image

31 Jan 2023 1:45 AM GMT

Stock Market Updates

വീഴ്ച മുതലാക്കി ആഭ്യന്തര നിക്ഷേപകർ; സ്ഥാപനങ്ങൾ വാരിക്കൂട്ടിയത് 5,500 കോടി രൂപക്ക്

Mohan Kakanadan

Stock Trading | Expert Intra-Day Stock Tips Oct 4
X

Summary

  • ഇന്നലെ ഓഹരി വിപണിക്ക് നേട്ടമായിരുന്നെങ്കിലും അദാനി ഗ്രൂപ്പ് കമ്പനികൾ കഴിഞ്ഞ ബുധനാഴ്ച ഹിൻഡൻബർഗിന്റെ റിപ്പോർട്ട് വന്നതിനു ശേഷം കൂപ്പുകുത്തിയിരിക്കയാണ്.
  • സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി രാവിലെ 7.15 ന് 58.50 പോയിന്റ് ഉയരത്തിൽ..
  • അദാനി എന്റർപ്രൈസസിൽ അബുദാബി ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി 400 മില്യൺ ഡോളർ നിക്ഷേപം നടത്തി


കൊച്ചി: നാളെ അവതരിപ്പിക്കുന്ന രണ്ടാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ വിലക്കയറ്റത്തിൽ നട്ടംതിരിയുന്ന സാധാരണക്കാരന്റെ ആവശ്യങ്ങൾ നിറവേറ്റുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച മുൻ വർഷത്തെ 8.7 ശതമാനത്തിൽ നിന്ന് 7 ശതമാനമായി കുറയുമെന്ന് കണക്കാക്കപ്പെടുന്ന ഈ സാഹചര്യത്തിൽ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ സർക്കാർ നടപടിയെടുക്കേണ്ടതുണ്ട്. സാധാരണക്കാരനെ മറന്നുകൊണ്ട് അത് സാധിക്കില്ല എന്നാണ് ഇക്കൂട്ടരുടെ വാദം. ഇന്ന് ആരംഭിക്കുന്ന ബജറ്റ് സെഷനിൽ 2022-23 സാമ്പത്തിക സർവേ ഇരുസഭകളിലും അവതരിപ്പിക്കും. നാളെയാണ് കേന്ദ്ര ബജറ്റ്.

ഇന്നലെ ഓഹരി വിപണിക്ക് നേട്ടമായിരുന്നെങ്കിലും അദാനി ഗ്രൂപ്പ് കമ്പനികൾ കഴിഞ്ഞ ബുധനാഴ്ച ഹിൻഡൻബർഗിന്റെ റിപ്പോർട്ട് വന്നതിനു ശേഷം കൂപ്പുകുത്തിയിരിക്കയാണ്. അദാനി ടോട്ടൽ ഗ്യാസിന്റെ ഓഹരികൾ 39.57 ശതമാനവും അദാനി ട്രാൻസ്മിഷൻ 37.95 ശതമാനവും, അദാനി ഗ്രീൻ എനർജി 37.93 ശതമാനവും, അംബുജ സിമന്റ്സ് 22.28 ശതമാനവും, അദാനി പോർട്ട്സ് 21.55 ശതമാനവും ഇടിഞ്ഞു. ഈ മൂന്ന് ദിവസത്തിനുള്ളിൽ, എസിസിയുടെ ഓഹരികൾ 18.47 ശതമാനം ഇടിഞ്ഞു. അദാനി എന്റർപ്രൈസസ് 16.38 ശതമാനവും, അദാനി വിൽമർ 14.25 ശതമാനവും അദാനി പവർ 14.24 ശതമാനവും, എൻഡിടിവി 14.22 ശതമാനവുമനു തകർന്നത്.

ഇന്നലെ വരെ നാലു സെഷനിലായി വിപണി മൂല്യത്തിൽ അദാനി ഗ്രൂപ്പ് സ്ഥാപനങ്ങൾക്ക് 5.56 ലക്ഷം കോടി രൂപയുടെ നഷ്ട്ടമാണുണ്ടായത്.

ഇന്നലെ സെൻസെക്സ് 169.51 പോയിന്റ് വർധിച്ച് 59,500.41 ലും നിഫ്റ്റി 44.60 പോയിന്റ് ഉയർന്ന് 17,648.95 ലുമാണ് വ്യപരമവസാനിപ്പിച്ചത്. നിഫ്റ്റി ബാങ്ക് 42.15 പോയിന്റ് നേട്ടത്തിൽ 40,387.45 വരെയെത്തി.

സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്ന് രാവിലെ 7.15 ന് 58.50 പോയിന്റ് ഉയർന്നാണ് വ്യാപാരം നടക്കുന്നത്.

