image

10 Feb 2023 2:15 AM GMT

Stock Market Updates

ദിശാസൂചനകളില്ലാതെ വിപണി; സിംഗപ്പൂർ തുടക്കം താഴ്ചയിൽ

Mohan Kakanadan

Stock Trading | Expert Intra-Day Stock Tips Oct 4
X

Summary

  • വ്യാഴാഴ്ച ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ -205.25 കോടി രൂപക്കും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -144.73 കോടി രൂപക്കും അധികം വില്പന നടത്തി.
  • ഐആർസിടിസി-യുടെ അറ്റാദായം മൂന്നാം പാദത്തിൽ 22.8 ശതമാനം വർധിച്ച് 256 കോടി രൂപ


കൊച്ചി: ഇന്നലെ രണ്ടാം ദിവസവും നേട്ടത്തിലാണ് ആഭ്യന്തര വിപണികൾ അവസാനിച്ചത്. സെൻസെക്സ് 142.43 പോയിന്റ് ഉയർന്ന് 60,806.22 ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 21.75 പോയിന്റ് നേട്ടത്തിൽ 17893.45 ൽ എത്തി. ബാങ്ക് നിഫ്റ്റിയാകട്ടെ 16.65 പോയിന്റ് ഉയർന്ന് 41554.30-ലാണ് അവസാനിച്ചത്.

സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്ന് രാവിലെ 7.45 ന് -91.50 പോയിന്റ് താഴ്ന്നാണ് വ്യാപാരം നടക്കുന്നത്.

ഇന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എബിബി ഇന്ത്യ, പിബി ഫിൻടെക്, അബോട്ട് ഇന്ത്യ, ആൽകെം ലബോറട്ടറീസ്, അശോക ബിൽഡ്‌കോൺ, അസ്‌ട്രാസെനെക്ക ഫാർമ, ബിഇഎംഎൽ, ഭെൽ, ദിലീപ് ബിൽഡ്‌കോൺ, ഡൽഹിവെരി, ഇഐഎച്ച്, ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ്, ജെകെ ലക്ഷ്മി സിമന്റ്, കെഫിൻ ടെക്‌നോളജീസ് , മെട്രോപോളിസ് ഹെൽത്ത് കെയർ, നൽക്കോ, ഇൻഫോ എഡ്ജ് ഇന്ത്യ, ഓയിൽ ഇന്ത്യ തുടങ്ങിയ മുൻനിര കമ്പനികളുടെ പാദ ഫലങ്ങൾ പുറത്തുവരുന്നുണ്ട്.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇ കണക്കുകൾ പ്രകാരം വ്യാഴാഴ്ച (ഫെബ്രുവരി 9) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ -205.25 കോടി രൂപക്കും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -144.73 കോടി രൂപക്കും അധികം വില്പന നടത്തി.

ലോക വിപണി

ജപ്പാൻ നിക്കേ (+137.14) ഒഴികെ എല്ലാ ഏഷ്യൻ വിപണികളും ഇന്ന് ഇടിവിലാണ് ആരംഭിച്ചിട്ടുള്ളത്.

ഇന്നലെ യുഎസ് സൂചികകളെല്ലാം താഴ്ചയിലായിരുന്നു. ഡൗ ജോൺസ്‌ -249.13 പോയിന്റും എസ് ആൻഡ് പി 500 -36.36 പോയിന്റും നസ്‌ഡേക് -120.94 പോയിന്റും താഴ്ചയിൽ അവസാനിച്ചു.

എന്നാൽ, യൂറോപ്പിൽ സൂചികകൾ നേട്ടം കൈവരിച്ചു. പാരീസ് യുറോനെക്സ്റ്റ് (68.53), ലണ്ടൻ ഫുട്‍സീ (25.98) ഫ്രാങ്ക്ഫർട് ഡി എ എക്സ് (111.37) എന്നിവ ഉയർന്നു.

ശ്രദ്ധിക്കേണ്ട ഓഹരികൾ

പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ (ഓഹരി വില: 613.15 രൂപ) അറ്റാദായം 2022 ഡിസംബറിൽ അവസാനിച്ച മൂന്ന് മാസങ്ങളിൽ 8,334.2 കോടി രൂപയായി ഉയർന്നു, ഒരു വർഷം മുമ്പ് അത് വെറും 235 കോടി രൂപയായിരുന്നു.

