1 March 2023 1:45 AM GMT
വിദേശ നിക്ഷേപകർ കയ്യൊഴിയുന്നു; സൂചികകൾ തുടർച്ചയായ എട്ടാം ദിവസവും ഇടിവിൽ
Mohan Kakanadan
Summary
- എട്ട് ദിവസത്തെ ഇടിവിൽ നിക്ഷേപകരുടെ സമ്പത്തിൽ 10.58 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായിട്ടുണ്ട്.
- സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി സൂചിക ഇന്ന് രാവിലെ 7.15 ന് -38.00 പോയിന്റ് താഴ്ന്നാണ് വ്യാപാരം തുടങ്ങിയിരിക്കുന്നത്.
കൊച്ചി: ഉൽപ്പാദനമേഖലയിലെ തുടർച്ചയായ മാന്ദ്യവും കടമെടുക്കൽ ചെലവുകൾ കൂടിയതും മൂലം ഡിസംബർ പാദത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 4.4 ശതമാനമായി കുറഞ്ഞു. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇത് ഒരു വർഷം മുമ്പുള്ള 11.2 ശതമാനത്തിൽ നിന്നും മുൻ പാദത്തിലെ 6.3 ശതമാനത്തിൽ നിന്നും വളരെ കുറവാണെന്നു കാണാം. തന്മൂലം, 2022-23 സാമ്പത്തിക വർഷത്തിൽ മൊത്തമായി 7 ശതമാനം യഥാർത്ഥ ജിഡിപി വളർച്ചാ നിരക്ക് കൈവരിക്കാൻ മാർച്ച് പാദത്തിൽ ഇന്ത്യ 5-5.1 ശതമാനം വളർച്ച നേടേണ്ടതുണ്ടെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ പറഞ്ഞു. ഇത് നേടാനാവുന്നതേയുള്ളു എന്നും വളരെ യാഥാർത്ഥ്യമാണ് എന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
എന്നാൽ, വ്യാവസായിക തൊഴിലാളികളുടെ റീട്ടെയിൽ പണപ്പെരുപ്പം പ്രധാനമായും ചില ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം കാരണം ഡിസംബറിലെ 5.50 ശതമാനത്തിൽ നിന്ന് ജനുവരിയിൽ 6.16 ശതമാനമായി ഉയർന്നു,.
(ഭക്ഷ്യവിലപ്പെരുപ്പം രാജ്യത്തെ വ്യാവസായികമായി പ്രാധാന്യമുള്ള 88 കേന്ദ്രങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 317 വിപണികളിൽ നിന്ന് ശേഖരിക്കുന്ന ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ളതാണ്.)
പലിശനിരക്ക് വർദ്ധനയെക്കുറിച്ചുള്ള ആശങ്കകളും വിദേശ നിക്ഷേപകരുടെ വിറ്റഴിക്കലും കാരണം സെൻസെക്സും നിഫ്റ്റിയും ഇന്നലെ തുടർച്ചയായ എട്ടാം ദിവസവും ഇടിഞ്ഞ് നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. എട്ട് ദിവസത്തെ ഇടിവിൽ നിക്ഷേപകരുടെ സമ്പത്തിൽ 10.58 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായിട്ടുണ്ട്. 2019 മെയ് മാസത്തിൽ ഒമ്പത് ദിവസത്തേക്ക് തുടർച്ചയായി സെൻസെക്സും നിഫ്റ്റിയും റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിയിരുന്നു.
ഇന്നലെ ബിഎസ്‌ഇ സെൻസെക്‌സ് 326.23 പോയിൻറ് അഥവാ 0.55 ശതമാനം ഇടിഞ്ഞ് നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 58,962.12 ൽ എത്തി. എൻഎസ്ഇ നിഫ്റ്റി 88.75 പോയിൻറ് അഥവാ 0.51 ശതമാനം നഷ്ടം കാണിച്ച് നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 17,303.95 ൽ അവസാനിച്ചു.
സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി സൂചിക ഇന്ന് രാവിലെ 7.15 ന് -38.00 പോയിന്റ് താഴ്ന്നാണ് വ്യാപാരം തുടങ്ങിയിരിക്കുന്നത്. ഇത് ഇന്ത്യൻ വിപണിക്ക് ശുഭകരമല്ല.
എഫ് ഐഐ/ഡിഐഐ
എൻഎസ്ഇ കണക്കുകൾ പ്രകാരം ചൊവ്വാഴ്ച (ഫെബ്രുവരി 28) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 4,609.87 കോടി രൂപയ്‌ക്ക് അധികം വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -4,559.21 കോടി രൂപയ്‌ക്ക് ഓഹരികൾ അധികം വിറ്റു.
