23 Feb 2023 11:45 AM IST
Summary
ഫെഡറൽ ഓപ്പൺ മാർക്കറ്റിന്റെ മിനുറ്റ്സിൽ 50 ബേസിസ് പോയിന്റ് നിരക്ക് വർധന ആവശ്യമായി വന്നേക്കാമെന്ന അഭിപ്രായങ്ങളുമുണ്ടായിട്ടുണ്ട്.
മുംബൈ: തുടർച്ചയായ അഞ്ചാം സെഷനിലും വിപണി നഷ്ടത്തിൽ തുടങ്ങി. പണപ്പെരുപ്പം വരുതിയിലല്ലാത്തതിനാൽ നിരക്ക് വർധന ഇനിയും തുടർന്നേക്കുമെന്ന യു എസ് ഫെഡറൽ കമ്മിറ്റിയുടെ തീരുമാനം നിക്ഷേപകരുടെ ആശങ്കകൾ ഉയർത്തി. കൂടാതെ വിദേശ നിക്ഷേപകരുടെ പിൻവാങ്ങലും, യു എസ് വിപണിയിൽ സമ്മിശ്രമായ പ്രവണതയും വിപണി ഇടിയുന്നതിനു കാരണമായി.
പ്രാരംഭ ഘട്ടത്തിൽ സെൻസെക്സ് 92.7 പോയിന്റ് ഇടിഞ്ഞ് 59,652.28 ലും നിഫ്റ്റി 34.5 പോയിന്റ് നഷ്ടത്തിൽ 17,519.80 ലുമെത്തി.
വ്യപാരം പുരോഗമിക്കുമ്പോൾ സെൻസെക്സ് 279.27 പോയിന്റ് താഴ്ന്ന് 59,465.71 ലും നിഫ്റ്റി 60.80 പോയിന്റ് കുറഞ്ഞ് 17,493.50 ലുമെത്തിയിരുന്നു.
സൂചികകൾ തിരിച്ചു കയറുന്ന സ്ഥിതി വിപണിയിൽ ഇപ്പോൾ കാണുന്നുണ്ട്.
ഉച്ചക്ക് 11.45 നു സെൻസെക്സ് 120.55 പോയിന്റ് വർധിച്ച് 59,865.53 ലും നിഫ്റ്റി 24.10 പോയിന്റ് ഉയർന്ന് 17,579.40 ലുമാണ് വ്യാപാരം ചെയ്യുന്നത്. ബാങ്ക് നിഫ്റ്റി എങ്കിലും 88 പോയിന്റ് താഴ്ചയിൽ 39913 ലാണിപ്പോൾ.
സെൻസെക്സിൽ ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിൻ സെർവ് , ഇൻഡസ് ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, ടൈറ്റൻ, എച്ച്ഡിഎഫ് സി ബാങ്ക്, ഇൻഫോസിസ്, എച്ച്ഡിഎഫ് സി, റിലയൻസ് ഇൻഡസ്ട്രീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ നഷ്ടത്തിലാണ്.
എച്ച് സിഎൽ ടെക്‌നോളജീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ടെക്ക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, അൾട്രാ ടെക്ക് സിമന്റ്, സൺ ഫാർമ എന്നിവ ലാഭത്തിലാണ് വ്യാപാരം ചെയ്യുന്നത്.
ഏഷ്യൻ വിപണിയിൽ സൗത്ത് കൊറിയ, ചൈന, ഹോങ്കോങ് എന്നിവ നേട്ടത്തിലാണ്.
ബുധനാഴ്ച യു എസ് വിപണി സമ്മിശ്രമായാണ് വ്യപാരം അവസാനിപ്പിച്ചത്.
"ഫെഡറൽ ഓപ്പൺ മാർക്കറ്റിന്റെ മിനുറ്റ്സിൽ 50 ബേസിസ് പോയിന്റ് നിരക്ക് വർധന ആവശ്യമായി വന്നേക്കാമെന്ന അഭിപ്രായങ്ങളുമുണ്ടായിട്ടുണ്ട്. ഇത് ഹ്രസ്വ കാലത്തേക്ക് ആഗോള വിപണികൾക്ക് വലിയ തിരിച്ചടിയാണ്," ജിയോ ജിത് ഫിനാൻഷ്യൽ സർവീസസിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
ബുധനാഴ്ച സെൻസെക്സ് 927.74 പോയിന്റ് ഇടിഞ്ഞ് 59,744.98 ലും നിഫ്റ്റി 272.40 പോയിന്റ് നഷ്ടത്തിൽ 17,554.30 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.45 ശതമാനം ഉയർന്ന് ബാരലിന് 80.96 ഡോളറായി.
വിദേശ നിക്ഷേപകർ ബുധനാഴ്ച 579.82 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.