3 March 2023 2:15 AM GMT
സിംഗപ്പൂർ നിഫ്റ്റിയിലെ ഉയർന്ന തുടക്കം ഇന്ത്യൻ വിപണിക്ക് ആവേശം പകർന്നേക്കാം
Mohan Kakanadan
Summary
- വ്യാഴാഴ്ച യുഎസ് സൂചികകൾ വീണ്ടും നേട്ടം തിരിച്ചുപിടിച്ചു.
- വ്യാഴാഴ്ച ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 2,128.80 കോടി രൂപയ്‌ക്കും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 12,770.81 കോടി രൂപയ്‌ക്കും ഓഹരികൾ അധികം വാങ്ങി
കൊച്ചി: നടപ്പ് സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ച പ്രതീക്ഷിക്കുന്ന 7 ശതമാനം കവിയുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ വ്യാഴാഴ്ച പ്രത്യാശ പ്രകടിപ്പിച്ചു. ചൊവ്വാഴ്ച എൻഎസ്ഒ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒക്‌ടോബർ-ഡിസംബർ പാദത്തിൽ വളർച്ച 4.4 ശതമാനമായി കുറഞ്ഞിരുന്നു. പ്രധാനമായും ഉൽപ്പാദന മേഖലയിലെ സങ്കോചമാണ് ഇതിനു കാരണമായി അവർ കാണിച്ചത്. എങ്കിലും ഇതിനെ മറികടക്കാൻ കഴിയും എന്നാണ് അനന്ത നാഗേശ്വരന്റെ അഭിപ്രായം.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്നലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ലിസ്റ്റുചെയ്ത മാനുഫാക്ചറിംഗ് കമ്പനികളുടെ വിൽപ്പനയിലെ വളർച്ച നടപ്പ് സാമ്പത്തിക വർഷത്തെ ഡിസംബർ പാദത്തിൽ 10.6 ശതമാനമാണ്. മുൻ പാദത്തിൽ ഈ കമ്പനികളുടെ വിൽപ്പനയിലെ വളർച്ച 20.9 ശതമാനമായിരുന്നു. എങ്കിലും, ഇൻഫർമേഷൻ ടെക്നോളജി (ഐടി) കമ്പനികൾ ഉയർന്ന വളർച്ചാ പാതയിൽ തുടരുകയും വിൽപ്പനയിൽ 19.4 ശതമാനം വർധന രേഖപ്പെടുത്തുകയും ചെയ്തു. വ്യാപാരം, ഗതാഗതം, ടെലികമ്മ്യൂണിക്കേഷൻ മേഖലകളിലെ കമ്പനികളും മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ച് വരുമാന വളർച്ചയെ പിന്തുണച്ചു.
ഇന്നലെ സെൻസെക്സ് 501.73 പോയിന്റ് കുറഞ്ഞ് 58,909.35 ലും നിഫ്റ്റി 129 പോയിന്റ് താഴ്ന്ന് 17,321.90 ലുമാണ് വ്യപാരം അവസാനിപ്പിച്ചത്. ബാങ്ക് നിഫ്റ്റിയാകട്ടെ 308.35 പോയിന്റ് താഴ്ന്നു. യു എസ് 10 വർഷത്തെ ബോണ്ട് യീൽഡ് 5 ശതമാനം കടന്നതോടെ വിപണികളിലെല്ലാം വില്പന സമ്മർദ്ദമുണ്ടായി.
സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി സൂചിക ഇന്ന് രാവിലെ 7.30 ന് 113.50 പോയിന്റ് നേട്ടത്തോടെ വ്യാപാരം തുടങ്ങിയിരിക്കുന്നത് ഇന്ത്യൻ വിപണിക്ക് ആവേശം പകരാൻ സാധ്യതയുണ്ട്.
എഫ് ഐഐ/ഡിഐഐ
എൻഎസ്ഇ കണക്കുകൾ പ്രകാരം വ്യാഴാഴ്ച (മാർച്ച് 2) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 2,128.80 കോടി രൂപയ്‌ക്കും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 12,770.81 കോടി രൂപയ്‌ക്കും ഓഹരികൾ അധികം വാങ്ങി. എഫ് ഐ ഐ-കളുടെ അടുത്തകാലത്തെ ഏറ്റവും വലിയ വാങ്ങലിനാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്.
കേരള കമ്പനികൾ
കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ആസ്റ്റർ ഡി എം, കല്യാൺ ജൂവല്ലേഴ്‌സ്, വണ്ടർ ല എന്നിവയൊഴികെ എല്ലാ ഓഹരികളും താഴ്ചയിലാണവസാനിച്ചത്. എന്നാൽ, റിയാലിറ്റി കമ്പനികളായ പി എൻ സി ഇൻഫ്രയും, ശോഭയും പുറവങ്കരയും പച്ചയിലവസാനിച്ചു.
ആഗോള വിപണി
ഏഷ്യൻ വിപണികൾ ഇന്ന് നേട്ടത്തിലാണ് ആരംഭിച്ചിട്ടുള്ളത്. ചൈന ഷാങ്ങ്ഹായ് (3.19), ഹോങ്കോംഗ് ഹാങ്ങ് സെങ് (250.43), ജപ്പാൻ നിക്കേ (368.21) തായ്‌വാൻ (31.33), ജക്കാർത്ത കോമ്പോസിറ്റ് (12.48) എന്നിവ ഉയർച്ചയിലാണ്. എന്നാൽ ദക്ഷിണ കൊറിയ കോസ്‌പി (-1.25),
വ്യാഴാഴ്ച യുഎസ് സൂചികകൾ വീണ്ടും നേട്ടം തിരിച്ചുപിടിച്ചു. ഡൗ ജോൺസ് ഇൻഡസ്‌ട്രിയൽ 341.73 പോയിന്റും, എസ് ആൻഡ് പി 29.96 പോയിന്റും, നസ്‌ഡേക് 83.50 പോയിന്റും നേട്ടത്തിലാണ് അവസാനിച്ചത്.
