image

3 Oct 2023 11:38 AM GMT

Equity

ആഘാതമായി ജിഎസ്‍ടി; ഡെല്‍റ്റ കോര്‍പ് ഓഹരികള്‍ക്ക് 4% ഇടിവ്

MyFin Desk

Delta Corp share | Delta Corp share price | Delta Corp share price today
X

Summary

  • റെസിസ്റ്റന്‍സ് 150 രൂപയ്ക്കും 162 രൂപയ്ക്കും ഇടയിലെന്ന് വിദഗ്ധര്‍
  • ജിഎസ്‍ടി നിയമങ്ങളിലെ ഭേദഗതി ഒക്റ്റോബര്‍ 1ന് നിലവില്‍ വന്നു


ഒക്‌ടോബർ 1 മുതൽ ഓൺലൈൻ ഗെയിമിംഗിന് 28 ശതമാനം ജിഎസ്‍ടി ചുമത്തുന്നത് പ്രാബല്യത്തില്‍ വന്നതിന്‍റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ചത്തെ ട്രേഡിംഗ് സെഷനിൽ ഡെൽറ്റ കോർപ്പറേഷൻ ഓഹരി വില 4 ശതമാനം ഇടിഞ്ഞു. മുമ്പ് ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളുടെ പ്ലാറ്റ്‌ഫോം ഫീസിന്‍റെ 18 ശതമാനമായിരുന്നു ജിഎസ്‍ടി എങ്കില്‍ ഇപ്പോഴത് മൊത്തം വാതുവെപ്പ് തുകയുടെ 28 ശതമാനമാണ്. ഇതിന്‍റെ ഫലമായി ഗെയ്മിംഗ് മേഖല ഹ്രസ്വകാലയളവില്‍ പ്രതിസന്ധിയെ അഭിമുഖീകരിക്കുമെന്നാണ് കണക്കാക്കുന്നത്.

ഡെൽറ്റ കോർപ്പറേഷൻ ഓഹരികൾ 4.06 ശതമാനം ഇടിഞ്ഞ് 136.90 രൂപയിൽ ക്ലോസ് ചെയ്തു. 150 രൂപയ്ക്കും 162 രൂപയ്ക്കും ഇടയിലാണ് ഈ ഓഹരിയുടെ റെസിസ്റ്റന്‍സ് എന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. 2017 ജൂലൈ മുതൽ 2022 മാർച്ച് വരെയുള്ള കാലയളവിലേക്കായി 16,822 കോടി രൂപയുടെ നികുതിബാധ്യത കുടിശ്ശികയുണ്ടെന്ന് കാണിച്ച് നോട്ടീസ് സെപ്റ്റംബർ അവസാന വാരത്തിൽ കമ്പനി വെളിപ്പെടുത്തിയിരുന്നു.

നികുതി ബാധകമായ "ആക്ഷനബിള്‍ ക്ലെയിമുകൾ"

കേന്ദ്ര ജിഎസ്‍ടി നിയമത്തില്‍ വരുത്തിയ ഭേദഗതിയുടെ ഫലമായി ഇപ്പോള്‍ ഓൺലൈൻ ഗെയിമിംഗ്, കാസിനോകൾ, കുതിരപ്പന്തയം എന്നിവയെ ലോട്ടറികൾ, വാതുവയ്പ്പ്, ചൂതാട്ടം എന്നിവയ്ക്കു സമാനമായി 28 ശതമാനം ചരക്ക് സേവന നികുതി ബാധകമായ "ആക്ഷനബിള്‍ ക്ലെയിമുകൾ" ആയാണ് കണക്കാക്കുന്നത്. ഇന്‍റഗ്രേറ്റഡ് ജിഎസ്‍ടി (ഐജിഎസ്ടി) നിയമത്തിലെ പരിഷ്‌ക്കരണങ്ങളിലൂടെ വിദേശ ഓൺലൈൻ ചൂതാട്ട പ്ലാറ്റ്‌ഫോമുകൾ ഇന്ത്യയിൽ രജിസ്റ്റർ ചെയ്യുന്നതും 28 ശതമാനം നികുതി അടച്ച് ആഭ്യന്തര നിയമങ്ങള്‍ പാലിക്കുന്നതും നിര്‍ബന്ധിതമാക്കിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്‍റെയും സംസ്ഥാനങ്ങളുടെയും ധനമന്ത്രിമാർ അടങ്ങുന്ന ജിഎസ്‍ടി കൗൺസിൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ സെഷനുകളിൽ നിയമ ഭേദഗതിക്ക് നിര്‍ദേശം നല്‍കി.