2 Dec 2022 2:03 AM GMT
ഇന്ത്യൻ സൂചികകൾ മുന്നേറ്റം തുടരുന്നു; ആഗോള വിപണികൾ വീണ്ടും താഴ്ചയിൽ
Mohan Kakanadan
Summary
- കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ധനലക്ഷ്മി ബാങ്ക് 52 ആഴ്ചത്തെ ഏറ്റവും ഉയർന്ന വിലയായ 17.85-ൽ എത്തിയെങ്കിലും 17.60-ൽ അവസാനിച്ചു; അതുപോലെ കൊച്ചിൻ ഷിപ്‌യാർഡും 52 ആഴ്ചത്തെ ഉയർച്ചയായ 685.50 -ൽ എത്തിയിട്ട് 663.10-ൽ അവസാനിച്ചു.
- സിങ്കപ്പൂർ എസ് ജി എക്സ് നിഫ്റ്റി താഴ്ചയിലാണ് ഇന്ന് തുടക്കം; രാവിലെ 7.30-നു -50.50 പോയിന്റ് കുറഞ്ഞാണ് വ്യാപാരം നടക്കുന്നത്.
- നവംബർ മാസത്തിൽ എഫ് ഐ ഐ കൾ 22,546.34 കോടി രൂപയുടെ ഓഹരികൾ വാങ്ങി. അതേസമയം, ഡി ഐ ഐ-കൾ -6301.32 കോടി രൂപ അറ്റ വില്പന നടത്തി.
കൊച്ചി: ആഭ്യന്തര കണക്കുകൾ വിപണിക്ക് ഊർജം പകരുന്നതായാണ് കാണുന്നത്. ചരക്ക് സേവന നികുതിയിൽ നിന്നുള്ള വരുമാനം നവംബറിൽ 11 ശതമാനം വർധിച്ച് ഏകദേശം 1.46 ലക്ഷം കോടി രൂപയായി. വ്യാഴാഴ്‌ച പുറത്തു വന്ന പ്രതിമാസ സർവേ പ്രകാരം, പുതിയ ഓർഡറുകളും കയറ്റുമതിയും ഡിമാൻഡും വർധിച്ചതിനാൽ ആഭ്യന്തര ഉൽപ്പാദന പ്രവർത്തനങ്ങൾ നവംബറിൽ മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. കൂടാതെ, എസ് ആന്റ് പി ഗ്ലോബൽ ഇന്ത്യ മാനുഫാക്ചറിംഗ് പർച്ചേസിംഗ് മാനേജർമാരുടെ സൂചിക (PMI) ഒക്ടോബറിലെ 55.3 ൽ നിന്ന് വർധിച്ചു നവംബറിൽ 55.7 ആയി. ഇത് മൂന്ന് മാസത്തെ ഏറ്റവും ശക്തമായ പുരോഗതിയെ സൂചിപ്പിക്കുന്നു.
എന്നാൽ, സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി (CMIE)-യുടെ കണക്കുകൾ പ്രകാരം നവംബറിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 8 ശതമാനമായി ഉയർന്നിട്ടുണ്ട്. നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 8.96 ശതമാനവും ഗ്രാമപ്രദേശങ്ങളിൽ 7.55 ശതമാനവുമാണ്. ഒക്ടോബറിൽ നഗരങ്ങളിലെ തൊഴിലില്ലായ്മ 7.21 ശതമാനവും ഗ്രാമങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് 8.04 ശതമാനവുമായിരുന്നു.
വിപണിയാകട്ടെ ഇന്നലെ തുടര്‍ച്ചയായ എട്ടാം ദിവസവും മികച്ച മുന്നേറ്റം നടത്തി. സൂചികകൾ എക്കാലത്തെയും റെക്കോർഡിലാണ് നിലകൊള്ളുന്നത്. വ്യാപാരം അവസാനിച്ചപ്പോള്‍ ഇന്നലെ സെന്‍സെക്‌സ് 184.54 പോയിന്റ് വര്‍ധിച്ച് 63,284.19 ലും നിഫ്റ്റി 54.15 പോയിന്റ് നേട്ടത്തില്‍ 18,812.50 ലുമാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ഐ ടി മേഖലാ സൂചിക 2.40 ശതമാനം ഉയരത്തിലാണ്. എന്നാൽ, നിഫ്റ്റി ആട്ടോ 0.30 ശതമാനവും എഫ് എം സി ജി 0.36 ശതമാനവും താഴ്ന്നു.പ്രമുഖ വാഹന നിർമാതാക്കളുടെയെല്ലാം നവംബർ വിൽപന കണക്കുകൾ ആവേശകരമാണെന്നു റിപ്പോർട്ടുകളുണ്ട്. ഇത് ആ മേഖലയെ ഇന്ന് ഉയരങ്ങളിലേക്ക് നയിച്ചേക്കാം.
