image

9 March 2024 10:18 AM GMT

Equity

തിളങ്ങി സ്വർണം, സമ്പദ് വ്യവസ്ഥയുടെ കരുത്തുകാട്ടി രൂപ, ദുർബലമായി ക്രൂഡ് |അറിയാം കറൻസി-കമ്മോഡിറ്റി ട്രെൻഡ്

MyFin Research Desk

തിളങ്ങി സ്വർണം, സമ്പദ് വ്യവസ്ഥയുടെ കരുത്തുകാട്ടി രൂപ, ദുർബലമായി ക്രൂഡ് |അറിയാം കറൻസി-കമ്മോഡിറ്റി ട്രെൻഡ്
X

Summary

  • ആഗോള - ആഭ്യന്തര വിപണികളിൽ 4% മുന്നേറ്റം സ്വർണം നൽകി
  • ബെയറിഷ് റാലി പ്രകടമാക്കി ക്രൂഡ്
  • ഡോളറിനെതിരെ 82.716 രൂപ എന്ന നിലവാരത്തിൽ രൂപ



ആഗോള വിപണികളിൽ സ്വർണം മിന്നും പ്രകടനത്തോടെ റെക്കോർഡുകൾ ഭേദിക്കുകയും ആഭ്യന്തര വിപണിയിലും പുതിയ ഉയരങ്ങളിലേക്ക് എത്തി ചേരുകയും ചെയ്തു. അമേരിക്കൻ കേന്ദ്ര ബാങ്ക് താമസിയാതെ പലിശ നിരക്ക് കുറയ്ക്കുമെന്ന ഊഹങ്ങളും ജിയോപൊളിറ്റിക്കൽ സമ്മർദ്ദങ്ങളും സുരക്ഷിത നിക്ഷേപമായി ഗോൾഡിന്റെ ഡിമാൻഡ് വർധിപ്പിച്ചു. കൂടാതെ ഡോളർ സൂചികയിൽ ഇടിവും സ്വർണത്തിന്റെ മുന്നേറ്റത്തിന് മാറ്റ് കൂട്ടി. ബോണ്ടിന്റെ ദുർബലതയും പലിശ രഹിത നിക്ഷേങ്ങളിൽ ഒന്നായ സ്വർണത്തിനു അനുകൂലമായി.

കഴിഞ്ഞ ഒരു ആഴ്ചക്കിടയിൽ ആഗോള - ആഭ്യന്തര വിപണികളിൽ 4% മുന്നേറ്റം സ്വർണം നൽകി. സ്വർണ്ണ വിലയിലെ ദ്രുതഗതിയിലുള്ള വർദ്ധനവ് ഒരു കറക്ഷൻ സാധ്യത നൽകുന്നുവെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. സ്വർണ്ണം ഔൺസിന് 2200 ഡോളർ മുന്നേറ്റം നൽകിയതിനാൽ നേരിയ പ്രോഫിറ്റ് ബുക്കിംഗ് പ്രതീക്ഷിക്കാം. ഇത്തരം ഹ്രസ്വകാല ഏറ്റക്കുറച്ചിലുകൾക്കിടയിലും, സ്വർണ്ണത്തിൻ്റെ മൊത്തത്തിലുള്ള വീക്ഷണം പോസിറ്റീവായി തുടരുന്നു. വിപണിയിൽ പങ്കെടുക്കുന്നവർ ഇടിവുകളെ വാങ്ങാനുള്ള അവസരമായി കാണണം എന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ആഗോള വിപണിയിൽ, $2195.15ഡോളർ എന്ന സർവകാല നേട്ടം രേഖപ്പെടുത്താൻ സ്വർണത്തിനു സാധിച്ചു. 0.89 % നേട്ടത്തോടെ 2178.97 ഡോളറിൽ വ്യാപാരം അവസാനിപ്പിക്കാൻ സ്വർണത്തിനു കഴിഞ്ഞു. പിവട്ട് ലെവലുകളെ അടിസ്ഥാനപ്പെടുത്തി പരിഗണിക്കാവുന്ന ആദ്യ റെസിസ്റ്റൻസ് 2183.1ഡോളർ, തുടർന്ന് 2188.48 ഡോളറുമാണ്. ട്രേഡേഴ്സ് പരിഗണിക്കേണ്ട ആദ്യ സപ്പോർട്ട് 2174.14 ഡോളർ, തുടർന്ന് 2170.56 ഡോളർ എന്നി നിലകളാണ്. അതെ സമയം ഹ്രസ്വ കാലഘട്ടത്തിൽ 2300 ഡോളറിലേക്ക് സ്വർണത്തിനെ പ്രതീക്ഷിക്കാം. ഈ കാഴ്ചപ്പാടിന് അനുസൃതമായി $2165/$2135/$2100/$2088 എന്നിവ സപ്പോർട്ടായും $2200-$2215 സോൺ തുടർന്ന് $2250 എന്നിവ റെസിസ്റ്റൻസ് ആയും നിരീക്ഷിക്കാം.

