11 April 2023 11:00 AM GMT
Summary
- സെൻസെക്സ് 60,157.72; നിഫ്റ്റി 17,722.30
- കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീൽ എന്നിവ നേട്ടത്തിൽ
- ബ്രെന്റ് ക്രൂഡ് വില 0.35 ശതമാനം ഉയർന്നു.
മെറ്റൽ, ബാങ്ക്, ധനകാര്യ ഓഹരികളിലെ മുന്നേറ്റവും, ആഗോള വിപണികളിലെ ശക്തമായ മുന്നേറ്റവും സൂചികകൾ തുടർച്ചയായ ഏഴാം സെഷനിലും നേട്ടത്തോടെ അവസാനിക്കുന്നതിനു സഹായിച്ചു. സെൻസെക്സ് 311.21 പോയിന്റ് ഉയർന്നു 60,157.72 ലും നിഫ്റ്റി 98.25 പോയിന്റ് നേട്ടത്തിൽ 17,722.30 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 421.17 പോയിന്റ് വർധിച്ച് 60,267.68 ലെത്തിയിരുന്നു.
സെൻസെക്സിൽ കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീൽ, ഐടിസി, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിൻ സെർവ്, മാരുതി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ നേട്ടത്തിലായി. ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, എച്ച് സിഎൽ ടെക്‌നോളജീസ്, ടെക്ക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, വിപ്രോ, ടാറ്റ മോട്ടോഴ്സ് എന്നിവ നഷ്ടത്തിലായി.
ഏഷ്യൻ വിപണിയിൽ സിയോൾ, ഹോങ്കോങ് എന്നിവ നേട്ടത്തിൽ അവസാനിച്ചപ്പോൾ ഷാങ്ഹായ് ദുർബലമായി.
യൂറോപ്യൻ വിപണികൾ ഉച്ച കഴിഞ്ഞുള്ള സെഷനിൽ ലാഭത്തിലാണ് വ്യാപാരം ചെയ്തിരുന്നത്. തിങ്കളാഴ്ച യു എസ് വിപണി നേട്ടത്തിൽ അവസാനിച്ചിരുന്നു.
"ശക്തമായ വില്പന കണക്കുകൾ പുറത്തു വിട്ടതിനു പിന്നാലെ ഓട്ടോ മൊബൈൽ, ബാങ്കിങ് ഓഹരികളിൽ മികച്ച നാലാം പാദ ഫലം ഉണ്ടായേക്കാമെന്ന് പ്രതീക്ഷ വിപണിക്ക് വലിയ പിന്തുണ നൽകി. എഫ് ഒഎംസി മീറ്റിംഗ് മിനുട്ട്സും, യുഎസ് പണപ്പെരുപ്പ കണക്കുകളും ആഗോള വിപണിയുടെ ട്രെൻഡിനെ സാരമായി സ്വാധീനിക്കും," ജിയോ ജിത്ത് ഫിനാൻഷ്യൽ സർവീസസിന്റെ റീസേർച്ച് ഹെഡ് വിനോദ് നായർ പറഞ്ഞു.
എൽകെപി സെക്യൂരിറ്റീസ് സീനിയർ ടെക്നിക്കൽ അനലിസ്റ്റ്.രൂപക് ദേ പറയുന്നു: നാളെ പുറത്തിറങ്ങുന്ന ഉപഭോക്തൃ വില സൂചികയ്ക്കായി കാത്തിരിക്കുന്നതിനാൽ നിഫ്റ്റി സെഷനിലുടനീളം അസ്ഥിരമായി തുടർന്നു. സൂചിക ശരാശരിക്ക് മുകളിൽ നിൽക്കുകയാണ്. കൂടാതെ, നിഫ്റ്റി ഇതുവരെ 17500 എന്ന നിർണായക പിന്തുണാ നിലവാരത്തിന് മുകളിലാണ്. സൂചിക 17500 ന് മുകളിൽ തുടരുന്നിടത്തോളം വിപണി ഇടിവുകളിൽ വാങ്ങുന്ന രീതി തുടരും. ഉടനടി പിന്തുണ 17640 ൽ ദൃശ്യമാണ്. ഉയർന്ന തലത്തിൽ, റാലി 17850/17970 വരെ പോയേക്കാം.
അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.35 ശതമാനം ഉയർന്ന് ബാരലിന് 84 .53 ഡോളറായി.
തിങ്കളാഴ്ച വിദേശ നിക്ഷേപകർ 882.52 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
.