4 Jan 2023 10:17 AM GMT
തുടക്കം മുതൽ നഷ്ടത്തിൽ മുങ്ങി വിപണി; സെൻസെക്സ് ഇടിഞ്ഞത് 600 പോയിന്റിലേറെ
Mohan Kakanadan
Summary
- ഉച്ചയോടെ ആക്സിസ് ബാങ്ക് (970.00) പോയിന്റോടെ 52 ആഴ്ചത്തെ ഉയരത്തിൽ എത്തി.
- സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റിയാകട്ടെ ഇപ്പോൾ -204.00 പോയിന്റ് താഴ്ന്നാണ് വ്യാപാരം നടക്കുന്നത്.
കൊച്ചി: തുടക്കം മുതൽ ചുവപ്പിലായിരുന്ന ആഭ്യന്തര സൂചികകൾ 1 ശതമാനത്തിലേറെ ഇടിഞ്ഞപ്പോൾ നിക്ഷേപകർക്ക് പുതു വർഷം ആശങ്കയുടേതായി. സെൻസെക്സ് 636.75 പോയിന്റ് താഴ്ന്ന് 60,657.45 ലും നിഫ്റ്റി 189.60 പോയിന്റ് താഴ്ന്നു 18,042.95 ലുമാണ് ക്ലോസ് ചെയ്തത്. ബാങ്ക് നിഫ്റ്റി 466.45 പോയിന്റ് ഇടിഞ്ഞു 42,958.80 ൽ അവസാനിച്ചു.
എല്ലാ മേഖല സൂചികകളും താഴ്ചയിലായിരുന്നു. പി എസ് യു ബാങ്കും റീയാലിറ്റിയും ലോഹങ്ങളും 2 ശതമാനത്തോളം തകർന്നപ്പോൾ ഐ ടി യും ഓയിൽ ആൻഡ് ഗ്യാസും മീഡിയയുമെല്ലാം 1.5 ശതമാനത്തിലധികം താഴ്ന്നു.
നിഫ്റ്റി 50-ലെ 6 ഓഹരികൾ മാത്രം ഉയർന്നപ്പോൾ 44 എണ്ണം താഴ്ചയിലായിരുന്നു.
നിഫ്ടിയിൽ ഇന്ന് ഡിവിസ് ലാബ്, ശ്രീ സിമന്റ്, എച് ഡി എഫ് സി ലൈഫ്, മാരുതി, ഡോക്റ്റർ റെഡ്ഢി എന്നിവ ഏറ്റവും ഉയർന്നപ്പോൾ ജെ എസ് ഡബ്ലിയു സ്റ്റീൽ, ഹിൻഡാൽകോ, കോൾ ഇന്ത്യ, എന്നിവ 4 ശതമാനത്തോളം ഇടിഞ്ഞു. ടാറ്റ സ്റ്റീൽ, ഓ എൻ ജി സി, എന്നിവയും കനത്ത നഷ്ടം രേഖപ്പെടുത്തി.
ഉച്ചയോടെ ആക്സിസ് ബാങ്ക് (970.00) പോയിന്റോടെ 52 ആഴ്ചത്തെ ഉയരത്തിൽ എത്തി.
കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ എഫ് എ സി ടി, മുത്തൂറ്റ് ഫിനാൻസ്, വണ്ടർ ല എന്നിവ പച്ചയിൽ അവസാനിച്ചപ്പോൾ ബാക്കി എല്ലാം നഷ്ടത്തിൽ കലാശിച്ചു.
റിയാലിറ്റി കമ്പനികളായ പുറവങ്കരയും, പി എൻ സി ഇൻഫ്രയും ശോഭയും നഷ്ട്ടത്തിലായിരുന്നു.
വിനോദ് നായർ, ഗവേഷണ വിഭാഗം മേധാവി, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് പറയുന്നു: ആഗോള വിപണിയിലെ ആശങ്കകൾ ആഭ്യന്തര വിപണിയെ ബാധിച്ചതിനാൽ സൂചികകൾ ഇടിഞ്ഞു. ഫെഡറൽ മീറ്റിംഗ് മിനിറ്റ്‌സിന്റെ പ്രകാശനത്തിന് മുമ്പ് കഠിനമായ നിരക്ക് വർദ്ധനയെക്കുറിച്ചുള്ള ഭയം വീണ്ടും ഉയർന്നു; ആഗോള സൂചനകൾ കൂടാതെ, ആഭ്യന്തര വിപണി കോർപ്പറേറ്റ് വരുമാനത്തിലും ശ്രദ്ധ ചെലുത്തും. പുതിയ ബിസിനസ്സിലെ ശക്തമായ വളർച്ച കാരണം ഡിസംബറിൽ ഇന്ത്യയുടെ സേവന PMI 58.5 ആയി വർദ്ധിച്ചിട്ടുണ്ട്.
പ്രധാന ഏഷ്യൻ വിപണികളെല്ലാം താഴ്ചയിലാണവസാനിച്ചത്. സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റിയാകട്ടെ ഇപ്പോൾ -204.00 പോയിന്റ് താഴ്ന്നാണ് വ്യാപാരം നടക്കുന്നത്.
യുഎസ് വിപണികൾ ഇന്നലെ തകർച്ചയിലായിരുന്നു. എന്നാൽ, ജർമൻ പണപ്പെരുപ്പം കുറയുമെന്ന പ്രതീക്ഷയിൽ യൂറോപ്യൻ വിപണികൾ ഇന്നും ഉയർന്നാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.
തുടര്‍ച്ചയായ എട്ടാം ദിവസവും 22 കാരറ്റ് സ്വര്‍ണവില 40,000ന് മുകളില്‍ എത്തി; മാത്രമല്ല പവന് 41,000 എന്ന നിരക്കിലേക്കിലെത്താന്‍ ഇന്നത്തെ കണക്കനുസരിച്ച് വെറും 120 രൂപയുടെ വ്യത്യാസം മാത്രമേയുള്ളു. ഇത് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.
ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 136 രൂപ വര്‍ധിച്ച് 44,600 രൂപയായി. ഗ്രാമിന് 17 രൂപ വര്‍ധിച്ച് 10 ഗ്രാമിന് 5,575 രൂപയാണ്.
വെള്ളി ഗ്രാമിന് 75.50 രൂപയും എട്ട് ഗ്രാമിന് 604 രൂപയുമാണ് വില.
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 19 പൈസ കുറഞ്ഞ് 82.81ല്‍ എത്തിയിട്ടുണ്ട്.
ബ്രെന്റ് ക്രൂഡ് വില ബാരലിന് -2.09 ശതമാനം താഴ്ന്ന് 80.39 യുഎസ് ഡോളറായിട്ടുണ്ട്..