22 Feb 2024 4:36 PM IST
Summary
- ഇടിവ് കേന്ദ്ര സർക്കാർ തീരുമാനത്തെ തുടർന്ന്
- ഓഹരികൾ 1 മുതൽ 2 ശതമാനം വരെ ഇടിവ് നേരിടുന്നു.
കരിമ്പിൻ്റെ ന്യായവില ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റ തീരുമാനത്തെ തുടർന്ന് ഷുഗർ ഓഹരികൾ ഇടിവ് നേരിടുന്നു. ബജാജ് ഷുഗർ, ഉത്തം മിൽസ്, ശ്രീ രേണുക, ശക്തി ഷുഗേഴ്‌സ് തുടങ്ങിയ ഓഹരികൾ 1 മുതൽ 2 ശതമാനം വരെ ഇടിവ് നേരിടുന്നു. 2024-25 സീസണിലേക്ക് കരിമ്പിൻ്റെ ന്യായവില (fair and remunerative price) മുൻ സീസണിനെ അപേക്ഷിച്ചു 8 ശതമാനം ഉയർത്തി 340 രൂപയായി സർക്കാർ പ്രഖ്യാപിച്ചു. 2023-24 ഷുഗർ സീസണിൽ വില 315 രൂപയായിരുന്നു.
മറ്റ് വിളകൾക്ക് സർക്കാർ തറവില അല്ലെങ്കിൽ എംഎസ്പി നിശ്ചയിക്കുമ്പോൾ, കരിമ്പ് കർഷകർക്ക് എഫ്ആർപി വാഗ്ദാനം ചെയ്യുന്നു. 1966-ലെ കരിമ്പ് ( Sugarcane Order of 1966) ഉത്തരവ് പ്രകാരമാണ് വില നിശ്ചയിക്കുക. ഇതിനായി വർഷം തോറും കരിമ്പ് ഉൾപ്പെടെയുള്ള വിവിധ കാർഷിക ഉൽപ്പന്നങ്ങളെ ഉൾപ്പെടുത്തി കമ്മീഷൻ ഓഫ് അഗ്രികൾച്ചറൽ കോസ്റ്റ്സ് ആൻഡ് പ്രൈസ് ശുപാർശകൾ രൂപപ്പെടുത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി (സിസിഇഎ) യോഗത്തിലാണ് എഫ്ആർപി വർധിപ്പിക്കാൻ തീരുമാനമായത്. പുതുക്കിയ എഫ്ആർപി 2024 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും.
2014ൽ അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ കരിമ്പിന് പ്രഖ്യാപിച്ച ഏറ്റവും ഉയർന്ന എഫ്ആർപിയാണിത്. ഇത് രണ്ടാം തവണയാണ് മോദി സർക്കാർ ഒറ്റയടിക്ക് ക്വിൻ്റലിന് 25 രൂപ വർധിപ്പിക്കുന്നത്. കേന്ദ്ര സർക്കാരിൻ്റെ ഈ തീരുമാനം കുടുംബാംഗങ്ങൾ ഉൾപ്പെടെ 5 കോടിയിലധികം കരിമ്പ് കർഷകർക്കും, പഞ്ചസാര മേഖലയുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് ആളുകൾക്കും ഗുണം ചെയ്യുമെന്ന് ബുധനാഴ്ച നൽകിയ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
കർഷകർക്ക് ഓരോ റിക്കവറിയിലും 0.1 ശതമാനം വർധനവോടെ 3.32 രൂപ അധിക വില ലഭിക്കും, വീണ്ടെടുക്കൽ 0.1 ശതമാനം കുറച്ചാൽ അതേ തുക കിഴിവ് ചെയ്യപ്പെടും. എന്നിരുന്നാലും, ക്വിൻ്റലിന് 315.10 രൂപയാണ് കരിമ്പിൻ്റെ ഏറ്റവും കുറഞ്ഞ വില. പഞ്ചസാര വീണ്ടെടുക്കൽ കുറവാണെങ്കിലും, ക്വിൻ്റലിന് 315.10 രൂപ എഫ്ആർപി ഉറപ്പുനൽകുന്നു എന്നത് പ്രതിഷേധങ്ങൾക്ക് ശേഷം കർഷകർക്ക് ആശ്വാസമായി.
സർക്കാരിന്റെ തീരുമാനത്തെ തുടർന്ന് ഷുഗർ മില്ലുകൾ അധിക തുക കർഷകർക്ക് നൽകേണ്ടിവരും. വിപണിയിൽ ഷുഗർ ഓഹരികളെ പ്രാഥമികമായി വലക്കുന്നത് ഈ ഘടകമാണ്. ഇൻട്രാഡേയിൽ ബജാജ് ഷുഗർ ഓഹരികൾ 5 ശതമാനത്തിലധികം ഇടിവ് നേരിട്ടു 35.80 രൂപയിലെത്തി. മാർക്കറ്റ് ക്യാപ് അടിസ്ഥാനത്തിൽ മുൻനിര കമ്പനികളായ ഇഐഡി പാരി, ശ്രീ രേണുക ഓഹരികൾ 1 ശതമാനത്തിൽ അധികം ഇടിവ് നേരിട്ടു. അതെ സമയം കഴിഞ്ഞ ഒരു മാസത്തിനിടയിൽ 49% നേട്ടം ബജാജ് ഷുഗർ ഓഹരികൾ നൽകിയിരുന്നു. ശക്തി ഷുഗേഴ്‌സ് 40% മുന്നേറ്റം സമാന കാലയളവിൽ നൽകി. ദ്വാരികേശ് ഷുഗർ, ധംപുർ ഷുഗർ മിൽസ്, ബാൽരാംപൂർ ചിനി മിൽസ് എന്നീ കമ്പനികൾ കഴിഞ്ഞ ഒരു മാസത്തിനിടെ കാര്യമായ നേട്ടം നൽകിയിരുന്നില്ല.