കേരള കമ്പനികൾ
കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ഇന്നലെ സി എസ് ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഫെഡറൽ ബാങ്ക്, എഫ്എസിടി, ഹാരിസൺ മലയാളം, കിംസ്, കിറ്റെക്സ്, മണപ്പുറം, മുത്തൂറ്റ് ഫിനാൻസ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വി ഗാർഡ്, വണ്ടർ ല എന്നിവയെല്ലാം പച്ചയിൽ കയറി. റിയാലിറ്റി കമ്പനികളായ പി എൻ സി ഇൻഫ്രയും, പുറവങ്കരയും, ശോഭയും ഇടിഞ്ഞു.
ആഗോള വിപണി
ഏഷ്യൻ വിപണികൾ ഇന്ന് സമ്മിശ്രമായാണ് ആരംഭിച്ചിട്ടുള്ളത്. ചൈന ഷാങ്ങ്ഹായ് (-0.47), ജപ്പാൻ നിക്കേ (-42.24) തായ്‌വാൻ (-36.89), ദക്ഷിണ കൊറിയ കോസ്‌പി (-10.21), ജക്കാർത്ത കോമ്പോസിറ്റ് (-11.54) എന്നിവ താഴ്ചയിൽ തുടക്കം കുറിച്ചിരിക്കുന്നു. എന്നാൽ, ഹോങ്കോംഗ് ഹാങ്ങ് സെങ് (64.03) നേട്ടത്തിലാണ്.
യുഎസ് സൂചികകൾ വീണ്ടും കുത്തനെ ഇടിഞ്ഞു. ഡൗ ജോൺസ് ഇൻഡസ്‌ട്രിയൽ -232.39 പോയിന്റും എസ് ആൻഡ് പി -12.09 പോയിന്റും, നസ്‌ഡേക് 11.43 പോയിന്റും താഴ്ചയിലാണ് അവസാനിച്ചത്.
യൂറോപ്പിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ലണ്ടൻ ഫുട്‍സീയും (-58.83), പാരീസ് യുറോനെക്സ്റ്റും (-27.62), ഫ്രാങ്ക്ഫർട് ഡി എ എക്‌സും (-16.29) താഴ്ചയിൽ അവസാനിച്ചു.
വിദഗ്ധാഭിപ്രായം
രൂപക് ദേ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: നിർണ്ണായകമായ ദീർഘകാല ശരാശരിയേക്കാൾ താഴെയാണ് നിഫ്റ്റി സൂചിക നിൽക്കുന്നത് എന്നതിനാൽ വളരെ നെഗറ്റീവ് പ്രവണതയാണ് കാണപ്പെടുന്നത്. 17150-17100 ലേക്കുള്ള കൂടുതൽ ഇടിവ് ആസന്നമായതായി തോന്നുന്നു, ബുള്ളുകൾ ഇന്ത്യൻ ഓഹരികളെ പിന്തുണയ്ക്കാൻ തിടുക്കം കാണിക്കുന്നില്ല. ഉയർന്ന തലത്തിൽ, 17400 ൽ ഉടനടി പ്രതിരോധം ദൃശ്യമാണ്, അതിന് മുകളിൽ കയറിയാൽ ട്രെൻഡ് വിപരീതമായേക്കാം.
വിനോദ് നായർ, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റിസർച്ച് മേധാവി: ഉയർന്ന പണപ്പെരുപ്പവും ഇടുങ്ങിയ പണനയവും മൂലമുള്ള സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യം കാരണം ആഗോള നിക്ഷേപകരുടെ ഓഹരി വിപണിയിലുള്ള താൽപ്പര്യം കുറയുകയാണ്. അവർ സുരക്ഷിതമായ ആസ്തികളിലേക്ക് തിരിയുന്നു; കോർപ്പറേറ്റ് വരുമാന വളർച്ച കുറയുന്നതും ഓഹരി വിപണിയുടെ പ്രകടനത്തെ ബാധിക്കുകയും മൂല്യനിർണ്ണയത്തിൽ തരംതാഴ്ത്തൽ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.. മറ്റ് ഉയർന്നുവരുന്ന വിപണികളെ അപേക്ഷിച്ച് ഇന്ത്യൻ വിപണി ചെലവേറിയതാണ് എന്നതും ആഗോള വിപണിയുമായി താരതമ്യം ചെയ്യുമ്പോഴുള്ള മോശം പ്രകടനത്തിന് കാരണമാകുന്നു.