സിങ്കപ്പൂർ എസ് ജി എക്സ് നിഫ്റ്റി താഴ്ചയിലാണ് ഇന്ന് തുടക്കം; രാവിലെ 7.30-നു -50.50 പോയിന്റ് കുറഞ്ഞാണ് വ്യാപാരം നടക്കുന്നത്.
സെൻസെക്‌സിലെ കുതിപ്പിൽ ബിഎസ്‌ഇ-ലിസ്റ്റഡ് സ്ഥാപനങ്ങളുടെ വിപണി മൂലധനം എക്കാലത്തെയും ഉയർന്ന നിരക്കായ 289.88 ലക്ഷം കോടി രൂപയിലെത്തി.
കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ധനലക്ഷ്മി ബാങ്ക് 52 ആഴ്ചത്തെ ഏറ്റവും ഉയർന്ന വിലയായ 17.85-ൽ എത്തിയെങ്കിലും 17.60-ൽ അവസാനിച്ചു; അതുപോലെ കൊച്ചിൻ ഷിപ്‌യാർഡും 52 ആഴ്ചത്തെ ഉയർച്ചയായ 685.50 -ൽ എത്തിയിട്ട് 663.10-ൽ അവസാനിച്ചു.
എഫ് ഐഐ/ഡിഐഐ
എൻഎസ്ഇയിൽ ലഭ്യമായ താൽക്കാലിക കണക്കുകൾ പ്രകാരം ഇന്നലെ (ഡിസംബർ 1) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 2,664.98 കോടി രൂപയുടെ ഓഹരികൾ അധികം വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -1,565.93 കോടി രൂപയുടെ ഓഹരികൾ അധികം വിറ്റു. ശ്രദ്ധിച്ചു നോക്കിയാൽ, കഴിഞ്ഞ ആറ് സെഷനിലും എഫ് ഐ ഐ-കൾ അറ്റ വാങ്ങലുകാരായിരുന്നു. നവംബർ മാസത്തിൽ അവർ മൊത്തം 22,546.34 കോടി രൂപയുടെ ഓഹരികൾ വാങ്ങിയിട്ടുണ്ട്. അതേസമയം, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ നവംബറിൽ -6301.32 കോടി രൂപയുടെ അറ്റ വില്പനക്കാരായിരുന്നു.
വിദഗ്ധാഭിപ്രായം
രൂപക് ദേ, എൽകെപി സെക്യൂരിറ്റീസിലെ സീനിയർ ടെക്നിക്കൽ അനലിസ്റ്റ്: ഹ്രസ്വകാലത്തേക്ക് നിഫ്റ്റി പോസിറ്റീവ് ആയി തുടരാൻ സാധ്യതയുണ്ട്. ഉയർന്ന തലത്തിൽ, പ്രതിരോധം 18,900-19,000 ആണ്; അതേസമയം, പിന്തുണ 18,700/18,500-ൽ കാണാവുന്നതാണ്.
കുനാൽ ഷാ, എൽകെപി സെക്യൂരിറ്റീസിലെ സീനിയർ ടെക്നിക്കൽ അനലിസ്റ്റ്: ബാങ്ക് നിഫ്റ്റി സൂചിക 43,000-43,500 ലെവലുകൾക്കിടയിൽ റേഞ്ച് ബൗണ്ട് ആയി നിലകൊള്ളുകയാണ്. മുകളിലേക്കുള്ള മുന്നേറ്റം പുനരാരംഭിക്കുന്നതിനുള്ള സൂചിക ക്ലോസിംഗ് അടിസ്ഥാനത്തിൽ 43,500 ലെവലിനെ മറികടക്കണം. 43,000-42,800 സോണിൽ ശക്തമായ പിന്തുണയോടെ കുറയുമ്പോൾ വാങ്ങുക എന്ന തന്ത്രം പിന്തുടരണം.
ലോക വിപണി
മറ്റു ഏഷ്യൻ വിപണികളും പൊതുവെ താഴ്ചയിലാണ്. ടോക്കിയോ നിക്കെ (-487.96), ജക്കാർത്ത കോമ്പസിറ്റ് (-60.51), സൗത്ത് കൊറിയൻ കോസ്‌പി (-21.35), തായ്‌വാൻ (-31.55) എന്നിവ ചുവപ്പിൽ തുടക്കം കുറിച്ചു. എന്നാൽ, ഹാങ്‌സെങ് (139.21) ഷാങ്ഹായ് (14.13) എന്നിവ ഇപ്പോൾ പച്ചയിലാണ്.
ഇന്നലെ യൂറോപ്പിൽ ഫ്രാങ്ക്ഫർട് ഡി എ എക്സ് (+93.26) ഉം, പാരീസ് യുറോനെക്സ്റ്റും (+15.42) ഉയർന്നപ്പോൾ ലണ്ടൻ ഫുട്‍സീ (-14.56) പോയിന്റ് താഴ്ന്നു.
