13 Feb 2023 5:09 AM GMT
Summary
- ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, വിപ്രോ എന്നിവയുൾപ്പെടെ മിക്ക ഐടി ഓഹരികളും രാവിലെ സെഷനിൽ ഇടിഞ്ഞു.
- ബ്രെന്റ് ക്രൂഡിന്റെ കുതിച്ചുചാട്ടം.ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ്,
മുംബൈ: ആഴ്ചയുടെ തുടക്കത്തിൽ അസ്ഥിരമായി തുടങ്ങി വിപണി. ഏഷ്യൻ വിപണികളിലെ സമ്മിശ്രമായ പ്രവണതയെ തുടർന്ന് സെൻസെക്‌സും നിഫ്റ്റിയും ഇടിയുന്ന സാഹചര്യമാണ് വിപണിയിൽ കാണുന്നത്.
പ്രാരംഭ ഘട്ടത്തിൽ സെൻസെക്സ് 196.61 പോയിന്റ് നഷ്ടത്തിൽ 60,486.09 ലെത്തിയപ്പോൾ നിഫ്റ്റി 38.50 പോയിന്റ് താഴ്ന്ന് 17,818 ലുമെത്തി.
10 .30 ന് സെൻസെക്സ് 253.90 പോയിന്റ് നഷ്ടത്തിൽ 60,425.80 ലും നിഫ്റ്റി 71.85 പോയിന്റ് ഇടിഞ്ഞ് 17,785.65 ലുമാണ് വ്യാപാരം ചെയ്യുന്നത്.
സെൻസെക്സിൽ ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസ്, വിപ്രോ മുതലായ ഐടി ഓഹരികളടക്കം 18 ഓഹരികൾ നഷ്ടത്തിലാണ്.
"വിപണിയിൽ അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങൾ ഉണ്ട്. ഡോളർ സൂചിക 103.7 ലേക്ക് ഉയർന്നതും ബോണ്ട് യീൽഡുകൾ കൂടുതൽ കഠിനമായതും വിപണിയ്ക്ക് ശുഭകരമല്ല. യീൽഡ് വർധിച്ചാൽ ദീർഘകാലത്തേക്ക് അതെ അവസ്ഥയിൽ തുടരുന്നതിനുള്ള സാഹചര്യമുണ്ടാകും. കൂടാതെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 86 ഡോളറിലെത്തുന്നതും ഇന്ത്യയ്ക്ക് ആശങ്കയുളവാക്കുന്നതാണ്," ജിയോജിത് ഫിനാഷ്യൽ സർവീസിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
വിദേശ നിക്ഷേപകർ വെള്ളിയാഴ്ച 1,458.02 കോടി രൂപയുടെ ഓഹരികൾ വാങ്ങിയത് വിപണിക്ക് അല്പം അനുകൂലമായ സൂചനയാണ്.
ഏഷ്യൻ വിപണിയിൽ ജപ്പാൻ, ഹോങ്കോങ് എന്നിവ ചുവപ്പിലായപ്പോൾ ചൈനയിൽ നേട്ടത്തോടെയാണ് വ്യാപാരം ചെയുന്നത്.
യു എസ് വിപണി സമ്മിശ്രമായാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണി നഷ്ടത്തിലാണ് അവസാനിച്ചത്.