14 March 2023 11:00 AM GMT
Summary
- തുടർച്ചയായ വിദേശ നിക്ഷേപത്തിന്റെ പിൻ വാങ്ങൽ നിക്ഷേപ താല്പര്യത്തെ സാരമായി ബാധിച്ചു
- ടൈറ്റൻ, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക എന്നിവ ലാഭത്തിലും വ്യാപാരമവസാനിപ്പിച്ചു.
തുടർച്ചയായ നാലാം സെഷനിലും മാറ്റമില്ലാതെ നഷ്ടത്തിൽ അവസാനിച്ച് വിപണി. ഓട്ടോ മൊബൈൽ, ഐ ടി, ധനകാര്യ ഓഹരികളുടെ തകർച്ച മൂലം സെൻസെക്സ് 340 പോയിന്റ് കുറഞ്ഞ് 58,000 നിലയിലും താഴെയാണ് വ്യപാരം അവസാനിപ്പിച്ചത്.
സെൻസെക്സ് 337.66 പോയിന്റ് കുറഞ്ഞ് 57,900.19 ൽ വ്യപാരം അവസാനിപ്പിച്ചപ്പോൾ, നിഫ്റ്റി 111 പോയിന്റ് ഇടിഞ്ഞ് 17,043.30 ലുമാണ് അവസാനിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 57,721.16 ലെത്തിയിരുന്നു.
തുടർച്ചയായ വിദേശ നിക്ഷേപത്തിന്റെ പിൻ വാങ്ങലും, രൂപയുടെ മൂല്യ തകർച്ചയും വിപണിയിലെ നിക്ഷേപ താല്പര്യത്തെ സാരമായി ബാധിച്ചുവെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു.
സെൻസെക്സിൽ എംആൻഎം 3 ശതമാനത്തോളം ഇടിഞ്ഞു. ടിസിഎസ്, ബജാജ് ഫിനാൻസ്, വിപ്രോ, കൊട്ടക് ബാങ്ക്, ടെക്ക് മഹീന്ദ്ര, എച്ച് സിഎൽ ടെക്ക്, ടാറ്റ മോട്ടോർസ് എന്നിവയും നഷ്ടത്തിലായി.
ടൈറ്റൻ, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, എൽ ആൻഡ് ടി എന്നിവ ലാഭത്തിലും വ്യാപാരമവസാനിപ്പിച്ചു.
"ആഗോള വിപണികൾക്കനുസരിച്ച് വിപണിയും അസ്ഥിരമാണ്. ബുധനാഴ്ച വരാനിരിക്കുന്ന യു എസ് പണപ്പെരുപ്പ കണക്കുകളോടുള്ള വിപണിയുടെ പ്രതികരണം അന്നത്തെ ആദ്യ ഘട്ട വ്യപാരത്തിൽ കാണാനാകും," റെലിഗെയർ ബ്രോക്കിംഗ് ലിമിറ്റഡിന്റെ ടെക്‌നിക്കൽ റിസർച്ച് വിപി അജിത് മിശ്ര പറഞ്ഞു.
മാർച്ച് 12 ന് ഉപഭോക്താക്കൾ തുടർച്ചയായി നിക്ഷേപം പിൻ വലിച്ചതിനെ തുടർന്ന് യു എസ് റെഗുലേറ്റർ സിഗ്നേച്ചർ ബാങ്ക് അടച്ചു. ഇതിനു രണ്ട് ദിവസങ്ങൾക്ക് മുൻപ് സമാന അവസ്ഥയിൽ സിലിക്കൺ വാലി ബാങ്കും അടച്ചിരുന്നു.
ഏഷ്യൻ വിപണിയിൽ ഷാങ്ഹായ്, ഹോങ്കോങ്, സിയോൾ എന്നിവ ദുർബലമായി.
ഉച്ച കഴിഞ്ഞുള്ള സെഷനിൽ യൂറോപ്യൻ വിപണികൾ സമ്മിശ്രമായാണ് വ്യാപാരം ചെയ്തിരുന്നത്.
ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 26 പൈസ കുറഞ്ഞ് 82.49 രൂപയായി.
അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 1.56 ശതമാനം കുറഞ്ഞ് ബാരലിന് 79.51 ഡോളറായി.
തിങ്കളാഴ്ച വിദേശ നിക്ഷേപകർ 1,546.86 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
മൊത്ത വ്യാപാര വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഫെബ്രുവരിയിൽ 3.85 ശതമാനമായി കുറഞ്ഞു. നിർമിത ഉത്പന്നങ്ങളുടെയും, ഇന്ധനം മുതലായവയുടെ വിലയിലുണ്ടായ കുറവാണു കാരണം.
റീട്ടെയിൽ പണപ്പെരുപ്പം ഫെബ്രുവരിയിൽ 6.44 ശതമാനമായി, എങ്കിലും തുടർച്ചയായ രണ്ടാം മാസവും ഇത് ആർ ബി ഐയുടെ സഹന പരിധിക്ക് മുകളിൽ തന്നെയാണ്.