16 Feb 2023 3:46 PM IST
നേരിയ നേട്ടം തുടർന്ന് വിപണികൾ; എങ്കിലും ബാങ്ക് നിഫ്റ്റി 99 പോയിന്റ് താഴ്ചയിൽ
Mohan Kakanadan
Summary
നിഫ്റ്റി 50-ലെ 25 ഓഹരികൾ ഉയർന്നപ്പോൾ 24 എണ്ണം താഴ്ചയിലായിരുന്നു.
കൊച്ചി: ആഭ്യന്തര വിപണികൾ ഇന്ന് തുടക്കം മുതൽ നേരിയ നേട്ടത്തിൽ തന്നെയായിരുന്നു. ഒടുവിൽ വിപണി അവസാനിക്കുമ്പോൾ സെൻസെക്സ് 44.42 പോയിന്റ് ഉയർന്ന് 61,319.51 ലും നിഫ്റ്റി 20.00 പോയിന്റ് നേട്ടത്തിൽ 18035.85 ലും എത്തി. എന്നാൽ, ബാങ്ക് നിഫ്റ്റിയാകട്ടെ 99.70 പോയിന്റ് താഴ്ന്ന് 41,631.35-ലാണ് അവസാനിച്ചത്.
നിഫ്റ്റി ഐ ടീയും മെറ്റലും, റീയൽറ്റിയും ഒരു ശതമാനത്തിലധികം ഉയർന്നപ്പോൾ നിഫ്റ്റി ആട്ടോയും, പി എസ് യു ബാങ്കും, ഫിനാൻഷ്യൽ സർവീസസും ഇടിഞ്ഞു.
നിഫ്റ്റി 50-ലെ 25 ഓഹരികൾ ഉയർന്നപ്പോൾ 24 എണ്ണം താഴ്ചയിലായിരുന്നു. ഡോ. റെഡ്‌ഡിസ് ഇന്നലത്തേതുപോലെ മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ ഇന്ന് ഒ എൻ ജി സി, ടെക് മഹിന്ദ്ര, ഡിവിസ് ലാബ്, നെസ്‌ലെ, ടാറ്റ സ്റ്റീൽ എന്നിവ നേട്ടം കൈവരിച്ചു. ഓ എൻ ജി സിയും ടെക് മഹിന്ദ്രയും അഞ്ചു ശതമാനം വീതമാണ് ഉയർന്നത്. എന്നാൽ, ബി പി സി എൽ, ബജാജ് ഫിനാൻസ്, മഹിന്ദ്ര ആൻഡ് മഹിന്ദ്ര, എച് ഡി എഫ് സി ലൈഫ് ഹിന്ദുസ്ഥാൻ യൂണി ലിവർ എന്നിവ കനത്ത നഷ്ടം രേഖപ്പെടുത്തി.
ഇന്ന് കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ആസ്റ്റർ ഡി എം, കൊച്ചിൻ ഷിപ് യാർഡ്, സി എസ് ബി ബാങ്ക്, ഫെഡറൽ ബാങ്ക്, ജിയോജിത്, ഹാരിസൺ മലയാളം, കല്യാൺ ജൂവല്ലേഴ്‌സ്, കിറ്റെക്സ്, വി ഗാർഡ്, വണ്ടർ ല എന്നിവ ഒഴിച്ച് ബാക്കിയെല്ലാം ചുവപ്പിലാണവസാനിച്ചത്.
റിയാലിറ്റി കമ്പനികളിൽ പി എൻ സി ഇൻഫ്ര നഷ്ടത്തിലായപ്പോൾ പുറവങ്കരയും ശോഭയും ഉയർന്നു.
ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റിസർച്ച് ഹെഡ് വിനോദ് നായർ പറയുന്നു: ഐടി ഓഹരികളുടെ നേതൃത്വത്തിൽ ആഗോള വിപണിയിലെ ഉന്മേഷം ആഭ്യന്തര വിപണിയിലും പറന്നു. വിൻഡ് ഫാൾ ടാക്‌സ് കുറച്ചതിന്റെ ഫലമായി അപ്‌സ്ട്രീം ഓയിൽ കമ്പനികൾ നേട്ടമുണ്ടാക്കി. യുഎസിലെ ശക്തമായ തൊഴിൽ ഡാറ്റയ്ക്ക് ശേഷം, ഉയർന്ന പണപ്പെരുപ്പ സംഖ്യകളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും ശക്തമായ ചില്ലറ വിൽപ്പന സംഖ്യകൾ സമ്പദ്‌വ്യവസ്ഥയുടെ പ്രതിരോധശേഷി തെളിയിച്ചു. എന്നിരുന്നാലും, ശക്തമായ സമ്പദ്‌വ്യവസ്ഥ കർശനമായ ധനനയം ആകർഷിക്കുമെന്ന ആശങ്ക നേട്ടങ്ങളെ പരിമിതപ്പെടുത്തി..
സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി 57.00 പോയിന്റ് ഉയർച്ചയിലാണ് വ്യാപാരം നടക്കുന്നത്. എന്നാൽ, മറ്റ് ഏഷ്യൻ വിപണികൾ എല്ലാം പൊതുവെ താഴ്ചയിൽ അവസാനിച്ചു. ചൈന ഷാങ്ഹായിയും ജക്കാർത്ത കോമ്പസിറ്റും ഉയർന്നിട്ടുണ്ട്.
യൂറോപ്യൻ വിപണികളിൽ പാരീസും ഫ്രാങ്ക്ഫർട്ടും ലണ്ടൻ ഫുട്‍സീയും ഇന്നും നേട്ടത്തോടെയാണ് തുടക്കം.
ഇന്നലെ യുഎസ് സൂചികകൾ വീണ്ടും പച്ചയിലേക്കു മടങ്ങി. ഡൗ ജോൺസ് 38.78 പോയിന്റും എസ് ആൻഡ് പി 11.47 താഴ്ന്നപ്പോൾ നസ്‌ഡേക് 110.45 പോയിന്റും നേട്ടത്തിൽ അവസാനിച്ചു.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 41,600 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 5,200 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 20 പൈസ കുറഞ്ഞ് 71.80 രൂപയും എട്ട് ഗ്രാമിന് 1.60 രൂപ കുറഞ്ഞ് 574.40 രൂപയുമായിട്ടുണ്ട്.
ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 21 പൈസ ഉയര്‍ന്ന് 82.62ല്‍ എത്തി.
ക്രൂഡ് ഓയിൽ -0.57 ശതമാനം ഇടിഞ്ഞ് ബാരലിന് 84.83 രൂപയായി.