9 March 2024 2:03 PM GMT
വിപണിക്ക് കരുത്തായി വിദേശനിക്ഷേപം...പ്രചോദനമാകുമോ പണപ്പെരുപ്പ കണക്കുകൾ?| അറിയാം സുപ്രധാന മാക്രോ ഡാറ്റകൾ
MyFin Research Desk
Summary
- വരുന്ന ആഴ്ചയിൽ ഇന്ത്യയ്ക്ക് നിർണായകമാകുന്നത് പണപ്പെരുപ്പ കണക്കുകൾ
- ഓഹരിവിപണിയിലേക്കുള്ള വിദേശനിക്ഷേപവും പ്രതീക്ഷയുളവാക്കുന്നതാണ്
- കേരളക്കരയിൽ നിന്നുള്ള പോപ്പുലർ വെഹിക്കിൾസ് ഐപിഓ മാർക്കറ്റിലേക്ക്
ശിവരാത്രിയോടനുബന്ധിച്ചു അവധിദിനം അടങ്ങിയ ട്രേഡിങ്ങ് ആഴ്ചയിൽ ഇന്ത്യൻ ഓഹരിവിപണി അസ്ഥിരമായി തുടർന്നു. എന്നിരുന്നാലും നിഫ്റ്റി,സെൻസെക്സ് സൂചികകൾ പുതിയ റെക്കോർഡ് ഉയരങ്ങൾ കീഴടക്കി. കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച സർവീസ് മേഖലയിലെ പിഎംഐ ഡാറ്റകൾ ശക്തമായിരുന്നു. കഴിഞ്ഞ ഏഴ് മാസങ്ങളിലും പിഎംഐ ലെവൽ അറുപതിനു മുകളിലായി തന്നെയാണ് ഉള്ളത്. സർവീസ് മേഖലയിലെ എല്ലാ ബിസിനസ് ആക്ടിവിറ്റികളും കൂടുന്നു എന്നത് ഇത് അർത്ഥമാക്കുന്നു.
വരുന്ന ആഴ്ചയിൽ ഇന്ത്യയ്ക്ക് നിർണായകമാകുന്ന പ്രധാന ഡാറ്റകളിലൊന്ന് ഉപഭോക്തൃ വിലസൂചിക (സിപിഐ) കണക്കുകളാണ്. മാർച്ച് 12 ചൊവ്വാഴ്ചയാണ് ഡാറ്റ റിലീസ് ചെയുന്നത്. ഡാറ്റ വരുന്നതിനു മുന്നോടിയായുള്ള സെഷനിലും, കണക്കുകൾ പുറത്തുവന്നതിനു ശേഷമുള്ള സെഷനിലും വിപണിയിൽ ചലനമുണ്ടാകാറുണ്ട്. ഫെബ്രുവരി മാസത്തിലെ സിപിഐ കണക്കുകൾ പുറത്തു വരുന്നതോടെ പണപ്പെരുപ്പ നിയന്ത്രണം എത്രത്തോളം വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ റിസേർവ് ബാങ്കിന് സാധിക്കുന്നു എന്നത് വ്യക്തമാകും. ജനുവരി മാസത്തിൽ ഇത് 5.1 % ആയി കുറഞ്ഞിരുന്നു. ഭക്ഷ്യ വില സൂചികയിൽ പ്രതിമാസാടിസ്ഥാനത്തിൽ രേഖപ്പെടുത്തിയ നേരിയ കുറവാണു മൊത്തം പണപ്പെരുപ്പത്തിൽ ആശ്വാസമായത്. തുടർച്ചയായ അഞ്ചു മാസങ്ങളിലും കേന്ദ്ര ബാങ്കിന്റെ സഹനപരിധിയായ 6 ശതമാനത്തിനുള്ളിൽ തന്നെ കണക്കുകൾ രേഖപ്പെടുത്തുന്നത് ആശാവഹമാണ്. എന്നാൽ ഇത്തവണ ഇതിൽ നേരിയ ഒരു ഉയർച്ചാസാധ്യതയാണ് വിലയിരുത്തുന്നത്. ഫെബ്രുവരിയിൽ പണപ്പെരുപ്പം 5.2% ആയി രേഖപ്പെടുത്തിയേക്കാം എന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. സിപിഐ കണക്കുകൾക്ക് പിന്നാലെ മാർച്ച് 14 നു മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റ (Wholesale price index) കണക്കുകളും അറിയാം. ജനുവരിയിൽ ഇത് 0.25 % ആയിരുന്നു. ഫെബ്രുവരിയിൽ 0.27% ആയി വർധിച്ചേക്കാം എന്നാണ് അനുമാനങ്ങൾ. ഈ ഡാറ്റയോടൊപ്പം പുറത്തുവരുന്ന മൊത്ത വിലയെ അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യ -ഇന്ധന പണപ്പെരുപ്പ കണക്കുകളും കൂടുതൽ വ്യക്തത നൽകിയേക്കും.
