31 Oct 2023 4:00 PM IST
Summary
- ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം കുതിച്ചുയര്‍ന്നു
- ആഗോള ഘടകങ്ങള്‍ നിയന്ത്രണാതീതം, ശ്രദ്ധ നല്‍കുന്നത് കോര്‍പ്പറേറ്റ് വരുമാനങ്ങളില്‍
നാഷണല്‍ സ്‍റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ബെഞ്ച്മാർക്ക് നിഫ്റ്റി 50 സൂചിക അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇരട്ടിയായി ഉയരുമെന്നും 10 വര്‍ഷത്തിനുള്ളില്‍ 4 മടങ്ങ് വർധന പ്രതീക്ഷിക്കുന്നുവെന്നും മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് ചെയർമാനും സഹസ്ഥാപകനുമായ രാംദിയോ അഗർവാൾ. ബിസിനസ് സ്റ്റാൻഡേർഡ് സംഘടിപ്പിച്ച ബിഎഫ്‌എസ്‌ഐ ഇൻസൈറ്റ് ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഇന്ത്യ ഇപ്പോൾ വ്യത്യസ്തമായ ഒരു ചക്രത്തിലാണ്, അവിടെ നമ്മൾ കോർപ്പറേറ്റ് പുരോഗതി കാണുന്നു. ജൂലൈ- സെപ്റ്റംബർ പാദത്തിലെ ഇതുവരെ പുറത്തുവന്ന ഫലങ്ങളുടെ അടിസ്ഥാനത്തില്‍, മൊത്തം കോര്‍പ്പറേറ്റ് വരുമാനം 32 ശതമാനം വര്‍ധിച്ചു. ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്ന 26 ശതമാനത്തേക്കാള്‍ ഏറെ മെച്ചപ്പെട്ടതാണിത്. നിഫ്റ്റി സൂചിക അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇരട്ടിയാവുകയും 10 വർഷത്തിനുള്ളിൽ 4 മടങ്ങ് ഉയരുകയും ചെയ്യും," അഗർവാൾ പറഞ്ഞു.
ചരക്കുകള്‍ക്കായുള്ള ചെലവ് കുറയുന്നു, വരുമാന വളർച്ചയെക്കാൾ ഇതാണ് ഈ വർഷത്തെ വോളിയം വളർച്ചയ്ക്ക് കാരണമാകുന്നതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. എല്ലാ വിപണികളും വെല്ലുവിളികൾ നേരിടുന്നുണ്ട്. ആഗോള ഘടകങ്ങളെ നമുക്ക് നിയന്ത്രിക്കാനാകുന്നില്ല, പക്ഷേ, നമ്മള്‍ക്ക് നിയന്ത്രണമുള്ളത് വരുമാന വളർച്ചയിലാണ്. അതിനാല്‍ 90 ശതമാനം സമയവും കോർപ്പറേറ്റ് വരുമാനത്തിലാണ് തങ്ങല്‍ ശ്രദ്ധ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"ഇന്ത്യൻ നിക്ഷേപകർക്കായി സമ്പത്ത് ഉൽപ്പാദിപ്പിക്കാനുള്ള അപാരമായ സാധ്യതയുള്ളതിനാൽ ഇക്വിറ്റികളാണ് മുന്നോട്ടുള്ള ഏക വഴിയെന്ന് അഗർവാൾ വിശ്വസിക്കുന്നു. ഇന്ത്യ 10-12 ട്രില്യൺ ഡോളർ മൂല്യമുള്ള മൊത്തം സമ്പാദ്യത്തിനു മേല്‍ ഇരിക്കുകയാണ്. ഈ സംഖ്യ 25 വർഷത്തിനുള്ളിൽ 100-150 ട്രില്യൺ ഡോളറായി വളരാൻ സാധ്യതയുണ്ട്. ഒരു ഘട്ടത്തിൽ വിപണികളിലേക്ക് ഈ മൂല്യം എത്തപ്പെടും," അഗർവാൾ പറഞ്ഞു.
ഇന്ത്യയിലെ മൊത്തം ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം കോവിഡിന് മുമ്പുള്ള കാലത്ത് 3 ദശലക്ഷം മാത്രമായിരുന്നു എങ്കില്‍ ഇപ്പോഴത് 130 ദശലക്ഷത്തിലെത്തി.ഈ സംഖ്യ 10 വർഷത്തിനുള്ളിൽ 500 ദശലക്ഷമായി വളരാൻ സാധ്യതയുണ്ട്. ഇന്ത്യ ഇക്വിറ്റികളുടെ സുനാമിയിൽ ഇരിക്കുകയാണെന്ന് വിശ്വസിക്കുന്നതായും അഗർവാൾ കൂട്ടിച്ചേർത്തു.