image

7 Feb 2023 3:00 AM GMT

Stock Market Updates

ഉയർന്ന ഓഹരി മൂല്യം വിപണിയെ പുറകോട്ട് വലിക്കുന്നു; സിംഗപ്പൂർ നേട്ടത്തിൽ

Mohan Kakanadan

sensex down
X

Summary

  • അദാനി എന്റർപ്രൈസസിന്റെ വില ഓഹരിക്ക് 947 രൂപയായി കണക്കാക്കുന്നു: അശ്വഥ് ദാമോദരൻ
  • നാളെ റിസർവ് ബാങ്ക് പ്രഖ്യാപിക്കുന്ന പണനയം നിർണായകമാണ്.
  • അദാനി ഗ്രൂപ്പ് കമ്പനികളുടെ സംയുക്ത ഓഹരി മൂല്യം 9.5 ലക്ഷം കോടി രൂപ കുത്തനെ ഇടിഞ്ഞു


കൊച്ചി: നിക്ഷേപകരെ ആശങ്കയിലാഴ്ത്തിക്കൊണ്ട് പ്രമുഖ വാലുവർ ആയ അശ്വഥ് ദാമോദരൻ അദാനി എന്റർപ്രൈസസിന്റെ വില ഓഹരിക്ക് 947 രൂപയായി കണക്കാക്കുന്നുവെന്നും താനൊരിക്കലും വില ഇതിലും കുറഞ്ഞാലും അതിൽ നിക്ഷേപിക്കില്ലെന്നും സി എൻ ബി സി-ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. യുഎസ് ആസ്ഥാനമായുള്ള ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിപ്പോർട്ടിന് അദാനി വ്യക്തമായ ഉത്തരം നൽകണമെന്ന് ദാമോദരൻ ആവശ്യപ്പെട്ടു. അദാനി ഗ്രൂപ്പ് കമ്പനികളെല്ലാം ഇന്നലെയും വിപണിയിൽ താഴ്ചയിലായിരുന്നു. അദാനിപോർട്സ് മാത്രം നേരിയ നേട്ടം കൈവരിച്ചിട്ടുണ്ട്. ഹിൻഡൻബർഗ് റിപ്പോർട്ടിന് ശേഷം അദാനി ഗ്രൂപ്പ് കമ്പനികളുടെ സംയുക്ത ഓഹരി മൂല്യം 9.5 ലക്ഷം കോടി രൂപ കുത്തനെ ഇടിഞ്ഞു.

ഇന്ത്യൻ കമ്പനികളുടെ ഓഹരിവില അമിതമാണെന്നു വിശകലന വിദഗ്ധർ നേരത്തെ തന്നെ സൂചിപ്പിച്ചിട്ടുള്ളത് ഇത് ഓർമിപ്പിക്കുന്നു. വിദേശ നിക്ഷേപകർ ചൈനയിലേക്ക് പോകുന്നതിന്റെ ഒരു കാരണമിതാണെന്നു വിദഗ്ധന്മാർ പറയുന്നുണ്ട്.

നാളെ റിസർവ് ബാങ്ക് പ്രഖ്യാപിക്കുന്ന പണനയവും നിർണായകമാണ്. കഴിഞ്ഞ വർഷം മെയ് മുതൽ പണപ്പെരുപ്പം തടയുന്നതിനായി റിസർവ് ബാങ്ക് റിപ്പോ നിരക്ക് 225 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ചിട്ടുണ്ട്. വീണ്ടുമൊരു 25 ബേസിസ് പോയിന്റ് വർധനയാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്.

ഇന്നലെ സെൻസെക്സ് 334.98 പോയിന്റ് താഴ്ന്ന് 60506 90 ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 89.45 പോയിന്റ് താഴ്ന്ന് 17764.60 ൽ എത്തി. ബാങ്ക് നിഫ്റ്റിയാകട്ടെ 125.05 പോയിന്റ് താഴ്ചയിൽ 41374.65-ലാണ് അവസാനിച്ചത്.

സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്ന് രാവിലെ 8.15 ന് 85.00 പോയിന്റ് ഉയർന്നാണ് വ്യാപാരം നടക്കുന്നത്.

ഇന്ന് അദാനി പോർട്ട്, അംബുജ സിമൻറ്, സെഞ്ച്വറി പ്ലൈവുഡ്, ചമ്പൽ ഫെർട്ടിലൈസേഴ്‌സ്, ഭാരതി എയർടെൽ, ഹീറോ മോട്ടോകോർപ്പ്, അദാനി ഗ്രീൻ എനർജി, ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ കല്യാൺ ജ്വല്ലേഴ്‌സ്, എൻ ഡി ടി വി,, ശോഭ ലിമിറ്റഡ്, തെർമാക്സ്, വണ്ടർ ല തുടങ്ങിയ മുൻനിര കമ്പനികളുടെ പാദ ഫലങ്ങൾ പുറത്തുവരുന്നുണ്ട്.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇ കണക്കുകൾ പ്രകാരം തിങ്കളാഴ്ച (February 6) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 1,203.09 കോടി രൂപക്ക് അധികം വാങ്ങി. എന്നാൽ, വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -1218.14 കോടി രൂപക്ക് അധികം വില്പന നടത്തി.

ലോക വിപണി

ഏഷ്യൻ വിപണികൾ ഇന്ന് ഉയർച്ചയിലാണ് ആരംഭിച്ചിട്ടുള്ളത്.

എന്നാൽ, ഇന്നലെ യുഎസ് സൂചികകളെല്ലാം താഴ്ചയിലായിരുന്നു. ഡൗ ജോൺസ്‌ -34.99 പോയിന്റും എസ് ആൻഡ് പി 500 -26.40 പോയിന്റും നസ്‌ഡേക് -119.51 പോയിന്റും താഴ്ചയിൽ അവസാനിച്ചു.

യൂറോപ്പിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പാരീസ് യുറോനെക്സ്റ്റ് (-96.84), ലണ്ടൻ ഫുട്‍സീ (65.09) ഫ്രാങ്ക്ഫർട് ഡി എ എക്സ് (-130.52) എന്നിവയെല്ലാം ഇടിഞ്ഞു..

വിദഗ്ധാഭിപ്രായം

രൂപക് ദേ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: നിഫ്റ്റി 90 പോയിന്റ് താഴ്ന്ന് ക്ലോസ് ചെയ്യുന്നതിനുമുമ്പ് അസ്ഥിരമായി തുടർന്നു. പ്രതിദിന ചാർട്ടിൽ, സൂചിക താഴ്ന്നത് ബുള്ളിഷ്‌നെസ് കുറയുന്നതായി സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ബുള്ളുകൾക്ക് 17650-ൽ പിന്തുണ ലഭിക്കാൻ ഇടയുണ്ട്. മുന്നോട്ട് പോകുമ്പോൾ, ഉയർന്ന തലത്തിൽ, 17950-18000 ഒരു നിർണായക പ്രതിരോധമായി പ്രവർത്തിച്ചേക്കാം.

കുനാൽ ഷാ, സീനിയർ ടെക്നിക്കൽ ആൻഡ് ഡെറിവേറ്റീവ് അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: ബാങ്ക് നിഫ്റ്റി സൂചിക ഇന്നലെ ബുള്ളുകളും ബെയറുകളും സജീവമായിരുന്ന 41000-42000 ലെവലുകൾക്കിടയിൽ റേഞ്ച്-ബൗണ്ട് ട്രേഡിംഗിൽ തട്ടി നിന്നു. മുകളിലേക്കുള്ള മുന്നേറ്റം പുനരാരംഭിക്കണമെങ്കിൽ സൂചിക 42000 മറികടക്കണം. മൊത്തത്തിൽ ഒരു ബുള്ളിഷ് പ്രവണത തുടരുന്നുണ്ടെങ്കിലും 41500-41400 സോണിൽ ശക്തമായ പിന്തുണ കണക്കാക്കി താഴുമ്പോൾ വാങ്ങുക (ബൈ-ഓൺ-ഡിപ്പ്) എന്ന സമീപനം നിലനിർത്തണം.

