14 Nov 2022 11:26 AM IST
stock market closing news
മുംബൈ: ആഗോള വിപണിയിലെ പോസിറ്റീവ് മുന്നേറ്റം, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ആഭ്യന്തര ഓഹരികളിലേക്കുള്ള നിക്ഷേപം തുടരുന്നത് എന്നീ ഘടകങ്ങളുടെ പിന്‍ബലത്തില്‍ വിപണി നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. സെന്‍സെക്സ് 92.98 പോയിന്റ് ഉയര്‍ന്ന് 61,888.02 ലും നിഫ്റ്റി 44.4 പോയിന്റ് ഉയര്‍ന്ന് 18,394.10 ലുമാണ് വ്യാപാരം ആരംഭിച്ചത്. എന്നാല്‍, പിന്നീട് വിപണി അസ്ഥിരമാകുന്നതാണ് കാണുന്നത്. രാവിലെ 11 മണിക്ക് സെന്‍സെക്സ് 81.95 പോയിന്റ് താഴ്ന്ന് 61,713.09 ലും, നിഫ്റ്റി 6.10 പോയിന്റ് ഉയര്‍ന്ന് 18,355.80 ലുമാണ് വ്യാപാരം നടത്തുന്നത്.
പവര്‍ഗ്രിഡ്, ടാറ്റ സ്റ്റീല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്സിഎല്‍ ടെക്നോളജീസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അള്‍ട്രടെക് സിമെന്റ് എന്നീ ഓഹരികളാണ് ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയത്. ഡോ റെഡ്ഡീസ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഐടിസി എന്നീ ഓഹരികള്‍ക്ക് നഷ്ടം നേരിട്ടു. ഏഷ്യന്‍ വിപണികളായ സിയോള്‍, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. അമേരിക്കന്‍ വിപണികള്‍ വെള്ളിയാഴ്ച്ച നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
വെള്ളിയാഴ്ച്ച സെന്‍സെക്സ് 1,181.34 പോയിന്റ് ഉയര്‍ന്ന് 61,795.04 ലും, നിഫ്റ്റി 321.50 പോയിന്റ് നേട്ടത്തില്‍ 18,349.70 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.43 ശതമാനം ഉയര്‍ന്ന് 96.40 ഡോളറായി. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വെള്ളിയാഴ്ച്ച 3,958.23 കോടി രൂപ വിലയുള്ള ഓഹരികളിലാണ് നിക്ഷേപം നടത്തിയത്.
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റി വി കെ വിജയകുമാര്‍ പറയുന്നു, 'പുള്‍ ബാക്ക് റാലികള്‍ കൃത്യതയുള്ളതായിരിക്കും. അത് ഇന്നലെയും കൃത്യതയുള്ളതായിരുന്നു. ഈ മുന്നേറ്റം തുടരുമോ? എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. മുന്നേറ്റം നിലനിര്‍ത്താന്‍ ക്രൂഡോയില്‍ വിലയിലുണ്ടാകുന്ന കുറവല്ലാതെ മറ്റ് സാമ്പത്തിക വാര്‍ത്തകളൊന്നുമില്ല.
ഡോളര്‍ ശക്തമായി തുടരുകയാണ്, യുഎസ് ബോണ്ട് വരുമാനവും ആകര്‍ഷകമാണ്, അത് ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ അവരുടെ വില്‍പ്പന തന്ത്രം മാറ്റാനുള്ള സാഹചര്യങ്ങളൊന്നുമില്ല. ഇന്നലെ കുത്തനെ ഉയര്‍ന്ന ലാര്‍ജ് കാപ് ഓഹരികള്‍ അടിസ്ഥാനപരമായി ശക്തമായ ഓഹരികളാണ്. അതിനാല്‍, ഉയര്‍ന്ന നിലവാരമുള്ള ഈ ഓഹരികള്‍ ചെറിയ അളവില്‍ വാങ്ങുക എന്നതാണ് ഇപ്പോഴത്തെ ഏറ്റവും മികച്ച നിക്ഷേപ തന്ത്രം.'
അദ്ദേഹം അഭിപ്രായപ്പെട്ടു.