8 Feb 2023 10:36 AM GMT
ആലസ്യം വിട്ടൊഴിഞ്ഞു വിപണി; സെൻസെക്സ് 60,663-ൽ, മെറ്റലും ഐ ടി-യും നേട്ടത്തിൽ
Mohan Kakanadan
Summary
- അദാനി എന്റർപ്രൈസസ് 20 ശതമാനം ഉയർച്ചയിലാണവസാനിച്ചത്.
- നിഫ്റ്റി മെറ്റൽ 2.62 ശതമാനം നേട്ടം കൈവരിച്ചു.
കൊച്ചി: ആർ ബി ഐ-യുടെ റീപ്പോ നിരക്ക് വര്ധനയെ തുടർന്ന് ഇന്ന് നേട്ടത്തിലാണ് ആഭ്യന്തര വിപണികൾ അവസാനിച്ചത്. സെൻസെക്സ് 377.75 പോയിന്റ് ഉയർന്ന് 60,663.79 ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 150.20 പോയിന്റ് നേട്ടത്തിൽ 17871.70 ൽ എത്തി. ബാങ്ക് നിഫ്റ്റിയാകട്ടെ 46.70 പോയിന്റ് ഉയർന്ന് 41537.65-ലാണ് അവസാനിച്ചത്.
അദാനി ഗ്രൂപ്പ് കമ്പനികൾ മിക്കതും നേട്ടത്തിലായിരുന്നു. അദാനി എന്റർപ്രൈസസ് 20 ശതമാനം ഉയർച്ചയിലാണവസാനിച്ചത്.
നിഫ്റ്റി മെറ്റൽ 2.62 ശതമാനം നേട്ടം കൈവരിച്ചു. ഐ ടി-യും 1.78 ശതമാനം ഉയർന്നു.
നിഫ്റ്റി 50-ലെ 38 ഓഹരികൾ ഉയർന്നപ്പോൾ 12 എണ്ണം താഴ്ചയിലായിരുന്നു.
നിഫ്റ്റിയിൽ ഇന്ന് അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, എച് ഡി എഫ് സി ലൈഫ്, ബജാജ് ഫിനാൻസ്, എസ ബി ഐ ലൈഫ് എന്നിവ നേട്ടം കൈവരിച്ചു. എന്നാൽ, പവർ ഗ്രിഡ്, കോൾ ഇന്ത്യ, ലാർസൺ ആൻഡ് ടൂബ്രോ, ഐഷർ മോട്ടോർസ്, ഹീറോ മോട്ടോകോർപ് എന്നിവ നഷ്ടത്തിലാണ് ഇന്നവസാനിച്ചത്.
ഇന്ന് കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ എഫ് എ സി ടി, കല്യാൺ ജൂവല്ലേഴ്‌സ്, മണപ്പുറം, മുത്തൂറ്റ് ഫിനാൻസ്, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവയൊഴികെ ബാക്കിയെല്ലാം നേട്ടത്തിലാണവസാനിച്ചത്.
റിയാലിറ്റി കമ്പനികളായ പുറവങ്കരയും, ശോഭയും ഉയർന്നപ്പോൾ പി എൻ സി ഇൻഫ്ര നഷ്ടത്തിലായിരുന്നു.
വിനോദ് നായർ, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റിസർച്ച് ഹെഡ് പറയുന്നു: ആർബിഐയുടെ എംപിസി മീറ്റിംഗ് വിപണി പ്രതീക്ഷകൾക്ക് അനുസൃതമായി ചെറിയ നിരക്ക് വർദ്ധന മാത്രം നൽകിയതിനാൽ ബുൾസ് വിപണി ഏറ്റെടുത്തു. 2024 സാമ്പത്തിക വർഷത്തിൽ ഉപഭോക്തൃ പണപ്പെരുപ്പം 5.3 ശതമാനത്തിൽ ജാഗ്രതയോടെ നിലനിർത്തിക്കൊണ്ട് ജി ഡി പി പ്രവചനം വർധിപ്പിച്ചുകൊണ്ട് RBI ആഭ്യന്തര വളർച്ചയിൽ കൂടുതൽ ശുഭാപ്തിവിശ്വാസം പുലർത്തുന്നു. അതിനിടെ, നിക്ഷേപകർ പവലിന്റെ പ്രസംഗം മുഖവിലയ്ക്ക് എടുത്തതിനാൽ ആഗോള വിപണികൾ പ്രതീക്ഷയോടെ വ്യാപാരം നടത്തി..
സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി 157.50 പോയിന്റ് ഉയർന്നാണ് വ്യാപാരം നടത്തുന്നത്. മറ്റു ഏഷ്യൻ വിപണികൾ മിശ്രിതമായിട്ട് അവസാനിച്ചു.
യൂറോപ്യൻ വിപണികളിൽ പാരീസും ഫ്രാങ്ക്ഫർട്ടും ലണ്ടൻ ഫുട്‍സീയും പച്ചയിലാണ് വ്യപാരം ചെയ്യുന്നത്.
ഇന്നലെ യുഎസ് വിപണിയിൽ ഡൗ ജോൺസും എസ് ആൻഡ് പി യും നസ്‌ഡേക്കും ലാഭത്തിലായിരുന്നു.
സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടർന്നു.
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 82.50 ആയി വർധിച്ചു.
അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ 1.06 ശതമാനം ഉയർന്ന് ബാരലിന് 84.58 ഡോളറിലെത്തി നിൽക്കുന്നു.