20 Sep 2023 6:45 AM GMT
Summary
- ടാര്‍ഗറ്റ് വില വെട്ടിക്കുറച്ച് സിറ്റിയും ജെഫറീസും
- ഇന്ന് എച്ച്ഡിഎഫ്‍സി ബാങ്ക് ഓഹരികള്‍ക്ക് 4 ശതമാനത്തോളം ഇടിവ്
വിദേശ ബ്രോക്കിംഗ് സ്ഥാപനമായ നോമുറ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖല ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ റേറ്റിംഗ് 'ന്യൂട്രല്‍' എന്നതിലേക്ക് താഴ്ത്തി. എച്ച്ഡിഎഫ്‍സി-യുമായുള്ള ലയനത്തിനു ശേഷമുള്ള സ്ഥാപനത്തിന്‍റെ വിശദാശങ്ങള്‍ വിവരിക്കുന്നതിന് ബാങ്ക് ഒരു അനലിസ്റ്റ് കോള്‍ നടത്തിയതിന് പിന്നാലെയാണ് റേറ്റിഗില്‍ മാറ്റം വരുത്തിയിരിത്തുന്നത്. ലയനത്തിനു ശേഷമുള്ള അക്കൗണ്ടിംഗ് ക്രമീകരണങ്ങള്‍ കാരണം, സംയോജിത സ്ഥാപനത്തിന്‍റെ ബുക്ക് മൂല്യം എന്നത് എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ സ്റ്റാൻഡ്‌ലോൺ ബുക്ക് മൂല്യത്തേക്കാൾ കുറവായിരിക്കും. ഇത് മറ്റ് ബ്രോക്കറേജ് സ്ഥാപനങ്ങളെയും എച്ച്ഡിഎഫ്‍സി ബാങ്ക് ഓഹരികളുടെ ടാര്‍ഗറ്റ് വില വെട്ടിക്കുറയ്ക്കുന്നതിലേക്ക് നയിച്ചു.
ബുക്ക് വാല്യുവിലുണ്ടാകുന്ന ഇടിവ് സംയോജിത സ്ഥാപനത്തിന്‍റെ ഓഹരി മൂല്യത്തില്‍ 23 രൂപയുടെ കുറവിന് ഇടയാക്കുമെന്നാണ് നോമുറ കണക്കാക്കുന്നത്. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ടാർഗെറ്റ് വില നോമുറ നേരത്തേ നിശ്ചയിച്ചിരുന്ന 1,920 രൂപയിൽ നിന്ന് 1,800 രൂപയായി കുറച്ചു. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ സെപ്റ്റംബർ 18ലെ ക്ലോസിംഗ് വിലയേക്കാൾ 10 ശതമാനം ഉയർന്നതാണ് നിലവിലെ ടാർഗെറ്റ് വില.
എച്ച്‌ഡിഎഫ്‌സി ലിമിറ്റഡിന്റെ അടുത്ത രണ്ടു മൂന്ന് പാദങ്ങളിലെ അറ്റ പലിശ മാർജിനുകൾ (എൻഐഎം) സമ്മർദ്ദം അനുഭവിക്കുമെന്ന് ബ്രോക്കിംഗ് സ്ഥാപനം വിലയിരുത്തുന്നു. ലയനത്തിനു ശേഷമുള്ള അധിക ദ്രവ്യത മൂലമാണ് ഇത് പ്രധാനമായും സംഭവിക്കുന്നത്. ആദ്യ പാദത്തിലെ 2.7 ശതമാനത്തിൽ നിന്ന് എന്‍ഐഎം രണ്ടാംപാദത്തില്‍ 2 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു.
ടാര്‍ഗറ്റ് വില താഴ്ത്തി സിറ്റിയും ജെഫറീസും
എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ 'ബയ് റേറ്റിംഗ്' സിറ്റി നിലനിർത്തിയിട്ടുണ്ട്, പക്ഷേ ടാർഗറ്റ് വില 2,110 രൂപയായി കുറച്ചു. സ്ഥാപനത്തിന്‍റെ വ്യക്തിഗതമല്ലാത്ത നിഷ്ക്രിയാസ്തി മാർച്ചിലെ 3.7 ശതമാനത്തിൽ നിന്ന് ജൂണിൽ 6.7 ശതമാനമായി പുനഃക്രമീകരിച്ചതായി ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാണിക്കുന്നു.
എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ 'ബയ് റേറ്റിംഗ്' ജെഫറീസും നിലനിർത്തിയിട്ടുണ്ട്, എന്നാൽ ഒരു ഷെയറിന്‍റെ ടാർഗെറ്റ് വില 2,030 രൂപയായി താഴ്ത്തി. നിഷ്ക്രിയാസ്തിയില്‍ ഉണ്ടായ വര്‍ധന തന്നെയാണ് ജെഫറീസും ചൂണ്ടിക്കാണിക്കുന്നത്.
ഇന്ന് രാവിലെ 9:30 ന്, എച്ച്‌ഡിഎഫ്‌സി ബാങ്ക് സ്റ്റോക്ക് 3.13 ശതമാനം ഇടിഞ്ഞ് 1,578.05 രൂപയിലേക്ക് എത്തി. ഉച്ചയ്ക്ക് 12 .10 ലെ നില അനുസരിച്ച് ഏകദേശം 4 ശതമാനം ഇടിവോടെ 1,564.25 രൂപയിലാണ് ഈ ഓഹരിയുള്ളത്.