ഇന്ന് കോൾ ഇന്ത്യ, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, സൺ ഫാർമസ്യൂട്ടിക്കൽ, യുപിഎൽ, എസിസി, ബിഎഎസ്എഫ് ഇന്ത്യ, ബ്ലൂ സ്റ്റാർ, എഡൽവീസ് ഫിനാൻഷ്യൽ സർവീസസ്, ഗ്രേറ്റ് ഈസ്റ്റേൺ ഷിപ്പിംഗ്, ഗോദ്‌റെജ്, ഇന്ത്യൻ ഹോട്ടൽസ്, ഇന്ത്യൻ ഓയിൽ, ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ, കെഇസി ഇന്റർനാഷണൽ, കെപിഐടി ടെക്നോളജീസ്, മാക്സ് ഫിനാൻഷ്യൽ സർവീസസ്, റെയിൽടെൽ, സ്പന്ദന സ്ഫൂർട്ടി ഫിനാൻഷ്യൽ, സ്റ്റാർ ഹെൽത്ത്, ടിടികെ പ്രസ്റ്റീജ് എന്നീ കമ്പനികളുടെ ത്രൈമാസ ഫലങ്ങൾ പുറത്തുവരുന്നുണ്ട്.

കേരള കമ്പനികൾ

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ കൊച്ചിൻ ഷിപ് യാർഡ്, ധനലക്ഷ്മി ബാങ്ക്, ഫെഡറൽ ബാങ്ക്, ജിയോജിത്, കേരള കെമിക്കൽസ്, കിംസ്, മുത്തൂറ്റ് ഫിനാൻസ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വി ഗാർഡ്, വണ്ടർ ലാ എന്നിവ ഇന്നലെ പച്ചയിലായിരുന്നു. എന്നാൽ, ആസ്റ്റർ ഡി എം, സി എസ് ബി ബാങ്ക്, എഫ് എ സി ടി, ജ്യോതി ലാബ്, കല്യാൺ ജൂവല്ലേഴ്‌സ്, കിറ്റെക്സ്, മണപ്പുറം, മുതൂറ് ക്യാപിറ്റൽ എന്നിവ നഷ്ടത്തിലാണ് അവസാനിച്ചത്.

റിയാലിറ്റി കമ്പനികളായ ശോഭയും പുറവങ്കരയും പി എൻ സി ഇൻഫ്രയും ലാഭം നേടി.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇ കണക്കുകൾ പ്രകാരം തിങ്കളാഴ്ച (ജനുവരി 30) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 5,512.63 കോടി രൂപക്ക് അധികം വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -6,792.80 കോടി രൂപക്ക് അധികം വിറ്റു.

ലോക വിപണി

ഏഷ്യൻ വിപണികൾ ഇന്ന് പൊതുവെ നഷ്ടത്തിലാണ് ആരംഭിച്ചിട്ടുള്ളത്. തായ്‌വാൻ (-59.70), ജപ്പാൻ നിക്കേ (-46.16), ജക്കാർത്ത കോമ്പോസിറ്റ് (-26.50), ഹോങ്കോംഗ് ഹാങ്ങ് സെങ് (-619.17), ദക്ഷിണ കൊറിയ കോസ്‌പി (-7.12) എന്നിവയെല്ലാം നഷ്ടത്തിൽ തുടരുന്നു. എന്നാൽ, ചൈന ഷാങ്ങ്ഹായ് (4.51) നേരിയ നേട്ടത്തിലാണിപ്പോൾ.

ഇന്നലെ യുഎസ്-ൽ ഡൗ ജോൺസ്‌ -260.99 പോയിന്റും എസ് ആൻഡ് പി 500 -52.79 പോയിന്റും നസ്‌ഡേക് -227.89 പോയിന്റും ഇടിഞ്ഞു.

യൂറോപ്പിലും നേരിയ നഷ്ട്ടത്തിലായിരുന്നു ഇന്നലെ വ്യാപാരം അവസാനിച്ചത്; ഫ്രാങ്ക്ഫർട് ഡി എ എക്സ് (-23.95) പാരീസ് യുറോനെക്സ്റ്റ് (-15.20) എന്നിവ നേരിയ താഴ്ചയിലേക്ക് വീണപ്പോൾ ലണ്ടൻ ഫുട്‍സീ (+19.72) നേട്ടത്തിൽ അവസാനിച്ചു.

ശ്രദ്ധിക്കേണ്ട ഓഹരികൾ

ഐഐഎഫ്എൽ ഫിനാൻസിന്റെ (ഓഹരി വില: 470.00 രൂപ) അറ്റാദായം ഡിസംബർ വരെയുള്ള മൂന്ന് മാസങ്ങളിൽ 37 ശതമാനം വർധിച്ച് 423 കോടി രൂപയായി. നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ മൊത്ത വരുമാനം 30 ശതമാനം ഉയർന്ന് 1,339.4 കോടി രൂപയായി.

ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ കിട്ടാക്കടങ്ങൾക്കായുള്ള ഉയർന്ന വ്യവസ്ഥകൾ കാരണം പഞ്ചാബ് നാഷണൽ ബാങ്ക്ന്റെ (ഓഹരി വില: 50.70 രൂപ) അറ്റാദായം 44 ശതമാനം ഇടിഞ്ഞ് 629 കോടി രൂപയായി.