അമേരിക്കന്‍ വിപണികൾ കുത്തനെ ഇടിഞ്ഞു; ഡൗ ജോൺസ് ഇന്ടസ്ട്രിയൽ ആവറേജും (-194.76) എസ് ആൻഡ് പി 500 (-3.54) ഉം താഴ്ന്നപ്പോൾ നസ്‌ഡേക് കോമ്പസിറ്റ് (+484.22) ഉയരങ്ങളിൽ അവസാനിച്ചു.
ശ്രദ്ധിക്കേണ്ട ഓഹരികൾ
പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് (ഓഹരി വില 84.65 രൂപ) ടിറ്റാഗഡ് വാഗണുകളുമായി ഒരു കൺസോർഷ്യം രൂപീകരിച്ച് 200 വന്ദേ ഭാരത് ട്രെയിനുകൾ നിർമ്മിക്കുന്നതിനും അടുത്ത 35 വർഷത്തേക്ക് പരിപാലിക്കുന്നതിനുമുള്ള 58,000 കോടി രൂപയുടെ കരാറിന് ലേലം വിളിച്ചു. ബി ഇ എം എൽ (ഓഹരി വില 1473.60 രൂപ) - സീമെൻസ് (ഓഹരി വില 2774.95 രൂപ) കൺസോർഷ്യവും ലേലം വിളിയിൽ ചേർന്നിട്ടുണ്ട്.
ബോണ്ടുകൾ വഴി ബാങ്ക് ഓഫ് ഇന്ത്യ (ഓഹരി വില 83.10 രൂപ) 1500 കോടി രൂപ സമാഹരിച്ചു. ഇഷ്യു 12 തവണ ഓവർസബ്‌സ്‌ക്രൈബ് ചെയ്തു, കൂപ്പൺ നിരക്ക് പ്രതിവർഷം 8.57 ശതമാനമാണ്.
ബന്ധൻ ബാങ്കിന്റെ (ഓഹരി വില 235.50 രൂപ) 90 ലക്ഷം ഓഹരികൾ 212 കോടി രൂപയ്ക്ക് ഒരു ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ പ്ലൂട്ടസ് വെൽത്ത് മാനേജ്‌മെന്റ് സ്വന്തമാക്കിയതായി നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലഭ്യമായ കണക്കുകൾ വെളിപ്പെടുത്തുന്നു.
രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ് (ഓഹരി വില 2871.80 രൂപ) തങ്ങളുടെ മൊത്ത വിൽപ്പന നവംബറിൽ 12 ശതമാനം വർധിച്ച് 3,90,932 യൂണിറ്റിലെത്തിയാതായി അറിയിച്ചു.
സ്ഥാപന നിക്ഷേപകരിൽ നിന്ന് 500 കോടി രൂപ സമാഹരിക്കാൻ ബോർഡ് അനുമതി നൽകിയതായി ഔഷധ സ്ഥാപനമായ ഓർക്കിഡ് ഫാർമ (ഓഹരി വില 394.20 രൂപ) വ്യാഴാഴ്ച അറിയിച്ചു.
പാക്കേജിംഗ് സൊല്യൂഷൻസ് പ്രൊവൈഡർ കോസ്മോ ഫസ്റ്റ് (ഓഹരി വില 827.80 രൂപ) 2022 മാർച്ച് 31 വരെ കമ്പനിയുടെ മൊത്തം പെയ്ഡ്-അപ്പ് ഇക്വിറ്റി ഷെയർ ക്യാപിറ്റലിന്റെ 3.70 ശതമാനത്തെ പ്രതിനിധീകരിക്കുന്ന 10 രൂപ മുഖവിലയുള്ള 10.09 ലക്ഷം ഓഹരികൾ 108 കോടി രൂപ തിരികെ വാങ്ങുമെന്ന് പ്രഖ്യാപിച്ചു.
സ്വകാര്യ ഇക്വിറ്റി പ്രമുഖരായ കാർലൈൽ ഗ്രൂപ്പും അഡ്വെന്റും യെസ് ബാങ്കിന്റെ (ഓഹരി വില 17.05 രൂപ) 9.99 ശതമാനം വരെ 8,000 കോടി രൂപയ്ക്ക് സ്വന്തമാക്കാൻ റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചു.
സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 4,875 രൂപ (+20 രൂപ).
യുഎസ് ഡോളർ = 81.22 രൂപ (+8 പൈസ).
ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) = 86.77 ഡോളർ (-0.13%)
ബിറ്റ് കോയിൻ = 14,45,000 രൂപ.
ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക +0.11% ശതമാനം താഴ്ന്നു 104.75 ആയി.
ഐപിഒ
യുണിപാര്‍ട്ടസ് ഇന്ത്യയുടെ 836 കോടി രൂപയുടെ പ്രാരംഭ ഓഹരി വില്പന രണ്ടാം ദിവസം അവസാനിച്ചപ്പോൾ രണ്ട് ഇരട്ടി സബ്‌സ്‌ക്രൈബു ചെയ്‌തു. ഇന്ന് അവസാനിക്കുന്ന ഐപിഒ ഓഹരി ഒന്നിന് 548-577 രൂപ വരെയാണ് വില.