ഒപ്പം പതിവ് പോലെ എല്ലാ വെള്ളിയാഴ്ചകളിലും പുറത്തു വിടുന്ന കയറ്റുമതി-ഇറക്കുമതി കണക്കുകൾ, ഫോറെക്സ് റിസേർവ് ഡാറ്റ എന്നിവയും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെകുറിച്ചുള്ള വിലയിരുത്തലിന് സഹായകമാകും. മാർച്ച് ഒന്നിന് അവസാനിച്ച വാരത്തിൽ ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം 6 .55 ബില്യൺ ഡോളർ ഉയർന്ന് 625 .6 ബില്യൺ ആയി. ഇന്ത്യൻ ഓഹരിവിപണിയിലേക്കുള്ള വിദേശനിക്ഷേപവും പ്രതീക്ഷയുളവാക്കുന്നതാണ്. ഒപ്പം ആഭ്യന്തര സ്ഥാപനങ്ങളും നിക്ഷേപകരായി മാറി. പോയ വാരത്തിൽ വിദേശസ്ഥാപനങ്ങൾ മാത്രം 10081.08 കോടി രൂപ മൂല്യമുള്ള ഓഹരികൾ വാങ്ങി. ആഭ്യന്തര നിക്ഷേപകരാകട്ടെ 10129.17 കോടി രൂപയുടെ നിക്ഷേപവും നടത്തിയിട്ടുണ്ട്.
അടുത്ത ആഴ്ച പ്രാഥമിക വിപണിയിൽ നിക്ഷേപകപ്രീതി അറിയാൻ എത്തിച്ചേരുന്നത് 2 കമ്പനികളാണ്. അതിൽ കേരളക്കരയിൽ നിന്നുള്ള പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസ് ലിമിറ്റഡ് എന്ന സ്ഥാപനവും ഉൾപ്പെടുന്നു. മാർച്ച് 12 - 14 വരെയുമാണ് സബ്സ്ക്രിപ്ഷൻ കാലയളവ്. 601 കോടി രൂപയുടെ ബുക്ക് ബിൽഡ് ഇഷ്യൂ ആണ് കമ്പനിയുടേത്. പ്രൈസ് ബാൻഡ് നിശ്ചയിരിക്കുന്നതു 280 to 295 രൂപ എന്ന ബാൻഡിലാണ്.
രണ്ടാമത്തെ കമ്പനി, ക്രിസ്റ്റൽ ഇന്റഗ്രേറ്റഡ് സർവീസസ് (krystal inegrated services) ആണ്. 175 കോടി രൂപയുടെ ഫ്രഷ് ഇഷ്യൂ ആണ് കമ്പനിയുടേത്. മാർച്ച് 14 - 18 വരെയാണ് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സബ്സ്ക്രിപ്ഷന് വേണ്ടി അപേക്ഷിക്കാനാകുക. മറ്റൊരു കമ്പനിയായ ഗോപാൽ സ്‌നാക്‌സിന്റെ സബ്സ്ക്രിപ്ഷൻ കാലാവധി മാർച്ച് 6 നു ആരംഭിച്ചിരുന്നു. മാർച്ച് 11, അതായത് തിങ്കളാഴ്ചയാണ് അവസാന ദിനം. മാർച്ച് പതിനാലിന് ഗോപാൽ സ്നാക്ക്സ് ലിസ്റ്റ് ചെയ്യപ്പെടും. അതിനൊപ്പം ദലാൽ സ്ട്രീറ്റിൽ ആർ കെ സ്വാമി, ഭാരത് ഹൈവേ എന്നി കമ്പനികൾ മാർച്ച് പന്ത്രണ്ടിനും ജെ ജി കെമിക്കൽസ് മാർച്ച് പതിമൂന്നിനും വിപണിയിൽ അരങ്ങേറ്റം കുറിക്കും.
ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല