23 Feb 2023 11:00 AM GMT
Summary
സെൻസെക്സ് 139.18 പോയിന്റ് ഇടിഞ്ഞ് 59,605.80 ലും നിഫ്റ്റി 43.05 പോയിന്റ് നഷ്ടത്തിൽ 17,511.25 ലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
പണപ്പെരുപ്പം നിയന്ത്രിക്കാൻ നിരക്ക് വർധന ഇനിയും തുടരേണ്ടി വരുമെന്ന യു എസ് ഫെഡറൽ റിസേർവ് നടത്തിയ മിനുറ്റ്സിലെ പ്രഖ്യാപനം മൂലം തുടർച്ചയായ അഞ്ചാം സെഷനിലും സൂചികകൾ ഇടിഞ്ഞു. കൂടാതെ വിദേശ നിക്ഷേപകർ ആഭ്യന്തര വിപണിയിൽ നിന്ന് പിൻവാങ്ങുന്നതും, ഏഷ്യൻ വിപണികളിലുള്ള ദുർബലമായ പ്രവണതയും ഇതിനു ആക്കം കൂട്ടി.
ഇന്ന് ഫെബ്രുവരി മാസത്തെ ഡെറിവേറ്റീവ് അവസാനിക്കുന്നതിനാൽ വിപണിയിൽ വലിയ തോതിലുള്ള ചാഞ്ചാട്ടമുണ്ടായി.
സെൻസെക്സ് 139.18 പോയിന്റ് ഇടിഞ്ഞ് 59,605.80 ലും നിഫ്റ്റി 43.05 പോയിന്റ് നഷ്ടത്തിൽ 17,511.25 ലുമാണ് വ്യാപാരമവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 59,960.04 വരെ ഉയർന്നിരുന്നു. മാത്രമല്ല 59,406.31 ലേക്ക് താഴുകയും ചെയ്തിരുന്നു.
സെൻസെക്സിൽ ഏഷ്യൻ പെയിന്റ്സ്, ലാർസെൻ ആൻഡ് റ്റ്യുബ്രോ, ടൈറ്റൻ, ഇൻഡസ് ഇൻഡ് ബാങ്ക്, ഭാരതി എയർടെൽ, പവർ ഗ്രിഡ്, ബജാജ് ഫിൻസേർവ്, ഇൻഫോസിസ്, എച്ച്ഡിഎഫ് സി ബാങ്ക്, എച്ച്ഡിഎഫ് സി എന്നിവ നഷ്ടത്തിലായി.
ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഐടിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ സ്റ്റീൽ, സൺ ഫാർമ എന്നിവ ലാഭത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്.
ഏഷ്യൻ വിപണിയിൽ, ചൈന ഹോങ്കോങ് എന്നിവ നഷ്ടത്തിൽ അവസാനിച്ചപ്പോൾ സൗത്ത് കൊറിയ ലാഭത്തിലാണ് അവസാനിച്ചത്.
ജാപ്പനീസ് വിപണികൾക്ക് അവധിയായിരുന്നു.
യൂറോപ്യൻ വിപണികൾ ഉച്ച കഴിഞ്ഞുള്ള സെഷനിൽ നേട്ടത്തോടെയാണ് വ്യാപാരം ചെയ്യുന്നത്.
ബുധനാഴ്ച യു എസ് വിപണി സമ്മിശ്രമായാണ് വ്യാപാരമവസാനിപ്പിച്ചത്.
ഡോളറിനെതിരെ രൂപയുടെ മൂല്യം 15 പൈസ വർധിച്ച് 82.73 രൂപയായി.
അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.32 ശതമാനം വർധിച്ച് ബാരലിന് 80.86 ഡോളറായി.
വിദേശ നിക്ഷേപകർ ബുധനാഴ്ച 579.82 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.