ശ്രദ്ധിക്കേണ്ട ഓഹരികൾ
15 പുനരുപയോഗ ഊർജ ആസ്തികൾ 10,066.99 കോടി രൂപയ്ക്ക് എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡിന് കൈമാറിയതായി വൈദ്യുതി ഭീമനായ എൻടിപിസി (ഓഹരി വില 170.50 രൂപ) ചൊവ്വാഴ്ച അറിയിച്ചു.
സിൻഡിക്കേറ്റ് വായ്പയും ഉഭയകക്ഷി ബാങ്ക് സൗകര്യങ്ങളും സംയോജിപ്പിച്ച് $1.75 ബില്യൺ സംഭരിക്കാനുള്ള അന്തിമ ഘട്ടത്തിലാണെന്ന് മൈനിംഗ്, ഓയിൽ ആൻഡ് ഗ്യാസ് കമ്പനി വേദാന്ത ലിമിറ്റഡിന്റെ (ഓഹരി വില 268.350 രൂപ) ഭൂരിഭാഗം ഉടമയായ വേദാന്ത റിസോഴ്‌സസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഇന്റഗ്രേറ്റഡ് കോർ സ്ട്രാറ്റജീസ് (ഏഷ്യ) ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോകോണിന്റെ (ഓഹരി വില 229.15 രൂപ) 80,61,599 ഓഹരികൾ ഓരോ ഓഹരിക്കും ശരാശരി 229.26 രൂപ നിരക്കിൽ 185 കോടി രൂപയ്ക്കു ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ വാങ്ങി.
രക്തം കട്ടപിടിക്കുന്നത് തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ഒരു ജനറിക് മരുന്ന് വിപണിയിൽ എത്തിക്കുന്നതിന് യുഎസ് ഹെൽത്ത് റെഗുലേറ്ററിൽ നിന്ന് അനുമതി ലഭിച്ചതായി സൈഡസ് ലൈഫ് സയൻസസ് (ഓഹരി വില 465.80 രൂപ) ചൊവ്വാഴ്ച അറിയിച്ചു. വിപണി കണക്കുകളനുസരിച്ച് ഈ ടാബ്‌ലെറ്റുകൾക്ക് യുഎസിൽ 18,876 ദശലക്ഷം ഡോളറിന്റെ വാർഷിക വിൽപ്പനയുണ്ട്.
ടിവിഎസ് മോട്ടോർ (ഓഹരി വില 1080.30 രൂപ) ആഭ്യന്തര, വിദേശ വിപണികളിൽ തങ്ങളുടെ പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡായ ടിവിഎസ് അപ്പാച്ചെ സീരീസിന്റെ അഞ്ച് ദശലക്ഷം യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി.
ഉപഭോക്താക്കൾക്ക് വാഹന സാമ്പത്തിക ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നതിനായി ഇന്ത്യൻ ബാങ്ക് (ഓഹരി വില 257.10 രൂപ) വാഹന നിർമ്മാതാക്കളായ ടൊയോട്ട കിർലോസ്‌കർ മോട്ടോറുമായി കരാർ ഒപ്പിട്ടതായി ചൊവ്വാഴ്ച അറിയിച്ചു.
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കും ഇലക്ട്രിക് ഉപകരണ നിർമ്മാതാക്കളായ വി-ഗാർഡ് ഇൻഡസ്ട്രീസും (ഓഹരി വില 245.95 രൂപ) സോളാർ റൂഫ്‌ടോപ്പ് പവർ സിസ്റ്റങ്ങൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ധനസഹായം നൽകുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു.
ഹൗസിംഗ് ഫിനാൻസ് കമ്പനിയായ എച്ച്‌ഡിഎഫ്‌സിയും (ഓഹരി വില 2609.45 രൂപ) പൊതുമേഖലാ സ്ഥാപനമായ പഞ്ചാബ് നാഷണൽ ബാങ്കും (ഓഹരി വില 48.35 രൂപ) ചൊവ്വാഴ്ച തങ്ങളുടെ വായ്പാ പലിശ നിരക്കിൽ 25 ബേസിസ് പോയിന്റ് വരെ വർദ്ധന പ്രഖ്യാപിച്ചു, പുതുക്കിയ നിരക്കുകൾ മാർച്ച് ഒന്നു മുതൽ പ്രാബല്യത്തിൽ വരും.
യുഎസ് ഡോളർ = 82.58 രൂപ (-21 പൈസ).
ബ്രെന്റ് ക്രൂഡോയില്‍ ഫ്യൂച്ചേഴ്‌സ് (ബാരലിന്) 83.07 ഡോളർ (+0.75%)
സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,145 രൂപ (+10 രൂപ)
ബിറ്റ് കോയിൻ = 20,38,394 രൂപ.
ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.03 ശതമാനം ഉയർന്ന് 104.70 ന് വ്യാപാരം നടക്കുന്നു.