13 Oct 2023 5:19 AM GMT
Summary
- ഇൻഫോസിസിന്റെ അമേരിക്കൻ ഡെപ്പോസിറ്ററി റസീപ്റ്റ് 6.5 ശതമാനം ഇടിഞ്ഞു
- എച്ച്സിഎല്‍ ടെക്, ടിസിഎസ് ഓഹരികള്‍ മുന്നേറുന്നു
- എച്ച്സിഎല്‍ ടെകിന് പ്രതീക്ഷിച്ചതിലും മികച്ച രണ്ടാം പാദഫലം
നടപ്പു സാമ്പത്തിക വര്‍ഷത്തെ വരുമാന മാര്‍ഗ നിര്‍ദേശം വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് ഇന്‍ഫോസിസിന്‍റെ ഓഹരികള്‍ക്ക് വിപണിയില്‍ വലിയ ഇടിവ്. ബിഎസ്‌ഇയിൽ തുടർച്ചയായ മൂന്നാം സെഷനിലും ഇടിവ് പ്രകടമാക്കുന്ന ഈ ഓഹരി ഇന്ന് 1,419.95 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്, മുമ്പത്തെ ക്ലോസിംഗ് വിലയായ 1,464.55 നെ അപേക്ഷിച്ച് 3% കുറവാണിത്. തുടക്ക വ്യാപാരത്തിൽ, 4.2 ശതമാനം ഇടിഞ്ഞ് 1,402.10 രൂപയിലെത്തി, വിപണി മൂലധനം 5.95 ലക്ഷം കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ മൂന്ന് സെഷനുകളിലായി ഇൻഫോസിസ് ഓഹരി വില 6 ശതമാനത്തോളം ഇടിഞ്ഞു.
രാവിലെ 10.40 നുള്ള വിവരം അനുസരിച്ച് 2.29 ശതമാനം ഇടിവോടെ 1,431 രൂപയിലാണ് ഇന്‍ഫോസിസ് ഓഹരിയുള്ളത്.
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി വമ്പന്‍ ന്യൂയോർക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ (എൻവൈഎസ്‌ഇ) വ്യാഴാഴ്ച രാത്രി വ്യാപാരത്തിലും ഇടിവ് നേരിട്ടു. ഇൻഫോസിസിന്റെ അമേരിക്കൻ ഡെപ്പോസിറ്ററി റസീപ്റ്റ് (എഡിആർ) 6.5 ശതമാനം ഇടിഞ്ഞു. 2023-24 സാമ്പത്തിക വർഷത്തിലെ വരുമാനം 1-2.5% ഇടയിൽ വളരുമെന്നാണ് ഇപ്പോള്‍ ഇന്‍ഫോസിസ് പ്രതീക്ഷിക്കുന്നത്. ജൂൺ പാദ ഫലങ്ങളിൽ കണക്കുകൂട്ടിയ 1-3.5% വളർച്ചയേക്കാൾ കുറവാണ് ഇത്.
അതേസമയം, ബിഎസ്ഇ ഐടി സൂചിക ഇന്ന് ബിഎസ്ഇ-യിലെ തുടക്ക വ്യാപാരത്തില്‍ 0.8 ശതമാനം ഇടിഞ്ഞു, ഇൻഫോസിസ് ഏറ്റവും വലിയ നേരിട്ടു. അതേസമയം എച്ച്‌സിഎൽ ടെക്, ടിസിഎസ് എന്നിവ നേട്ടത്തിലാണ്. വിപ്രോ, ടെക് മഹീന്ദ്ര എന്നിവ വിൽപ്പന സമ്മർദം നേരിടുന്നു.
നോയിഡ ആസ്ഥാനമായ എച്ച്‍സിഎല്‍ ടെക് പ്രതീക്ഷിച്ചതിലും മികച്ച വരുമാനമാണ് രണ്ടാം പാദത്തില്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജൂലൈ-സെപ്റ്റംബർ പാദത്തിൽ അറ്റാദായം 6,212 കോടി രൂപയായി, കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 6,021 കോടി രൂപയിൽ നിന്ന് 3.32 ശതമാനം ഉയർന്നു. ഏകീകൃത വരുമാനം 6.7 ശതമാനം വർധിച്ച് 38,994 കോടി രൂപയായി.
രാവിലെ 10.44 നുള്ള വിവരം അനുസരിച്ച് 2.11 ശതമാനം ഉയര്‍ച്ചയോടെ 1,249.90 രൂപയിലാണ് എച്ച്സിഎല്‍ ടെക് ഓഹരികളുള്ളത്.