15 Feb 2023 11:00 AM GMT
Summary
- നിഫ്റ്റി ഐ ടീയും റീയൽറ്റിയും ഒരു ശതമാനത്തിലധികം ഉയർന്നപ്പോൾ ഫാർമയും എഫ് എം സി ജി-യും താഴ്ന്നു.
- റിയാലിറ്റി കമ്പനികളിൽ പി എൻ സി ഇൻഫ്രാ നേട്ടത്തിലായപ്പോൾ പുറവങ്കര, ശോഭ എന്നിവയെല്ലാം നേരിയ തോതിൽ ഇടിഞ്ഞു.
കൊച്ചി: ആഭ്യന്തര വിപണികൾ ഇന്ന് തുടർച്ചയായി രണ്ടാം ദിവസം നേട്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 242.83 പോയിന്റ് ഉയർന്ന് 61,275.09 ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 86.00 പോയിന്റ് നേട്ടത്തിൽ 18015.85 ൽ എത്തി. ബാങ്ക് നിഫ്റ്റിയാകട്ടെ 87.70 പോയിന്റ് ഉയർന്ന് 41,731.35-ലാണ് അവസാനിച്ചത്.
നിഫ്റ്റി ഐ ടീയും റീയൽറ്റിയും ഒരു ശതമാനത്തിലധികം ഉയർന്നപ്പോൾ ഫാർമയും എഫ് എം സി ജി-യും താഴ്ന്നു.
നിഫ്റ്റി 50-ലെ 37 ഓഹരികൾ ഉയർന്നപ്പോൾ 13 എണ്ണം താഴ്ചയിലായിരുന്നു.
നിഫ്റ്റിയിൽ ഇന്ന് ടേക് മഹിന്ദ്ര, ഐഷർ മോട്ടോർസ്, റിലയൻസ്, അദാനി എന്റർപ്രൈസസ്, എസ് ബി ഐ ലൈഫ് എന്നിവ നേട്ടം കൈവരിച്ചു. എന്നാൽ, ഹിന്ദുസ്ഥാൻ യൂണി ലിവർ, സൺ ഫാർമ, ഐ ടി സി, ലാര്സണ് ആൻഡ് ടൂബ്രോ, ഓ എൻ ജി സി എന്നിവ കനത്ത നഷ്ടം രേഖപ്പെടുത്തി.
ഇന്ന് കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ആസ്റ്റർ ഡി എം, സി എസ് ബി ബാങ്ക്, ജിയോജിത്, കല്യാൺ ജൂവല്ലേഴ്‌സ്, മുത്തൂറ്റ് ക്യാപ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വി ഗാർഡ് എന്നിവ ഒഴിച്ച് ബാക്കിയെല്ലാം ചുവപ്പിലാണവസാനിച്ചത്.
റിയാലിറ്റി കമ്പനികളിൽ പി എൻ സി ഇൻഫ്രാ നേട്ടത്തിലായപ്പോൾ പുറവങ്കര, ശോഭ എന്നിവയെല്ലാം നേരിയ തോതിൽ ഇടിഞ്ഞു.
ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റിസർച്ച് ഹെഡ് വിനോദ് നായർ പറഞ്ഞു: യുഎസിലെ പണപ്പെരുപ്പം മുൻ മാസത്തെ അപേക്ഷിച്ച് കുറഞ്ഞെങ്കിലും പ്രതീക്ഷിച്ചതിലും ഉയർന്ന് 6.4 ശതമാനത്തിൽ എത്തി. ഉയർന്ന പണപ്പെരുപ്പവും, ശക്തമായ തൊഴിൽ വിപണിയും കൂടിച്ചേർന്ന്, ഫെഡറൽ ദീർഘകാലത്തേക്ക് പ്രതിസന്ധിയിൽ തുടരുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ആഭ്യന്തര വിപണിയിൽ ആദ്യം മന്ദഗതിയിലായിരുന്നെങ്കിലും, ഐടി, വാഹന മേഖലകളിലെ വീണ്ടെടുക്കൽ പോസിറ്റീവ് ഫിനിഷിനു കാരണമായി. എഫ്‌ഐഐ പാറ്റേണിൽ നെറ്റ് വാങ്ങലിലേക്ക് മാറിയതും ആഭ്യന്തര വിപണിയിൽ ശുഭാപ്തിവിശ്വാസം നിലനിർത്താൻ സഹായിച്ചു.
സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി 93.00 പോയിന്റ് ഉയർച്ചയിലാണ് വ്യാപാരം നടക്കുന്നത്. എന്നാൽ, മറ്റ് ഏഷ്യൻ വിപണികൾ എല്ലാം താഴ്ചയിൽ അവസാനിച്ചു.
യൂറോപ്യൻ വിപണികളിൽ പാരീസും ഫ്രാങ്ക്ഫർട്ടും ഇന്നും നേട്ടത്തോടെയാണ് തുടക്കം. ലണ്ടൻ ഫുട്‍സീ ചുവപ്പിലാണ്.
ഇന്നലെ യുഎസ് വിപണിയിൽ ഡൗ ജോൺസും എസ് ആൻഡ് പി യും ഉയർച്ചയിൽ അവസാനിച്ചിപ്പോൾ നസ്‌ഡേക്ക് ഇടിഞ്ഞിരുന്നു.
സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് മാറ്റമില്ലാതെ തുടർന്ന്. ഇന്നലെ 22 കാരറ്റ് പവന് 80 രൂപ കുറഞ്ഞ് 41,920 രൂപയായിരുന്നു.
ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 13 പൈസ വര്‍ധിച്ച് 82.57ല്‍ എത്തി.
ക്രൂഡ് ഓയിൽ 0.85 ശതമാനം ഇടിഞ്ഞ് ലിറ്ററിന് 84.73 രൂപയായി.