അദാനി എന്റർപ്രൈസസിൽ (ഓഹരി വില: 2892.85 രൂപ) അബുദാബിയിലെ ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി 400 മില്യൺ ഡോളർ നിക്ഷേപം നടത്തി

പെട്രോകെമിക്കൽ, നാച്ചുറൽ ഗ്യാസ് മാർക്കറ്റിംഗ് ബിസിനസിൽ നഷ്ടം നേരിട്ടതിനെ തുടർന്ന് ഗെയിൽ ഇന്ത്യയുടെ (ഓഹരി വില: 94.95 രൂപ) ഡിസംബർ പാദത്തിലെ അറ്റാദായം 90 ശതമാനം ഇടിഞ്ഞ് 397.59 കോടി രൂപയായി. ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ അത് 3,800.09 കോടി രൂപയായിരുന്നു.

ഉയർന്ന ഇരട്ട അക്ക വരുമാന വളർച്ചയിൽ ബജാജ് ഫിൻസെർവിന്റെ (ഓഹരി വില: 1343.85 രൂപ) 2022 ഡിസംബറിൽ അവസാനിച്ച പാദത്തിലെ അറ്റാദായം 42 ശതമാനം വർധിച്ച് 1,782 കോടി രൂപയിലെത്തി.

അഞ്ചാമത്തെ വലിയ ഐടി സേവന കമ്പനിയായ ടെക് മഹീന്ദ്ര (ഓഹരി വില: 1036.10 രൂപ) തിങ്കളാഴ്ച ഡിസംബർ പാദത്തിൽ അറ്റാദായം 5.3 ശതമാനം ഇടിഞ്ഞ് 1,296.6 കോടി രൂപയായതായി റിപ്പോർട്ട് ചെയ്തു.

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ സുസുക്കി മോട്ടോർ കോർപ്പറേഷൻ തങ്ങളുടെ അനുബന്ധ കമ്പനിയായ മാരുതി സുസുക്കി ഇന്ത്യ (ഓഹരി വില: 8817.00 രൂപ) ഈ മാസം ആദ്യം 2.5 കോടി ആഭ്യന്തര വിൽപ്പന പിന്നിട്ടതായി അറിയിച്ചു.

സിഎസ്ബി ബാങ്ക്ന്റെ (ഓഹരി വില: 243.35 രൂപ) ഡിസംബർ പാദത്തിലെ അറ്റാദായം വെറും 5 ശതമാനം മാത്രം വളർച്ച നേടി 156 കോടി രൂപയായി. സ്വർണവായ്പയിൽ 51 ശതമാനം കുതിച്ചുചാട്ടം ഉണ്ടായതോടെ, മൊത്തം അഡ്വാൻസുകൾ 26 ശതമാനം വർധിച്ച് 18,456.70 കോടി രൂപയായപ്പോൾ നിക്ഷേപം 19 ശതമാനം ഉയർന്ന് 22,664 കോടി രൂപയായി.

കടവും ഇക്വിറ്റിയുമായി അദാനി ഗ്രൂപ്പിൽ 36,474.78 കോടി രൂപയുടെ വിഹിതം ഉണ്ടെന്നും അത് തങ്ങളുടെ മൊത്തം നിക്ഷേപത്തിന്റെ ഒരു ശതമാനത്തിൽ താഴെയാണെന്നും എൽഐസി (ഓഹരി വില: 656.50 രൂപ) അറിയിച്ചു. 2022 സെപ്തംബർ വരെ എൽഐസിയുടെ മാനേജ്മെന്റിന് കീഴിലുള്ള മൊത്തം ആസ്തി 41.66 ലക്ഷം കോടി രൂപയാണ്.

എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ കമ്പനിയായ ലാർസൻ ആൻഡ് ടൂബ്രോയുടെ (ഓഹരി വില: 2112.90 രൂപ) ഏകീകൃത അറ്റാദായം 2022 ഡിസംബർ 31 ന് അവസാനിച്ച പാദത്തിൽ 24.2 ശതമാനം വർധിച്ച് 2,552.92 കോടി രൂപയിലെത്തി.

മുംബൈ ആസ്ഥാനമായുള്ള ആക്‌സിജെൻ ഹോസ്പിറ്റൽ കെയറിൽ നിന്ന് മൂന്ന് ആന്റി-ഇൻഫ്ലമേറ്ററി ബ്രാൻഡുകൾ ഏറ്റെടുത്തതായി സൺ ഫാർമസ്യൂട്ടിക്കൽ (ഓഹരി വില: 1051.70 രൂപ) തിങ്കളാഴ്ച അറിയിച്ചു. രോഗശാന്തി, വേദന, നീർവീക്കം എന്നിവയ്ക്കുള്ള ഈ മരുന്നുകളുടെ ഇന്ത്യയിൽലെ മൊത്തത്തിലുള്ള വിപണി ഏകദേശം 500 കോടി രൂപയോളം വരും.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,265 രൂപ (+0 രൂപ)

യുഎസ് ഡോളർ = 81.52 രൂപ (-7 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) 85.59 ഡോളർ (+0.81%)

ബിറ്റ് കോയിൻ = 19,57,899 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.03 ശതമാനം ഉയർന്ന് 102.00 ആയി.