ആഗോള വിതരണ സാധ്യതകളിലെ ആശങ്കകൾ, അമേരിക്ക യൂറോപ്പ് എന്നിവിടങ്ങളിലെ പലിശനിരക്ക് കുറയ്ക്കുന്നതിൻ്റെ സാധ്യത എന്നീ ഘടകങ്ങളാണ് ക്രൂഡ് വിലയെ സ്വാധീനിച്ചത്. ഡബ്ള്യുടിഐ ക്രൂഡ് (WTI CRUDE) ഫ്യൂച്ചറുകൾ 2.03% താഴ്ന്ന് ബാരലിന് 77.78 ഡോളറിലും ബ്രെൻ്റ് ക്രൂഡ് 1.64% ഇടിഞ്ഞ് ബാരലിന് 81.82 ഡോളറിലും വ്യാപാരം അവസാനിപ്പിച്ചു. ചാർട്ടിൽ ബെയറിഷ് റാലി പ്രകടമാക്കുന്നുണ്ട്. വരുന്ന വാരം ഡബ്ള്യുടിഐ ക്രൂഡിൽ $80.46, $84.74 എന്നിവ റെസിസ്റ്റൻസായും, $73.24, $70.18 എന്നത് പ്രധാന സപ്പോർട്ട് ആയും പരിഗണിക്കാം. ബ്രെന്റ് ക്രൂഡിൽ $83.87, $85.3 എന്നത് പ്രധാന റെസിസ്റ്റൻസ് ആയും, 80.72 ഡോളർ എന്നത് പ്രധാന സപ്പോർട്ട് ആയും പരിഗണിക്കാം.

ഡോളറിനെതിരെ രൂപക്ക് തുണയായത് ഫെഡ് ചെയർമാൻ ജെറോം പവലിന്റെ ടെസ്റ്റിമോണിയെ തുടർന്ന് ഡോളറിൽ ഉണ്ടായ ഇടിവും ഇന്ത്യൻ ഇക്കണോമിയുടെ വളർച്ച പ്രതീക്ഷയെ മറികടക്കും എന്ന ആർബിഐയുടെ പ്രസ്താവനായുമാണ്. അതിനാൽ, 0.06% നേട്ടത്തോടെ യുഎസ് ഡോളറിനെതിരെ 82.716 രൂപ എന്ന നിലവാരത്തിൽ വ്യാപാരം അവസാനിപ്പിച്ചു. എന്നിരുന്നാലും, ഡിസംബർ മുതൽ പിന്തുടരുന്ന 82.65-83.15 രൂപ എന്ന ദീർഘകാല ബാൻഡിൽ തന്നെ കറൻസിയുടെ വ്യാപാരം തുടരുന്നു. ഫിബോനാക്കി റീട്രെസ്‌മെന്റ് അനുസരിച്ചു പരിഗണിക്കാവുന്ന സപ്പോർട്ട് ലെവലുകളിൽ ആദ്യം 83.05, തുടർന്ന് 83.12 എന്നി ലെവലുകളാണ്. പ്രധാന റെസിസ്റ്റൻസായി പരിഗണിക്കേണ്ടത് 82.82, തുടർന്ന് 82.75 എന്നി നിലകളാണ്.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല