image

27 Feb 2023 1:45 AM GMT

Stock Market Updates

വിപണിയിൽ അങ്കലാപ്പ്; സെപ്റ്റംബർ 30 ന് അദാനി ഗ്രൂപ്പിന്റെ കടം 2.26 ലക്ഷം കോടി രൂപ

Mohan Kakanadan

bse
X

Summary

സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി സൂചിക ഇന്ന് രാവിലെ 7.15 ന് -32.00 പോയിന്റ് താഴ്ചയിലാണ് വ്യാപാരം തുടങ്ങിയിരിക്കുന്നത്.


കൊച്ചി: വെള്ളിയാഴ്ച ആഭ്യന്തര വിപണിയിൽ തകർച്ചയുടെ ആറാം ദിനമായിരുന്നു. ബിഎസ്ഇ സെൻസെക്‌സ് 141.87 പോയിന്റ് അഥവാ 0.24 ശതമാനം താഴ്ന്ന് 59,463.93ലും, എൻഎസ്ഇ നിഫ്റ്റി 45.45 പോയിന്റ് അഥവാ 0.26 ശതമാനം ഇടിഞ്ഞ് 17,465.80ലും എത്തി. ബാങ്ക് നിഫ്റ്റിയാകട്ടെ 92.15 പോയിന്റ് താഴ്ന്ന് 39,909.40-ലാണ് അവസാനിച്ചത്.

വിദേശ നിക്ഷേപകർ ജാഗ്രതയോടെ തുടരുകയാണ്; ഈ മാസം ഇതുവരെ ഇന്ത്യൻ ഓഹരികളിൽ നിന്ന് അവർ 2,313 കോടി രൂപ പിൻവലിച്ചു. എന്നിരുന്നാലും, വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ 28,852 കോടി രൂപ ജനുവരിയിൽ പിൻവലിച്ചതിനെ അപേക്ഷിച്ച് ഇത് കുറവാണെന്ന് ആശ്വസിക്കാം.

കഴിഞ്ഞ ആഴ്ച ഏറ്റവും മൂല്യമുള്ള 10 കമ്പനികളിൽ ഒമ്പതിനും കൂടി വിപണി മൂല്യത്തിൽ 1,87,808.26 കോടി രൂപയുടെ ഇടിവ് നേരിട്ടു. എങ്കിലും ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്ഥാപനമെന്ന പദവി റിലയൻസ് ഇൻഡസ്ട്രീസ് നിലനിർത്തി; അതിന്റെ വിപണി മൂല്യം വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ 16,14,109.66 കോടി രൂപയാണ്.

അദാനി ഗ്രൂപ്പിന്റെ പ്രശ്നങ്ങൾക്ക് ഹിൻഡൻബർഗ് റിപ്പോർട്ട് വന്ന്‌ മാസം ഒന്നായിട്ടും ഒരു പരിഹാരവും കാണാനായിട്ടില്ല. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗ് പ്രകാരം സെപ്റ്റംബർ 30 വരെ 2.26 ലക്ഷം കോടി രൂപയാണ് ഗ്രൂപ്പിന്റെ മൊത്തം കടബാധ്യത. മൊത്തം പണവും പണത്തിന് തുല്യവുമാഉള്ളത് 31,646 കോടി രൂപയാണ്. 2023 ജനുവരിക്കും 2024 മാർച്ചിനും ഇടയിൽ ഗ്രൂപ്പിന് 17,166 കോടി രൂപയുടെ തിരിച്ചടവ് ബാധ്യതയുണ്ട്.

സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി സൂചിക ഇന്ന് രാവിലെ 7.15 ന് -32.00 പോയിന്റ് താഴ്ചയിലാണ് വ്യാപാരം തുടങ്ങിയിരിക്കുന്നത്.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇ കണക്കുകൾ പ്രകാരം വെള്ളിയാഴ്ച (ഫെബ്രുവരി 24) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 1,400.98 കോടി രൂപയ്‌ക്ക്‌ അധികം വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -1,470.34 കോടി രൂപയ്‌ക്ക്‌ ഓഹരികൾ അധികം വിറ്റു.

