image

16 March 2024 1:26 PM GMT

Equity

ഫെഡ് തീരുമാനം കാത്തു സ്വർണം, ബുള്ളിഷായി ക്രൂഡ് |അറിയാം കറൻസി-കമ്മോഡിറ്റി ട്രെൻഡ്

MyFin Research Desk

crude on bullish breakout
X

Summary

  • ക്രൂഡിന്റെ ഡിമാൻഡ് ഉയരുമെന്ന പ്രവചനങ്ങൾ പങ്കുവെച്ചു ഇന്റർനാഷണൽ എനർജി ഏജൻസി
  • ഇന്ത്യൻ രൂപ 82.65 - 83.15 എന്ന ദീർഘകാല ബാൻഡിൽ തുടരുന്നു


ആഗോള വിപണികളിൽ ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ വെള്ളിയാഴ്ച നേരിയ തോതിൽ ഇടിഞ്ഞെങ്കിലും ആഴ്ചയിൽ 3% ത്തിലധികം നേട്ടം കൈവരിച്ചു. ഇതിനൊരു കാരണം ആയി പറയാവുന്നത് ഇന്റർനാഷണൽ എനർജി ഏജൻസി 2024ൽ ക്രൂഡിന്റെ ഡിമാൻഡ് ഉയരുമെന്ന പ്രവചനങ്ങൾ പങ്കുവെച്ചതും അതിനൊപ്പം യുഎസ് ഇൻവെന്ററിയിൽ അപ്രതീക്ഷിത ഇടിവുണ്ടാകുകയും ചെയ്തതാണ്. നിലവിൽ ക്രൂഡിന്റെ ഹ്രസ്വകാല ട്രെൻഡ് ബുള്ളിഷ് ആയി തുടരുന്നു. ഡബ്ള്യുടിഐ ക്രൂഡ് (WTI CRUDE) ഫ്യൂച്ചറുകൾ 80.97 ഡോളറിലും ബ്രെന്റ് ക്രൂഡ് 85.26 ഡോളറിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡബ്ള്യുടിഐ ക്രൂഡിൽ പ്രധാന റെസിസ്റ്റൻസ് ആയി പരിഗണിക്കാവുന്നതു 81.88 ഡോളറും, തുടർന്ന് 83.09 ഡോളറുമാണ്. പ്രധാന സപ്പോർട്ട് ആയി 78.73 ഡോളറും, തുടർന്ന് 75.58 ഡോളറും പരിഗണിക്കാം. ബ്രെന്റ് ക്രൂഡിലേക്കു വരുമ്പോൾ, 86.68 ഡോളർ പ്രധാന റെസിസ്റ്റൻസ് ആയി കണക്കാക്കാൻ വിദഗ്ധർ നിർദേശിക്കുന്നു. അത് മറികടന്നാൽ 95 ഡോളർ വരെയും വരെയും വിലയിലെ മുന്നേറ്റം നീങ്ങാം. പ്രധാന സപ്പോർട്ടായി 83.83 ഡോളർ പരിഗണിക്കുക.

ആഗോള വിപണികളിൽ സ്വർണം 2155.63 ഡോളർ എന്ന നിലവാരത്തിൽ 0.28% ഇടിവോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് പണപ്പെരുപ്പ ഡാറ്റയും ഫെഡ് മീറ്റിംഗിനോടു അനുബന്ധിച്ചു ട്രേഡേഴ്സ് ജാഗ്രത പാലിച്ചതും ചാഞ്ചാട്ടങ്ങളായി സ്വർണവിലയിൽ പ്രതിഫലിച്ചു. നാലാഴ്ചയ്ക്കുള്ളിൽ പ്രതിവാര ഇടിവ് രേഖപെടുത്തിയതും ഇതാദ്യമാണ്. ഫെബ്രുവരി പകുതിക്ക് ശേഷം ഇത്തരമൊരു കുറവ് രേഖപ്പെടുത്തുന്നതും ഇതാദ്യമാണ്. കഴിഞ്ഞ ആഴ്ച ഒരു ഔൺസിന് $2,194.99 എന്ന റെക്കോർഡ് ഉയരത്തിൽ എത്തിയതിന് ശേഷമാണ് ഇത്. സ്വർണത്തിൽ 2,166.88 ഡോളർ, തുടർന്ന് 2,171.31 ഡോളർ എന്നിവ പ്രധാന റെസിസ്റ്റൻസായി പരിഗണിക്കാം. പ്രധാന സപ്പോർട്ട് ആയി പരിഗണിക്കേണ്ടത് 2,150.92 ഡോളറും, തുടർന്ന് 2,145.66 ഡോളറുമാണ്.

ഫെഡറൽ റിസർവിൻ്റെ ഏപ്രിൽ മീറ്റിംഗിന് മുന്നോടിയായി സ്വർണം അസ്ഥിരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മെഹ്ത ഇക്വിറ്റീസ് ലിമിറ്റഡിലെ കമ്മോഡിറ്റീസ് വൈസ് പ്രസിഡന്റ് രാഹുൽ കാലാന്ത്രി പറയുന്നു.“ഫെഡറൽ റിസർവിൻ്റെ മീറ്റിംഗിന് മുന്നോടിയായി സ്വർണ്ണം അസ്ഥിരമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, എന്നാൽ ആ സമയം വരെ അത് $2140 - $2200 എന്ന പരിധിയിലേക്ക് നീങ്ങിയേക്കാം, ശ്രേണിയുടെ ഏതെങ്കിലും വശത്ത് ബ്രേക്ക്ഔട്ട് ആ ദിശകളിലേക്ക് $50 വരെ നീക്കം നൽകിയേക്കാം. ആഭ്യന്തര വിപണിയിൽ, പരിധി ₹64900- ₹66100 ആയിരിക്കാം,” അദ്ദേഹം പറഞ്ഞു.

കറൻസി മാർക്കറ്റിൽ ഡിസംബർ മുതൽ പിന്തുടരുന്ന 82.65 - 83.15 രൂപ എന്ന ദീർഘകാല ബാൻഡിൽ തന്നെ ഇന്ത്യൻ രൂപ തുടരുന്നു. എങ്കിലും പ്രതിവാര അടിസ്ഥാനത്തിൽ രൂപക്ക് മൂല്യം ഇടിവ് സംഭവിച്ചു. ആഴ്ചയുടെ ആദ്യ ദിവസം മുതൽ തുടർച്ചയായിട്ടുള്ള ഇടിവാണ് രൂപക്ക് സംഭവിച്ചിട്ടുള്ളത്. അമേരിക്കൻ ഡോളറിനെതിരെ 0.04 % ഇടിവോടെ 82.86 എന്ന നിലവാരത്തിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഫിബോനാക്കി റീട്രെസ്‌മെന്റ് പ്രകാരം പരിഗണിക്കാവുന്ന സപ്പോർട്ട് ലെവലുകൾ ആദ്യം 82.92, തുടർന്ന് 82.96 രൂപയുമാണ്. പ്രധാന റെസിസ്റ്റൻസ് ആയി പരിഗണിക്കേണ്ടത് 82.82 ,തുടർന്ന് 82.77 എന്നി ലെവലുകളാണ്.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല