image

4 Sept 2023 8:30 AM

Equity

12% കയറി 52 ആഴ്ചയിലെ ഉയരം തൊട്ട് നസറ ടെക്നോളജീസ്

MyFin Desk

nazara technologies
X

സെരോദ-യുടെ സ്ഥാപകരായ നിഖിൽ കാമത്തിനും നിതിൻ കാമത്തിനും 100 കോടി രൂപയുടെ ഓഹരികൾ നൽകാൻ കമ്പനിയുടെ ബോർഡ് അനുമതി നൽകിയതിന്‍റെ പശ്ചാത്തലത്തില്‍ ഇന്ന് നസറ ടെക്‌നോളജീസിന്‍റെ ഓഹരി വില കുതിച്ചുയര്‍ന്ന് 52 ​​ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഒരു ഘട്ടത്തില്‍ ബിഎസ്ഇയിൽ 12.46 ശതമാനം ഉയർന്ന് 853.80 രൂപയിലെത്തിയ നസറ ടെക്നോളജീസ് ഉച്ചയ്ക്ക് 1.28നുള്ള നില അനുസരിച്ച് 9.03 ശതമാനം ഉയര്‍ച്ചയോടെ 828.15 രൂപയിലാണ്.

ഒരു ഇക്വിറ്റി ഷെയറിന് 714 രൂപ എന്ന നിരക്കിൽ 4 രൂപ മുഖവിലയുള്ള 14,00,560 ഇക്വിറ്റി ഓഹരികൾ എം/എസ് കാമത്ത് അസോസിയേറ്റ്‌സ് & എം/എസ് എൻകെസ്‌ക്വയേഡിന് നല്‍കാന്‍ ഡയറക്റ്റര്‍ ബോര്‍ഡ് അനുമതി നല്‍കിയതായി റെഗുലേറ്ററി ഫയലിംഗില്‍ ഗെയിമിംഗ്-സ്പോര്‍ട്‍സ് പ്ലാറ്റ്‍ഫോമായ നസറ ടെക്നോളജീസ് വ്യക്തമാക്കി. ഓഹരിയുടമകളുടെ അംഗീകാരത്തിനും റെഗുലേറ്ററി അംഗീകാരങ്ങൾക്കും വിധേയമായിട്ടാകും ഇത് നടപ്പാക്കുക.

"ഇന്ത്യയിലെ ഗെയിമിംഗ് വരും വർഷങ്ങളിൽ ശക്തമായ വളർച്ചയ്ക്ക് ഒരുങ്ങുകയാണ്, അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് അനുയോജ്യമായ വൈവിധ്യപൂർണ്ണവും ലാഭകരവുമായ ഗെയിമിംഗ് പ്ലാറ്റ്‍ഫോം നസറ നിർമ്മിച്ചിട്ടുണ്ട്," കാമത്ത് അസോസിയേറ്റ്‌സ് & എൻകെസ്‌ക്വയേർഡിന്റെ പങ്കാളിയായ നിഖിൽ കാമത്ത് പറഞ്ഞു. 2.1 ശതമാനം ഓഹരി വിഹിതമാണ് ഇടപാടിലൂടെ സെരോദ സ്ഥാപകര്‍ക്ക് ലഭിക്കുന്നത്.