18 Oct 2023 9:05 AM GMT
Summary
- ഈ വര്‍ഷം കല്യാണ്‍ ജ്വല്ലേര്‍സ് ഓഹരികള്‍ക്ക് 141% നേട്ടം
- ഇന്ന് ഇട വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ 309.75 രൂപയിലേക്ക് വരെ വില ഉയര്‍ന്നു
ഓഹരി വിപണി മൂല്യം 30,000 കോടി രൂപയ്ക്ക് മുകളില്‍ എത്തുന്ന നാലാമത്തെ കേരള കമ്പനിയെന്ന നേട്ടം സ്വന്തമാക്കി കല്യാണ്‍ ജ്വല്ലേഴ്സ്. ഇന്നലെ 4.09 ശതമാനം ഉയര്‍ന്ന് 295.35 രൂപയിലാണ് കല്യാണിന്‍റെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ വിപണി മൂല്യം 30,000 തൊട്ടു. ഇന്നും കമ്പനിയുടെ ഓഹരികള്‍ മികച്ച മുന്നേറ്റമാണ് രേഖപ്പെടുത്തുന്നത്. ഇട വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ 309.75 രൂപയിലേക്ക് വരെ വില ഉയര്‍ന്നു. ഉച്ചയ്ക്ക് 2.17 നുള്ള വിവരം അനുസരിച്ച് 1.62 ശതമാനം നേട്ടത്തോടെ 299.60 രൂപയിലാണ് കല്യാണിന്‍റെ ഓഹരികളുടെ വില്‍പ്പന നടക്കുന്നത്.
മുത്തൂറ്റ് ഫിനാന്‍സ് -50,403 കോടി രൂപ, ഫേര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കോര്‍ (ഫാക്ട്)-47,207 കോടി രൂപ, ഫെഡറല്‍ ബാങ്ക് -35,094 കോടി രൂപ എന്നിവയാണ് നിലവില്‍ 30,000 കോടി രൂപയ്ക്ക് മുകളില്‍ വിപണി മൂല്യമുള്ള മറ്റു കേരള കമ്പനികള്‍. 2021 മാര്‍ച്ചില്‍ 87 രൂപയുടെ ഇഷ്യൂ വിലയുമായാണ് കല്യാണ്‍ ജ്വല്ലേഴ്സ് ഓഹരി വിപണിയിലേക്ക് എത്തിയത്. ഈ വര്‍ഷം ഇതുവരെ 141 ശതമാനം മുന്നേറ്റം ഈ ഓഹരിക്ക് ഉണ്ടായിട്ടുണ്ട്.
അടുത്തിടെ ജമ്മുവില്‍ തങ്ങളുടെ 200 -ാം ഷോറൂം തുടങ്ങിയ കമ്പനി വിവിധ സംസ്ഥാനങ്ങളിലായി നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 55 ഷോറൂമുകള്‍ കൂടി ആരംഭിക്കുന്നതിന് തയാറെടുക്കുകയാണ്.