image

28 Dec 2022 10:45 AM GMT

Stock Market Updates

ആഗോള വിപണികൾക്കൊപ്പം നേരിയ നഷ്ടത്തിലവസാനിച്ചു സൂചികകൾ

Mohan Kakanadan

Stock Market
X

Summary

  • മിക്കവാറും എല്ലാ മേഖല സൂചികകളും ഇടിഞ്ഞപ്പോൾ നിഫ്റ്റി കൺസ്യൂമർ ഡ്യൂറബിൾസും ഓയിൽ ആൻഡ് ഗ്യാസും 1 ശതമാനത്തിലേറെ ഉയര്ന്നു.
  • കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ധനലക്ഷ്മി ബാങ്ക്, എഫ് എ സി ടി, ഫെഡറൽ ബാങ്ക്, ജിയോജിത്, കല്യാൺ ജൂവല്ലേഴ്‌സ്, കിംസ്, മണപ്പുറം, മുതൂറ് ഫിനാൻസ്, വി ഗാർഡ്, വണ്ടർല എന്നിവ പച്ചയിലാണ് അവസാനിച്ചത്.


കൊച്ചി: തുടക്കം മുതൽ ചാഞ്ചാടി നിന്ന ആഭ്യന്തര സൂചികകൾ ഒടുവിൽ നേരിയ നഷ്ടത്തിൽ കലാശിച്ചു. സെന്‍സെക്‌സ് 17.15 പോയിന്റ് താഴ്ന്നു 60,910.28ലും നിഫ്റ്റി 9.80 പോയിന്റ് താഴ്ന്നു 18,122.50 ലുമാണ് ക്ലോസ് ചെയ്തത്. ബാങ്ക് നിഫ്റ്റി 31.80 പോയിന്റ് താഴ്ന്ന് 42,827.70 ൽ അവസാനിച്ചു.

മിക്കവാറും എല്ലാ മേഖല സൂചികകളും ഇടിഞ്ഞപ്പോൾ നിഫ്റ്റി കൺസ്യൂമർ ഡ്യൂറബിൾസും ഓയിൽ ആൻഡ് ഗ്യാസും 1 ശതമാനത്തിലേറെ ഉയര്ന്നു. നിഫ്റ്റി 50-ലെ 19 ഓഹരികൾ ഉയർന്നപ്പോൾ 31 എണ്ണം താഴ്ചയിലായിരുന്നു.

നിഫ്ടിയിൽ ഇന്ന് ടൈറ്റാൻ, മഹിന്ദ്ര ആൻഡ് മഹിന്ദ്ര, മാരുതി, പവർ ഗ്രിഡ്, യു പി എൽ എന്നിവ പച്ചയിൽ അവസാനിച്ചപ്പോൾ ഭാരതി എയർടെൽ, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻ സെർവ്, സിപ്ല എന്നിവ നഷ്ടത്തിലായി.

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ധനലക്ഷ്മി ബാങ്ക്, എഫ് എ സി ടി, ഫെഡറൽ ബാങ്ക്, ജിയോജിത്, കല്യാൺ ജൂവല്ലേഴ്‌സ്, കിംസ്, മണപ്പുറം, മുതൂറ് ഫിനാൻസ്, വി ഗാർഡ്, വണ്ടർല എന്നിവ പച്ചയിലാണ് അവസാനിച്ചത്.

എന്നാൽ ആസ്റ്റർ ഡി എം, സിഎസ്ബി ബാങ്ക്, ജ്യോതി ലാബ്, കിംസ്, മുത്തൂറ്റ് ക്യാപിറ്റൽ, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവ നഷ്ടത്തിൽ കലാശിച്ചു.

റിയാലിറ്റി കമ്പനികളായ പുറവങ്കരയും, ശോഭയും, പി എൻ സി ഇൻഫ്രയും ചുവപ്പിൽ തന്നെ അവസാനിച്ചു.

"സമ്മിശ്ര ആഗോള സൂചനകൾ ഉറച്ച ഏകപക്ഷീയമായ നീക്കം നടത്താൻ നിക്ഷേപകരെ വിലക്കിയതിനാൽ വിപണി നേട്ടത്തിനും നഷ്ടത്തിനും ഇടയിലായി. എന്നിരുന്നാലും, ചൈനീസ് സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കുന്നതിനുള്ള നടപടികൾ ഡിമാൻഡ് വീണ്ടെടുക്കാനുള്ള സാധ്യത വർദ്ധിപ്പിച്ചു, ജിയോജിത് ഫിനാൻഷ്യൽ റിസർച്ച് മേധാവി വിനോദ് നായർ പറഞ്ഞു.

പ്രധാന ഏഷ്യൻ വിപണികളെല്ലാം താഴ്ചയിലാണവസാനിച്ചത്. സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇപ്പോൾ -11.00 പോയിന്റ് ഇടിഞ്ഞാണു വ്യാപാരം നടക്കുന്നത്.

യുഎസ് വിപണികൾ ഇന്നലെ നഷ്ടത്തിലായിരുന്നു. എന്നാൽ, യൂറോപ്യൻ വിപണികൾ ഇന്ന് മിശ്രിതമായാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.

സ്വര്‍ണവില വീണ്ടും ഇന്ന് 40,000 രൂപ കടന്നു പവന് 160 രൂപ വര്‍ധിച്ച് 40,120 രൂപയിലെത്തി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5,015 രൂപയിലാണ് വ്യാപാരം നടന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച സ്വര്‍ണവില പവന് 39,960 രൂപയില്‍ എത്തിയിരുന്നു. ഇന്നലെ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായില്ല.

ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 1 പൈസ കുറഞ്ഞ് 82.82ല്‍ എത്തിയിട്ടുണ്ട്.

ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.36 ശതമാനം വര്‍ധിച്ച് 84.21 യുഎസ് ഡോളറായിട്ടുണ്ട്.