11 Sept 2023 6:40 AM
Summary
- 479.50 കോടി രൂപയാണ് ബ്ലോക്ക് ഇടപാടിന്‍റെ മൂല്യം
- ബാങ്കിന്‍റെ ഓഹരികള്‍ വിപണിയില്‍ മുന്നേറുന്നു
യുഎസ് ആസ്ഥാനമായുള്ള ജിക്യുജി പാർട്‌ണേഴ്‌സ് തങ്ങളുടെ 5.07 കോടി ഓഹരികൾ ഒരു ബ്ലോക്ക് ഇടപാടിലൂടെ സ്വന്തമാക്കിയതായി ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് അറിയിച്ചു. ബാങ്കിന്‍റെ എംഡിയും സിഇഒയുമായ വി. വൈദ്യനാഥനിൽ നിന്നാണ് ഓഹരികള്‍ വാങ്ങിയത്. 479.50 കോടി രൂപയാണ് ബ്ലോക്ക് ഇടപാടിന്‍റെ മൂല്യമെന്നും ബാങ്കിന്‍റെ പ്രസ്താവനയില്‍ വ്യക്തമാക്കി. ബ്ലോക്ക് ഡീൽ വാർത്തയെ തുടർന്ന് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഓഹരി വില ഏതാണ്ട് 2 ശതമാനം വരെ ഉയർന്നു.
വിൽപ്പനയിലൂടെ ലഭിക്കുന്ന അറ്റ വരുമാനം, ഓപ്‌ഷനുകൾ വഴി ബാങ്കിന്റെ പുതിയ ഓഹരികൾ സബ്‌സ്‌ക്രൈബ് ചെയ്യാനും അനുബന്ധ ആദായനികുതി അടയ്ക്കാനും നേരത്തേ ഏറ്റെടുത്തിട്ടുള്ള സാമൂഹിക ആവശ്യങ്ങൾക്കു വേണ്ടിയും ഉപയോഗിക്കുമെന്ന് ബാങ്ക് എക്സ്ചേഞ്ച് ഫയലിംഗില്‍ പറഞ്ഞു. ഈ വരുമാനത്തിന്റെ ഒരു ഭാഗവും വ്യക്തിഗത ചെലവുകൾക്കോ മറ്റ് നിക്ഷേപങ്ങൾക്കോ ഉപയോഗിക്കില്ലെന്നും സിഇഒ ബാങ്കിനോട് വ്യക്തമാക്കിയിട്ടുണ്ട്.
478.7 കോടി രൂപയുടെ നേട്ടത്തില്‍ നിന്ന് 229 കോടി രൂപ ബാങ്കിന്റെ പുതിയ ഓഹരികൾ സബ്‌സ്‌ക്രൈബ് ചെയ്യാനും, 240.5 കോടി ആദായനികുതി അടയ്‌ക്കാനുള്ള സ്റ്റോക്ക് ഓപ്‌ഷനുകൾക്കും നല്‍കും. അന്ധരുടെ നൈപുണ്യത്തിനും പുനരധിവാസത്തിനുമുള്ള നാഷണൽ അസോസിയേഷൻ ഓഫ് ബ്ലൈൻഡ്, ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്കോളർഷിപ്പ് പ്രോഗ്രാം, രുക്മിണി സോഷ്യൽ ട്രസ്റ്റ് എന്നിവ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളിലേക്കുള്ള സംഭാവനയ്ക്കും മറ്റ് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുമായി 9.2 കോടി രൂപ നൽകും.
കാപ്പിറ്റൽ ഫസ്റ്റിൽ നിന്ന് സിഎംഡി സ്റ്റോക്ക് ഓപ്ഷനുകൾ വൈദ്യനാഥന് നേരത്തേ ലഭിച്ചിരുന്നതായി ബാങ്ക് ഫയലിംഗിൽ വ്യക്തമാക്കി. 2018 ഡിസംബറിലാണ് ക്യാപിറ്റൽ ഫസ്റ്റ് ഐഡിഎഫ്‌സി ബാങ്കുമായി ലയിച്ചത്. ഐഡിഎഫ്‌സി ബാങ്കും ക്യാപിറ്റൽ ഫസ്റ്റും സംയുക്തമായി അംഗീകരിച്ച ലയന പദ്ധതിയുടെ ഭാഗമായി, ഈ ക്യാപിറ്റൽ ഫസ്റ്റ് സിഎംഡി സ്റ്റോക്ക് ഓപ്‌ഷനുകൾ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് സ്റ്റോക്ക് ഓപ്ഷനുകളിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയായിരുന്നു