2 Feb 2024 7:15 AM GMT
ഐഡിബിഐ ബാങ്കിന്‍റെ തന്ത്രപരമായ വില്‍പ്പന 2024 -25ല്‍ പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍
MyFin Desk
Summary
61 ശതമാനം ഓഹരികളാണ് വിൽക്കുന്നത്
അടുത്ത സാമ്പത്തിക വർഷത്തിൽ ഐഡിബിഐ ബാങ്കിൻ്റെ തന്ത്രപരമായ വിൽപ്പന പൂർത്തിയാക്കാനാകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നതായി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെൻ്റ് (ഡിഐപിഎഎം) സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ പറഞ്ഞു. സ്വകാര്യവൽക്കരണ നടപടികൾ പുരോഗമിക്കുകയാണെന്നും റെഗുലേറ്ററുടെ അനുമതി ലഭിച്ചാൽ സാമ്പത്തിക ബിഡുകൾ ക്ഷണിക്കുമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
എൽഐസിയും സര്‍ക്കാരും ചേര്‍ന്ന് ഐഡിബിഐ ബാങ്കിലെ 61 ശതമാനം ഓഹരികളാണ് വിൽക്കുന്നത്. ഇതിനായി 2022 ഒക്ടോബറിൽ താല്‍പ്പര്യ പത്രങ്ങള്‍ ക്ഷണിച്ചു.ഐഡിബിഐ ബാങ്കിലെ ഓഹരി പങ്കാളിത്തത്തിനായി ഒന്നിലധികം താല്‍പ്പര്യപത്രങ്ങള്‍ ലഭിച്ചതായി കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഡിഐപിഎഎം വ്യക്തമാക്കിയിരുന്നു.
താല്‍പ്പര്യ പത്രങ്ങള്‍ സമര്‍പ്പിച്ചവര്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നുമുള്ള ക്ലിയറന്‍സുകള്‍ നേടേണ്ടതുണ്ട്. ഇതിനു ശേഷമായിരിക്കും തുടര്‍ നടപടികളിലേക്ക് നീങ്ങുക.