image

6 Aug 2023 8:30 AM GMT

Equity

7 ടോപ് 10 കമ്പനികളുടെ മൊത്തം നഷ്ടം 1 ലക്ഷം കോടിക്ക് മേല്‍; വന്‍ നഷ്ടം എസ്ബിഐക്ക്

MyFin Desk

total loss of 7 top 10 companies over rs 1 lakh crore
X

Summary

  • മൂല്യത്തില്‍ ഐടിസി ഏഴാം സ്ഥാനത്തും എസ്‍ബിഐ എട്ടാം സ്ഥാനത്തും
  • നേട്ടമുണ്ടാക്കിയത് ടിസിഎസും ഇന്‍ഫോസിസും എച്ച്‍ഡിഎഫ്‍സി ബാങ്കും
  • എസ്‍ബിഐ ആദ്യപാദ ഫലം വിപണിയുടെ പ്രതീക്ഷക്കൊപ്പം എത്തിയില്ല


ആഭ്യന്തര വിപണിയിലെ ഇടിവിനിടെ, കഴിഞ്ഞയാഴ്ച ഏറ്റവും മൂല്യമുള്ള 10 കമ്പനികളിൽ ഏഴിന്‍റെയും വിപണി മൂല്യം ഇടിഞ്ഞു. മൊത്തം 1,09,947.86 കോടി രൂപയുടെ ഇടിവാണ് ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് എം ക്യാപില്‍ ഏറ്റവും വലിയ നഷ്ടം നേരിട്ടത്. കഴിഞ്ഞയാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 438.95 പോയിന്റ് അഥവാ 0.66 ശതമാനം ഇടിഞ്ഞു.

റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ് എന്നിവയാണ് കഴിഞ്ഞയാഴ്ച ഇടിവ് നേരിട്ട ടോപ് 10 കമ്പനികള്‍.

ഇടിവിന്‍റെ കണക്ക് ഇങ്ങനെ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂല്യം 38,197.34 കോടി രൂപ ഇടിഞ്ഞ് 5,11,603.38 കോടി രൂപയായി. കമ്പനിയുടെ ആദ്യ പാദ വരുമാനം നിക്ഷേപകരുടെ പ്രതീക്ഷക്കൊത്ത് എത്താതിരുന്നതിനെ തുടര്‍ന്ന് എസ്‍ബിഐ ഓഹരികൾ വെള്ളിയാഴ്ച ഏകദേശം 3 ശതമാനം ഇടിഞ്ഞു.

ഐസിഐസിഐ ബാങ്കിന്റെ എംക്യാപ് 17,201.84 കോടി രൂപ ഇടിഞ്ഞ് 6,79,293.90 കോടി രൂപയായി. ഐടിസിയുടെ മൂല്യം 16,846.18 കോടി രൂപ കുറഞ്ഞ് 5,66,886.01 കോടി രൂപയായും ബജാജ് ഫിനാൻസിന്‍റെത് 14,366.34 കോടി രൂപ ഇടിഞ്ഞ് 4,32,932.18 കോടി രൂപയായും മാറി.

റിലയൻസ് ഇൻഡസ്ട്രീസിന്റെ മൂല്യം 11,806 കോടി രൂപ കുറഞ്ഞ് 16,98,270.74 കോടി രൂപയായപ്പോള്‍ ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ മൂല്യം 9,069.42 കോടി രൂപ കുറഞ്ഞ് 5,98,299.92 കോടി രൂപയിലെത്തി. ഭാരതി എയർടെല്ലിന്റെ എം ക്യാപ് 2,460.74 കോടി രൂപ കുറഞ്ഞ് 4,97,908.56 കോടി രൂപയായി.

നേട്ടത്തിന്‍റെ കണക്ക് ഇങ്ങനെ

എന്നിരുന്നാലും, ടിസിഎസിന്റെ വിപണി മൂല്യം 31,815.45 കോടി രൂപ ഉയർന്ന് 12,59,555.25 കോടി രൂപയായി. ഇൻഫോസിസ് 15,791.49 കോടി രൂപ കൂട്ടിച്ചേര്‍ത്തതോടെ മൂല്യം 5,72,062.52 കോടി രൂപയായി. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ മൂല്യം 7,080.63 കോടി രൂപ ഉയർന്ന് 12,47,403.26 കോടി രൂപയായി.

റിലയൻസ് ഇൻഡസ്ട്രീസ് രാജ്യത്തെ ഏറ്റവും മൂല്യമുള്ള സ്ഥാപനമായി തുടർന്നു, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, ഐടിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ് എന്നിവയാണ് യഥാക്രമം തൊട്ടുപിന്നിലുള്ള സ്ഥാനങ്ങളില്‍.