17 Nov 2022 5:00 PM IST
മുംബൈ: ആഗോള വിപണിയിലെ നെഗറ്റീവ് ട്രെന്‍ഡുകള്‍ക്കൊടുവില്‍ ആഭ്യന്തര വിപണിയും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 230.12 പോയിന്റ് താഴ്ന്ന് 61,750.60 ലും, നിഫ്റ്റി 65.75 പോയിന്റ് ഇടിഞ്ഞ് 18,343.90 ലുമാണ് ക്ലോസ് ചെയ്തത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്സ് 337.45 പോയിന്റ് താഴ്ന്ന് 61,643.27 ലേക്ക് എത്തിയിരുന്നു.
ടൈറ്റന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി, എച്ച്ഡിഎഫ്സി, ഡോ റെഡ്ഡീസ്, ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നീ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. എല്‍ ആന്‍ഡ് ടി, പവര്‍ഗ്രിഡ്, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍ എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി.
സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് തുടങ്ങിയ ഏഷ്യന്‍ വിപണികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യന്‍ വിപണികള്‍ ഉച്ച കഴിഞ്ഞുള്ള വ്യാപാരത്തില്‍ നഷ്ടത്തിലാണ്. അമേരിക്കന്‍ വിപണികളും ഇന്നലെ നഷ്ടത്തിലായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.46 ശതമാനം താഴ്ന്ന് 92.43 ഡോളറായി. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 386.06 കോടി രൂപ വിലയുള്ള ഓഹരികള്‍ വിറ്റഴിച്ചു.