അദാനി പവറിന്റെ (ഓഹരി വില: 172.90 രൂപ) അറ്റാദായം ഡിസംബർ പാദത്തിൽ 96 ശതമാനം ഇടിഞ്ഞു മുൻവർഷം ഇതേ കാലയളവിൽ ഉണ്ടായിരുന്ന 218.5 കോടി രൂപയിൽ നിന്നും 8.7 കോടി രൂപയിലേക്ക് കൂപ്പു കുത്തി.

ഡിസംബർ പാദത്തിൽ അദാനി വിൽമറിന്റെ (ഓഹരി വില:439.70 രൂപ) കൺസോളിഡേറ്റഡ് അറ്റാദായം 15 ശതമാനം വർധിച്ച് 246.11 കോടി രൂപയായി.

നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ശ്രീ സിമന്റിന്റെ (ഓഹരി വില: 23199.80 രൂപ) കൺസോളിഡേറ്റഡ് അറ്റാദായം 41.61 ശതമാനം ഇടിഞ്ഞ് 281.83 കോടി രൂപയായി.

ഡിസംബറിൽ അവസാനിച്ച പാദത്തിൽ, ടയർ നിർമാതാക്കളായ എംആർഎഫ്ന്റെ (ഓഹരി വില: 88813.05 രൂപ) അറ്റാദായം 17 ശതമാനം വർധിച്ച് 174.83 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 149.39 കോടി രൂപയായിരുന്നു.

ഇന്ത്യൻ റെയിൽവേയുടെ ഭാഗമായ ഐആർസിടിസി-യുടെ (ഓഹരി വില: 651.45 രൂപ) അറ്റാദായം നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ 22.8 ശതമാനം വർധിച്ച് 256 കോടി രൂപയായി.

ആദിത്യ ബിർള ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ ഹിൻഡാൽകോയുടെ (ഓഹരി വില: 444.55 രൂപ) മൂന്നാം പാദ ലാഭം 62.9 ശതമാനം ഇടിഞ്ഞു 1,362 കോടി രൂപയായി.

തുടർച്ചയായ രണ്ട് പാദങ്ങളിലെ നഷ്ടത്തിന് ശേഷം, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (ഓഹരി വില: 232.45 രൂപ)) 2022 ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ 17 2.43 കോടി രൂപ അറ്റാദായം റിപ്പോർട്ട് ചെയ്തു.

സുസ്ലോൺ എനർജിയുടെ (ഓഹരി വില: 9.20 രൂപ) 2022 ഡിസംബർ പാദത്തിലെ ഏകീകൃത അറ്റാദായം ഇരട്ടിയിലധികം വർധിച്ച് 78.28 കോടി രൂപയായി.

എയർ കണ്ടീഷനിംഗ്, എഞ്ചിനീയറിംഗ് സേവന ദാതാക്കളായ വോൾട്ടാസ് ലിമിറ്റഡ് (ഓഹരി വില: 824.55 രൂപ) 2022 ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 110.49 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി.

എഞ്ചിനീയറിംഗ് കമ്പനിയായ ഗ്രീവ്സ് കോട്ടൺ (ഓഹരി വില: 137.20 രൂപ) മോഷൻ-കൺട്രോൾ സിസ്റ്റംസ് പ്ലെയർ ആയ എക്സൽ കൺട്രോളിങ്കേജിലെ മുഴുവൻ ഓഹരികളും 385 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു.

കൽപ്പതരു പവർ ട്രാൻസ്മിഷന്റെ (ഓഹരി വില: 137.20 രൂപ) ത്രൈമാസ വിൽപ്പന 2.96 ശതമാനം ഉയർന്ന് 4,004.00 കോടി രൂപയായി; എന്നാൽ, അറ്റാദായം 2021 ഡിസംബറിലെ 270.00 കോടിയിൽ നിന്നും 56.3 ശതമാനം കുറഞ്ഞു 118.00 കോടി രൂപയിലെത്തി.

യുഎസ് ഡോളർ = 82.51 രൂപ (-3 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ ഫ്യൂച്ചേഴ്‌സ് (ബാരലിന്) 85.25 ഡോളർ (+0.19%)

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,290 രൂപ (+15 രൂപ)

ബിറ്റ് കോയിൻ = 18,94,810 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.36 ശതമാനം താഴ്ന്ന് 103.03 ആയി.