15 Dec 2022 10:40 AM GMT
യുഎസ് പലിശനിരക്കിൽ ഇടിഞ്ഞ് ഇന്ത്യൻ വിപണികൾ; സെൻസെക്സ് 62,000-നു താഴെ
Mohan Kakanadan
Summary
- നിഫ്ടിയിൽ ബ്രിട്ടാനിയ, ഹീറോ മോട്ടോർസ്, എസ് ബി ഐ ലൈഫ്, എൻ ടി പി സി, സൺ ഫാർമ എന്നിവ മികച്ച മുന്നേറ്റം കാഴ്ചവെച്ചു. ടെക് മഹിന്ദ്ര, ടൈറ്റൻ, ഇൻഫോസിസ്, എച് ഡി എഫ് സി, ഐഷർ മോട്ടോർസ് എന്നിവ നഷ്ടത്തിലാണ് അവസാനിച്ചത്.
- ഫെഡറൽ ബാങ്കും സൗത്ത് ഇന്ത്യൻ ബാങ്കും ധനലക്ഷ്മി ബാങ്കും 52 ആഴ്ചത്തെ ഏറ്റവും ഉയർച്ച കണ്ടു.
കൊച്ചി: ആഗോള വിപണിയെ പിന്തുടർന്ന് സെന്‍സെക്‌സ് ഇന്ന് 878.88 പോയിന്റ് ഇടിഞ്ഞ് 61,799.03 ലും നിഫ്റ്റി 245.40 പോയിന്റ് താഴ്ന്ന് 18,414.90 ലുമെത്തി. ബാങ്ക് നിഫ്റ്റി ഇടക്ക് സർവകാല റെക്കോർഡ് ആയ 44,151.80 ൽ എത്തിയ ശേഷം 550.90 പോയിന്റ് ഇടിഞ്ഞ് 43,498.20 ൽ അവസാനിച്ചു. പൊതുമേഖലാ ബാങ്കുകൾ 1.88 ശതമാനം ഇടിഞ്ഞപ്പോൾ ഐ ടിയും മീഡിയയും 2 ശതമാനത്തിലേറെ താഴ്ചയിലേക്ക് വീണു.
വില്പനയുടെ അളവ് കണക്കാക്കിയാൽ ടാറ്റ സ്റ്റീൽ ഇന്നും 343.53 ലക്ഷം ഓഹരികളാണ് കൈമാറിയത്; അതായത് 38,379.59 ലക്ഷം രൂപ.
നിഫ്ടിയിൽ ബ്രിട്ടാനിയ, ഹീറോ മോട്ടോർസ്, എസ് ബി ഐ ലൈഫ്, എൻ ടി പി സി, സൺ ഫാർമ എന്നിവ മികച്ച മുന്നേറ്റം കാഴ്ചവെച്ചു. ടെക് മഹിന്ദ്ര, ടൈറ്റൻ, ഇൻഫോസിസ്, എച് ഡി എഫ് സി, ഐഷർ മോട്ടോർസ് എന്നിവ നഷ്ടത്തിലാണ് അവസാനിച്ചത്.
എൻഎസ്ഇ 50ലെ 45 ഓഹരികൾ താഴ്ചയിലായപ്പോൾ 5 ഓഹരികൾ ഉയർന്നിട്ടുണ്ട്.
കേരള ബാങ്കുകൾ ഇന്ന് പുതിയ ഉയരങ്ങളിൽ എത്തി. ഫെഡറൽ ബാങ്കും സൗത്ത് ഇന്ത്യൻ ബാങ്കും ധനലക്ഷ്മി ബാങ്കും 52 ആഴ്ചത്തെ ഏറ്റവും ഉയർച്ച കണ്ടു.. ഫെഡറൽ ബാങ്ക് 142.20 ൽ എത്തിയപ്പോൾ സൗത്ത് ഇന്ത്യൻ ബാങ്ക് 21.80 ലും ധനലക്ഷ്മി 25.70 ലുമെത്തി. അതുപോലെ എസ് ബി ഐയും ബ്രിട്ടാനിയയും യഥാക്രമം 629.55 ലും 4485 ലുമായി ഇന്ന് 52 ആഴ്ചത്തെ ഉയർച്ചയിൽ എത്തി.
കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ സിഎസ്‌ബി ബാങ്കും, ഫെഡറൽ ബാങ്കും, ധനലക്ഷ്മി ബാങ്കും, ഫാക്റ്റും, ജിയിജിത്തും, കിറ്റെക്‌സും, കല്യാൺ ജൂവല്ലേഴ്‌സും, മണപ്പുറവും, ലാഭത്തിലായിരുന്നു. എന്നാൽ, ആസ്റ്റർ ഡിഎമ്മും, കൊച്ചിൻ ഷിപ് യാഡും, വണ്ടർ ലയും ജ്യോതി ലാബും, കിംസും, ഹാരിസൺ മലയാളവും, മുത്തൂറ്റ് ക്യാപിറ്റലും, മുത്തൂറ്റ് ഫൈനാൻസും, വി ഗാർഡും ചുവപ്പിലേക്ക് വീണിട്ടുണ്ട്. റീയൽട്ടി കമ്പനികളായ പുറവങ്കരയും ശോഭയും നഷ്ടത്തിൽ അവസാനിച്ചപ്പോൾ പി എൻ സി ഇൻഫ്ര നേട്ടത്തിലാണ്.
ഏഷ്യൻ വിപണികളെല്ലാം താഴ്ചയിലാണ്. രാവിലെ 65 പോയിന്റ് താഴ്ചയിൽ ആരംഭിച്ച സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇപ്പോൾ -287.50 പോയിന്റ് ഇടിഞ്ഞിട്ടുണ്ട്.
യുഎസ് വിപണികൾ ഇന്നലെ നഷ്ടത്തിൽ അവസാനിച്ചു. യൂറോപ്യൻ വിപണികൾ രാവിലെ നഷ്ടത്തിൽ തുറന്നിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് സ്വർണവില 22 കാരറ്റ് ഗ്രാമിന് 40 രുപയാണ് കുറവ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4,990 രൂപയായി. പവനാകട്ടെ വില 39,920 രൂപ. ബുധനാഴ്ച പവന് 400 രൂപ കൂടി ഈ മാസത്തെ ഏറ്റവും ഉയര്‍ച്ച രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 5,030 രൂപയും പവന് 40,240 രൂപയുമായിരുന്നു വില.
ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 82.70 ഡോളറിൽ എത്തിയിട്ടുണ്ട്.
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 28 പൈസ ഉയര്‍ന്ന് 82.75 ൽ വ്യാപാരം അവസാനിച്ചു.