9 Dec 2022 5:37 AM GMT
ലിസ്റ്റ് വില 1950 രൂപ, വിപണി വില 508, ഒരു വര്‍ഷത്തിന് ശേഷം പേടിഎം ഓഹരികള്‍ തിരിച്ചു വാങ്ങുന്നു
MyFin Desk
ഡിജിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയായ പേടിഎം കമ്പനിയുടെ ഓഹരികള്‍ തിരിച്ചു വാങ്ങുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്നതിനുള്ള യോഗം ഡിസംബര്‍ 13 ന് ചേരും. അവസാനം പുറത്തു വിട്ട വരുമാന റിപ്പോര്‍ട്ട് പ്രകാരം പേടി എമ്മിന് 9,182 കോടി രൂപയുടെ പണ ലഭ്യതയാണ് ഉള്ളത്. ആസ്തി പണമാക്കി മാറ്റാനുള്ള കമ്പനിയുടെ കഴിവിനെ അടിസ്ഥാനമാക്കിയാണ് പണ ലഭ്യത അളക്കുന്നത്.
പൂര്‍ണ്ണമായി പണമടച്ച ഓഹരികള്‍ തിരികെ വാങ്ങുന്നതിനുള്ള നിര്‍ദ്ദേശം തിങ്കളാഴ്ച നടക്കാനിരിക്കുന്ന യോഗത്തില്‍ പരിഗണിക്കുമെന്ന് കമ്പനി ബിഎസ്ഇയില്‍ അറിയിച്ചു. കഴിഞ്ഞ പാദത്തില്‍ കമ്പനിയുടെ വരുമാനം 1,914 കോടി രൂപയായിരുന്നു. ഓഹരികള്‍ തിരികെ വാങ്ങുന്നത് ഓഹരി ഉടമകള്‍ക്ക് ഗുണം ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കി. അടുത്ത 12 -18 മാസത്തിനുള്ളില്‍ പണമൊഴുക്ക് വര്‍ധിക്കുമെന്ന് കമ്പനി കണക്കാക്കുന്നു.
2021 നവംബറിലാണ് പേടിഎം വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ഓഹരി ഒന്നിന് 2,150 രൂപയ്ക്ക് വിപണിയില്‍ അലോട്ട് ചെയ്ത ഓഹരി 1,950 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ മാസം ഓഹരി വില 441 രൂപയിലേക്കെത്തി എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞിരുന്നു. വ്യാഴാഴ്ച 0.28 ശതമാനം നേട്ടത്തില്‍ 508.4 രൂപയിലാണ് വ്യാപാരമവസാനിപ്പിച്ചത്.