ശ്രദ്ധിക്കേണ്ട ഓഹരികൾ

നിര്മ്മാ ഗ്രൂപ്പിന്റെ ഭാഗമായ സിമന്റ് നിർമ്മാതാക്കളായ നുവോക്കോ വിസ്റ്റാസ് കോർപ്പറേഷൻ (ഓഹരി വില: 344.05 രൂപ) 2022-23 സാമ്പത്തിക വർഷത്തിലെ ഡിസംബർ പാദത്തിൽ അതിന്റെ ഏകീകൃത അറ്റ നഷ്ടം 75.29 കോടി രൂപയായി കുറഞ്ഞതായി തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. ഒരു വർഷം മുമ്പ് ഒക്‌ടോബർ-ഡിസംബർ കാലയളവിൽ കമ്പനി 85.54 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തിയിരുന്നു.

ഡിസംബർ പാദത്തിൽ അറ്റാദായം 37 ശതമാനം ഇടിഞ്ഞ് 480.30 കോടി രൂപയായതായി എൽഐസി ഹൗസിംഗ് ഫിനാൻസ് (ഓഹരി വില: 388.20 രൂപ) തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.

ഒക്‌ടോബർ-ഡിസംബർ പാദത്തിൽ ചരക്ക് വിലക്കയറ്റം മൂലം അറ്റാദായം 2 ശതമാനം കുറഞ്ഞ് 207 കോടി രൂപയായതായി പ്രോക്ടർ ആൻഡ് ഗാംബിൾ ഹൈജീൻ ആൻഡ് ഹെൽത്ത് കെയർ (ഓഹരി വില: 13669.45 രൂപ) തിങ്കളാഴ്ച അറിയിച്ചു.

ഒഡീഷയിലെ ജാർസുഗുഡയിൽ 1.5 mpta ബ്രൗൺഫീൽഡ് സിമന്റ് ഗ്രൈൻഡിംഗ് യൂണിറ്റ് കമ്മീഷൻ ചെയ്യുന്നതായി അൾട്രാ ടെക് (ഓഹരി വില: 7127.25 രൂപ) പ്രഖ്യാപിച്ചു,

2022 ഡിസംബർ 31 ന് അവസാനിച്ച പാദത്തിൽ ഉയർന്ന ചെലവുകൾ കാരണം ടാറ്റ സ്റ്റീൽ (ഓഹരി വില: 117.45 രൂപ) 2,501.95 കോടി രൂപയുടെ അറ്റ നഷ്ടം റിപ്പോർട്ട് ചെയ്തു. കമ്പനിയുടെ അറ്റാദായം മുൻ വർഷം 9,598.16 കോടി രൂപയായിരുന്നു.

അറ്റ പലിശ വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം 10 ശതമാനം ഇടിഞ്ഞ് 1,704 കോടി രൂപയായതിനാൽ മുത്തൂറ്റ് ഫിനാൻസ്ന്റെ (ഓഹരി വില: 1037.45 രൂപ) 2023 ഡിസംബറിൽ അവസാനിച്ച മൂന്ന് മാസ കാലയളവിലെ ലാഭം 12.4 ശതമാനം ഇടിഞ്ഞു 902 കോടി രൂപയായി.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,265 രൂപ (+25 രൂപ)

യുഎസ് ഡോളർ = 82.76 രൂപ (+68 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) 81.62 ഡോളർ (+0.78%)

ബിറ്റ് കോയിൻ = 19,41,999 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക +0.14 ശതമാനം ഉയർന്ന് 103.13 ആയി.