ് പ്രഖ്യാപനത്തിന്‍റെ സ്വാധീനം ഇന്ന് കൂടുതലായി ആഗോള വിപണികളില്‍ പ്രതിഫലിക്കും. മറ്റ് കേന്ദ്രബാങ്കുകളും യുഎസ് കേന്ദ്രബാങ്കിന്‍റെ വഴിയെ നീങ്ങുമോയെന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്.
ആഗോള തലത്തില്‍ ഭക്ഷ്യ വിതരണത്തില്‍ നേരിടുന്ന വെല്ലുവിളികളും ചൈനീസ് സമ്പദ് വ്യവസ്ഥ വീണ്ടെടുപ്പില്‍ നേരിടുന്ന മാന്ദ്യവും ആഗോള വളര്‍ച്ച സംബന്ധിച്ച നിഗമനം വെട്ടിക്കുറച്ച ഐഎംഎഫ് റിപ്പോര്‍ട്ടും നിക്ഷേപകരുടെ വികാരത്തെ താഴോട്ടു വലിക്കുന്നുണ്ട്. യുഎസ് വിപണികള്‍ ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡൌ ജോണ്‍സും, നാസ്ഡാഖും, എസ് & പി-യും ഇടിവ് രേഖപ്പെടുത്തി. അതേ സമയം യൂറോപ്യന്‍ വിപണികള്‍ ഇന്നലെ പൊതുവേ നേട്ടത്തിലായിരുന്നു.
ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലുള്ള ഡെറിവേറ്റിവ് വിപണിയായ ഗിഫ്റ്റ് നിഫ്റ്റി ഇന്ന് നേരിയ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്.
ഇന്ന് ശ്രദ്ധാകേന്ദ്രമാകുന്ന കമ്പനികള്‍
ഇന്നലെ ആദ്യ പാദ ഫലങ്ങള്‍ പുറത്തുവിട്ട കമ്പനികളില്‍ 182 ശതമാനത്തിന്‍റെ വലിയ വാര്‍ഷിക വളര്‍ച്ചയാണ് അറ്റാദായത്തില്‍ നേടിയത്. പ്രവര്‍ത്തനങ്ങളിലെ മികച്ച പ്രകടനമാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യന്‍ ഹോട്ടല്‍സ് അറ്റാദായത്തില്‍ 31 ശതമാനം വളര്‍ച്ചയും വരുമാനത്തില്‍ 17 ശതമാനം വളര്‍ച്ചയും വാര്‍ഷികാടിസ്ഥാനത്തില്‍ രേഖപ്പെടുത്തി. പൊതുമേഖലയിലുള്ള ഭാരത് ഇലക്ട്രോണിക്സ് 23 ശതമാനം വളര്‍ച്ച സ്റ്റാന്‍റ് എലോണ്‍ അറ്റാദായത്തില്‍ നേടി. പ്രവര്‍ത്തന വരുമാനത്തില്‍ 13 ശതമാനം വളര്‍ച്ചയാണ് സ്വന്തമാക്കിയത്.
അറ്റാദായത്തില്‍ 37 ശതമാനവും വരുമാനത്തില്‍ 15 ശതമാനവും വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി മികച്ച ആദ്യപാദഫലമാണ് നെസ്‍ലെ തന്നിട്ടുള്ളത്. 4 ശമാനം അറ്റാദായ വളര്‍ച്ചയാണ് ലാറ്റിന്‍ വ്യു അനലിറ്റിക്സ് രേഖപ്പെടുത്തിയത്. ഐഎംപിഎല്‍-ന്‍റെ നികുതിക്ക് ശേഷമുള്ള ലാഭം 23% ഉയര്‍ന്നു. ശ്രീറാം ഫിനാന്‍സ് 25.1% അറ്റാദായ വളര്‍ച്ച രേഖപ്പെടുത്തി.
അജയ് ഫാര്‍മ 19 ശതമാനം വാര്‍ഷിക വളര്‍ച്ച ആദ്യ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേ സമയം മറ്റൊരു ഫാര്‍മ കമ്പനിയായ ലുപിന്‍ യുഎസിലെ റെഗുലേറ്ററി അതോറിയുടെ പരിശോധനയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ്. ഗോവയിലെയും ഇൻഡോറിലെയും യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിവരങ്ങള്‍ തേടിയാണ് യുഎസ് എഫ്‍ഡിഎയിൽ നിന്ന് കത്ത് ലഭിച്ചിട്ടുള്ളത്.
ലാറസ് ലാബിന്‍റെ ആദ്യപാദ ഫലം മോശമാണ്. 90 ശതമാനം ഇടിവ് കമ്പനിയുടെ അറ്റാദായത്തില്‍ രേഖപ്പെടുത്തി. കമ്പനിയുടെ വില്‍പ്പന വരുമാനം കുറഞ്ഞതിനൊപ്പം ചെലവുകള്‍ കൂടുകയും ചെയ്തു. ടെക്സ്റ്റൈല്‍ കമ്പനിയായ ട്രിഡന്‍റ് 27.8 ശതമാനം ഇടിവാണ് വാര്‍ഷികാടിസ്ഥാനത്തില്‍ ആദ്യ പാദത്തില്‍ രേഖപ്പെടുത്തിയത്. സംയോജിത ലാഭത്തില്‍ 30.65 ശതമാനം ഇടിവ് ജെകെ ലക്ഷ്മി സിമന്‍റ്സ് രേഖപ്പെടുത്തി.
89.4 ശതമാനം പ്രീമിയത്തോടെ ഇന്നലെ ലിസ്റ്റ് ചെയ്യപ്പെട്ട നെറ്റ് വെബ് ടെക്നോളജീസാണ് വിപണിയില്‍ ഇന്ന് ശ്രദ്ധനേടുന്ന മറ്റൊരു കമ്പനി. നിഫ്റ്റിയില്‍ 947 രൂപയ്ക്കും സെന്‍സെക്സില്‍ 942.5 രൂപയ്ക്കുമാണ് ഈ ഓഹരി അരങ്ങേറ്റം കുറിച്ചത്.
വിദേശ ഫണ്ടിന്‍റെ വരവ്
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) ഇന്നലെ ഇന്ത്യന്‍ വിപണിയില്‍ 3,979.44 കോടി രൂപയുടെ ഓഹരികൾ വിറ്റു, അതേസമയം ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) 2,528.15 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എൻഎസ്‌ഇ) താൽക്കാലിക കണക്കുകൾ കാണിക്കുന്നു.
വിദേശ പോര്‍ട്ട്‍ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) 1130.96 കോടി രൂപയുടെ അറ്റ വാങ്ങലാണ് ഇന്നലെ ഇന്ത്യന്‍ ഇക്വിറ്റികളില്‍ നടത്തിയത്. ഡെറ്റ് വിപണിയില്‍ 21.66 കോടി രൂപയുടെ അറ്റ വാങ്ങലാണ് എഫ്‍പിഐകളുടെ ഭാഗത്തു നിന്ന് ഉണ്ടായത്.