യൂറോപ്പിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ലണ്ടൻ ഫുട്‍സീയും (29.11), പാരീസ് യുറോനെക്സ്റ്റും (29.11), ഫ്രാങ്ക്ഫർട് ഡി എ എക്‌സും (22.62) പച്ചയിൽ തന്നെ അവസാനിച്ചു.
ശ്രദ്ധിക്കേണ്ട ഓഹരികൾ
പ്രതിസന്ധിയിലായ അദാനി ഗ്രൂപ്പ് തങ്ങളുടെ നാല് ലിസ്റ്റഡ് കമ്പനികളായ അദാനി എന്റർപ്രൈസസ് (ഓഹരി വില 1607.25 രൂപ), അദാനി പോർട്ട്‌സ് (ഓഹരി വില 622.90 രൂപ), അദാനി ട്രാൻസ്മിഷൻ (ഓഹരി വില 708.75 രൂപ), അദാനി ഗ്രീൻ എനർജി (ഓഹരി വില 535.00 രൂപ) എന്നിവയുടെ ന്യൂനപക്ഷ ഓഹരികൾ യുഎസ് ആസ്ഥാനമായുള്ള ജിക്യുജി പാർട്‌ണേഴ്‌സിന് 15,446 കോടി രൂപയ്ക്ക് വിറ്റു. കമ്പനിക്ക് വരും മാസങ്ങളിൽ 200 കോടി ഡോളർ (ഏകദേശം 16,400 കോടി രൂപ) കടം തിരിച്ചടയ്ക്കാനുണ്ട്.
സർക്കാർ ഉടമസ്ഥതയിലുള്ള ജലവൈദ്യുത ഭീമനായ എൻഎച്ച്പിസി (ഓഹരി വില 40.15 രൂപ) 2022-23ൽ സർക്കാരിന് 997.75 കോടി രൂപ ഇടക്കാല ലാഭവിഹിതം നൽകി.
ഇന്ത്യാബുൾസ് ഹൗസിംഗ് ഫിനാൻസ് (ഓഹരി വില 8.25 രൂപ) സെക്യൂർഡ്, റിഡീം ചെയ്യാവുന്ന, 900 കോടി രൂപയുടെ നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ ഇറക്കുന്നു. പബ്ലിക് ഇഷ്യു ഇന്ന് തുറന്ന് മാർച്ച് 17ന് അവസാനിക്കുമെന്ന് കമ്പനി ഒരു പ്രസ്താവനയിൽ അറിയിച്ചു.
സിജി പവർ ആൻഡ് ഇൻഡസ്ട്രിയൽ സൊല്യൂഷൻസ് (ഓഹരി വില 300.05 രൂപ) 2022-23 സാമ്പത്തിക വർഷത്തേക്ക് 2 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 1.5 രൂപ ഇടക്കാല ലാഭവിഹിതം അംഗീകരിച്ചു.
ടെലികോം ഓപ്പറേറ്റർ ഭാരതി എയർടെൽ (ഓഹരി വില 740.10 രൂപ) വ്യാഴാഴ്ച മുംബൈയിലെ തങ്ങളുടെ നെറ്റ്‌വർക്കിൽ 10 ലക്ഷം 5G ഉപയോക്താക്കൾ മറികടന്നതായി പ്രഖ്യാപിച്ചു. എയർടെൽ അടുത്തിടെ ദേശീയതലത്തിൽ അതിന്റെ 5G നെറ്റ്‌വർക്കിൽ 1 കോടി ഉപഭോക്താക്കൾ എത്തിയതായി അറിയിച്ചിരുന്നു.
യുഎസ് ഡോളർ = 82.60 രൂപ (+11 പൈസ).
ബ്രെന്റ് ക്രൂഡോയില്‍ ഫ്യൂച്ചേഴ്‌സ് (ബാരലിന്) 84.50 ഡോളർ (+0.23%)
സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,175 രൂപ (+15 രൂപ)
ബിറ്റ് കോയിൻ = 20,43,900 രൂപ.
ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.52 ശതമാനം ഉയർന്ന് 105.03 ന് വ്യാപാരം നടക്കുന്നു.
ഐ പി ഓ
നന്ദൻ നിലകെനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോമോട്ടീവ് ഘടക നിർമ്മാതാക്കളായ ഡിവ്ജി ടോർക്ക് ട്രാൻസ്ഫർ സിസ്റ്റത്തിന്റെ (Divgi TorqTransfer Systems) പ്രാരംഭ പബ്ലിക് ഓഫറിന് വ്യാഴാഴ്ച വിൽപ്പനയുടെ രണ്ടാം ദിവസം 38 ശതമാനം സബ്‌സ്‌ക്രിപ്‌ഷൻ ലഭിച്ചു. എൻഎസ്ഇ ഡാറ്റ പ്രകാരം ഓഫറിൽ 38,41,800 ഷെയറുകളിൽ നിന്ന് 14,49,000 ഓഹരികൾക്കാണ് ബിഡുകൾ ലഭിച്ചത്. ഇന്ന് അവസാനിക്കുന്ന ഐപിഒയ്ക്ക് 180 കോടി രൂപ വരെയുള്ള പുതിയ ഇഷ്യൂവും 39,34,243 ഓഹരികൾ വരെ വിൽപ്പനയ്ക്കുള്ള ഓഫറും ഉണ്ട്. ഒരു ഷെയറിന് 560-590 രൂപയാണ് വില നിരക്ക്.