കേരള കമ്പനികൾ

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ആസ്റ്റർ ഡി എം, കൊച്ചിൻ ഷിപ് യാർഡ്, സി എസ് ബി ബാങ്ക്, കല്യാൺ ജൂവല്ലേഴ്‌സ്, കേരള കെമിക്കൽസ്, കിറ്റെക്സ്, മുത്തൂറ്റ് ഫിനാൻസ്, വി ഗാർഡ് എന്നിവ പച്ചയിലാണവസാനിച്ചത്.

റിയാലിറ്റി കമ്പനികളിൽ പി എൻ സി ഇൻഫ്രയും പുറവങ്കരയും ഇടിഞ്ഞപ്പോൾ ശോഭ ഉയര്ന്നു.

ആഗോള വിപണി

ഏഷ്യൻ വിപണികൾ ഇന്ന് ശുഭകരമല്ലാത്ത രീതിയിലാണ് ആരംഭിച്ചിട്ടുള്ളത്. ചൈന ഷാങ്ങ്ഹായ് (-0.62), ഹോങ്കോംഗ് ഹാങ്ങ് സെങ് (-341.31) ജപ്പാൻ നിക്കേ (-55.70) തായ്‌വാൻ (-111.62), ദക്ഷിണ കൊറിയ കോസ്‌പി (-30.89) എന്നിവയെല്ലാം താഴ്ചയിൽ തുടക്കം കുറിച്ചിരിക്കുന്നു; ജക്കാർത്ത കോമ്പോസിറ്റ് (17.13) മാത്രം പച്ചയിൽ ഇപ്പോൾ കാണുന്നുണ്ട്.

തുടർച്ചയായ അഞ്ചാം സെഷനിലും വെള്ളിയാഴ്ച യുഎസ് സൂചികകൾ കുത്തനെ ഇടിഞ്ഞു. ഡൗ ജോൺസ് ഇൻഡസ്‌ട്രിയൽ -336.99 പോയിന്റും എസ് ആൻഡ് പി -42.28 പോയിന്റും, നസ്‌ഡേക് 195.46 പോയിന്റും താഴ്ചയിലാണ് അവസാനിച്ചത്.

യൂറോപ്പിൽ ലണ്ടൻ ഫുട്‍സീയും (-29.06), പാരീസ് യുറോനെക്സ്റ്റും (-130.16), ഫ്രാങ്ക്ഫർട് ഡി എ എക്‌സും (-265.95) താഴ്ചയിൽ അവസാനിച്ചു.

വിദഗ്ധാഭിപ്രായം

ഡോ.വി കെ വിജയകുമാർ, ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്: ഫെബ്രുവരിയിലും എഫ് പി ഐകൾ വിൽപ്പന മോഡിൽ തുടരുന്നു: 2627 കോടി രൂപയ്ക്കാണ് അവർ ഓഹരികൾ വിറ്റത്. ജനുവരിയെ അപേക്ഷിച്ച് വിൽപനയുടെ വേഗത കുറഞ്ഞു. 2023ൽ, ഫെബ്രുവരി 24 വരെ എഫ്പിഐകൾ 31164 കോടി രൂപയ്ക്ക് ഇക്വിറ്റി വിട്ടിരുന്നു (CDSL). വിൽപ്പന പോർട്ട്‌ഫോളിയോയിലും വ്യക്തമായ മാറ്റമുണ്ട്. ജനുവരിയിൽ അവർ സാമ്പത്തിക മേഖലയിൽ വില്പനക്കാരായിരുന്നു; എന്നാൽ, ഫെബ്രുവരി ആദ്യ പകുതിയിൽ, എഫ്പിഐകൾ സാമ്പത്തിക മേഖലയിൽ വാങ്ങുന്നവരായ മാറി. ഫെബ്രുവരി ആദ്യ പകുതിയിൽ എഫ്പിഐകൾ മൂലധന വസ്തുക്കൾ, ഐടി, ആരോഗ്യ സംരക്ഷണം എന്നിവയും വാങ്ങി. അവർ എണ്ണയും വാതകവും ലോഹങ്ങളും വൈദ്യുതിയും വിറ്റു. യുഎസിലെ പണപ്പെരുപ്പം കുറയാത്തതിന്റെ പശ്ചാത്തലത്തിൽ ഫെഡറൽ റിസർവ് വീണ്ടും നിരക്കുയർത്തൽ തുടരുമെന്ന ശങ്കയിൽ കഴിഞ്ഞയാഴ്ച യുഎസിലെ ബോണ്ട് യീൽഡുകളുടെ വർധിച്ചു. യുഎസിലെ നിരക്ക് ഉയരുന്നത് വളർന്നുവരുന്ന വിപണികളിൽ നിന്ന് കൂടുതൽ മൂലധനം പുറത്തേക്ക് ഒഴുകുന്നതിലേക്ക് നയിച്ചേക്കാം. ദക്ഷിണ കൊറിയയിലും തായ്‌വാനിലും ഈ മാസം നല്ല മൂലധന വരവ് ഉണ്ടായി.

കുനാൽ ഷാ, സീനിയർ ടെക്നിക്കൽ & ഡെറിവേറ്റീവ് അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: "ബാങ്ക്നിഫ്റ്റി സൂചിക 39500 നും 40500 നും ഇടയിൽ ഒരു വിശാലമായ ശ്രേണിയിൽ കുടുങ്ങിയിരിക്കുന്നു, എന്നിരുന്നാലും അണ്ടർ ടോൺ ബെയറിഷ് ആയി തുടരുന്നു, വിൽപന-ഓൺ-റൈസ് സമീപനം നിലനിർത്തണം. ഉയർന്നതും താഴ്ന്നതുമായ രൂപീകരണത്തിലാണ് സൂചിക വ്യാപാരം ചെയ്യുന്നത്. മൊമെന്റം ഇൻഡിക്കേറ്റർ RSI 30 ലെവലിന് താഴെയാണ് വ്യാപാരം ചെയ്യുന്നത്, ഇത് ബലഹീനത സ്ഥിരീകരിക്കുന്നു.

ശ്രദ്ധിക്കേണ്ട ഓഹരികൾ

റീഡിഗ്‌ടന്റെ (ഓഹരി വില 176.60 രൂപ) 24.13 ശതമാനം അല്ലെങ്കിൽ 18.85 കോടി ഓഹരികൾ ഓപ്പൺ മാർക്കറ്റ് ഇടപാടുകൾ വഴി സിനക്‌സ് മൗറീഷ്യസ് ഓഫ്‌ലോഡ് ചെയ്തു; തായ്‌വാൻ ആസ്ഥാനമായുള്ള സിനക്‌സ് ടെക്‌നോളജി ഇന്റർനാഷണൽ കോർപ്പറേഷൻ, ഈ ഓഹരികൾ ഒരു ഓഹരിക്ക് ശരാശരി 170.45 രൂപ നിരക്കിൽ വാങ്ങി.

പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (ഓഹരി വില 215.05 രൂപ) നിക്ഷേപം സംബന്ധിച്ച ഡയറക്ടർമാരുടെ സമിതി 803.57 കോടി രൂപയുടെ 4 പദ്ധതികൾക്ക് അംഗീകാരം നൽകി.

ഫീനിക്സ് മിൽസ് (ഓഹരി വില 1314.90 രൂപ) സബ്സിഡിയറിയായ പലേഡിയം കൺസ്ട്രക്ഷൻ 414.31 കോടി രൂപയ്ക്ക് കൊൽക്കത്തയിലെ അലിപ്പൂരിൽ ഏകദേശം 5.5 ഏക്കർ വിസ്തൃതിയുള്ള ഒരു പ്രൈം ലാൻഡ് ഏറ്റെടുത്തു.

ഇന്ത്യബുൾസ് ഹൗസിംഗ് ഫിനാൻസിന്റെ (ഓഹരി വില 101.20 രൂപ) സെക്യൂരിറ്റീസ് ഇഷ്യുൻസ് കമ്മിറ്റി 100 കോടി രൂപയുടെ സുരക്ഷിതമായ റിഡീം ചെയ്യാവുന്ന നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകളുടെ പബ്ലിക് ഇഷ്യൂവിന് അംഗീകാരം നൽകി.

യുഎസ് ഡോളർ = 82.75 രൂപ (+11 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ ഫ്യൂച്ചേഴ്‌സ് (ബാരലിന്) 81.67 ഡോളർ (+0.66%)

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,150 രൂപ (0 രൂപ)

ബിറ്റ് കോയിൻ = 20,43,000 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.60 ശതമാനം ഉയർന്ന് 105.23 ന് വ്യാപാരം നടക്കുന്നു.