image

21 March 2023 2:15 AM GMT

Stock Market Updates

ആഗോള വിപണി തകർച്ച മറികടക്കുന്നു; സിംഗപ്പൂർ തുടക്കം ഉയർച്ചയിൽ

Mohan Kakanadan

banking stocks the market rose
X

Summary

  • യുഎസ്‌ ഫെഡിന്റെ ഇന്നും നാളെയുമായി നടക്കുന്ന മീറ്റിംഗിൽ കണ്ണ് നട്ടിരിക്കയാണ് നിക്ഷേപകർ.
  • ഫെബ്രുവരിയിൽ സ്വകാര്യ ഇക്വിറ്റി, വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകളുടെ നിക്ഷേപം ഒരു വർഷം മുമ്പത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 44 ശതമാനം ഇടിഞ്ഞ് 3.7 ബില്യൺ ഡോളറായി.
  • ഉദയ്‌ശിവകുമാർ ഇൻഫ്രായുടെ പ്രാരംഭ ഓഹരി വിൽപ്പന നാളെ അവസാനിക്കും.,


കൊച്ചി: ഇന്നലെ, ആഴ്ചയുടെ തുടക്കത്തിൽ തന്നെ നിക്ഷേപകർക്ക് നഷ്ടം വിതച്ചുകൊണ്ട് സെൻസെക്‌സ് 360.95 പോയിന്റ് അഥവാ 0.62 ശതമാനം ഇടിഞ്ഞ് 57,628.95 പോയിന്റിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 111.65 പോയിൻറ് അഥവാ 0.65 ശതമാനം ഇടിഞ്ഞ് 17,000 ലെവലിന് താഴെ 16,988.40 ലാണ് അവസാനിച്ചത്. നിഫ്റ്റിയിലെ 40 ഓഹരികൾ ഇടിഞ്ഞപ്പോൾ 10 എണ്ണം മാത്രം മുന്നേറി. യുഎസിലെ ബാങ്ക് തകർച്ചയും, ക്രെഡിറ്റ് സൂയിസിന്റെ വീഴ്ചയും വിപണിയെ സാരമായി ബാധിച്ചതാണ് കാരണം. യുഎസ്‌ ഫെഡിന്റെ ഇന്നും നാളെയുമായി നടക്കുന്ന മീറ്റിംഗിൽ കണ്ണ് നട്ടിരിക്കയാണ് നിക്ഷേപകർ. അവർ പലിശനിരക്ക് 25 ബേസിസ് പോയിന്റ് കൂട്ടുമെന്ന് വിദഗ്ധർ കരുതുന്നു. എങ്കിൽ വിപണി വീണ്ടും താഴ്ചയിലേക്ക് പോയേക്കാം.

ഫെബ്രുവരിയിൽ സ്വകാര്യ ഇക്വിറ്റി, വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകളുടെ നിക്ഷേപം ഒരു വർഷം മുമ്പത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 44 ശതമാനം ഇടിഞ്ഞ് 3.7 ബില്യൺ ഡോളറായാതായി തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ജനുവരിയിലെ നിക്ഷേപങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ദീർഘകാല നിക്ഷേപകരുടെ വീതം 13 ശതമാനം കുറവാണെന്ന് വ്യവസായ ലോബിയായ ഇന്ത്യൻ വെഞ്ച്വർ ആൻഡ് ആൾട്ടർനേറ്റ് ക്യാപിറ്റൽ അസോസിയേഷന്റെയും കൺസൾട്ടൻസി സ്ഥാപനമായ ഇവൈയുടെയും റിപ്പോർട്ട് പറയുന്നു.

ആഗോള തലത്തിലുള്ള തിരിച്ചടികൾക്കിടയിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2023 സാമ്പത്തിക വർഷത്തിൽ 7 ശതമാനം വളരുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രാലയത്തിന്റെ പ്രതിമാസ ഇക്കോണോമിക് റിവ്യൂ തിങ്കളാഴ്ച അറിയിച്ചു.

ഉയർന്ന സേവന കയറ്റുമതിയിൽ നിന്നുള്ള നേട്ടങ്ങൾ, എണ്ണവിലയിലെ മിതത്വം, ഇറക്കുമതി-ഉപഭോഗ ആവശ്യകതയിലെ സമീപകാല ഇടിവ് എന്നിവയുടെ പിന്തുണയോടെ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി 2023, 2024 സാമ്പത്തിക വർഷത്തിൽ കുറയുമെന്ന് കണക്കാക്കപ്പെടുന്നു. ജി എസ് ടി ശേഖരണം ഇപ്പോൾ, 2023 ഫെബ്രുവരിയിൽ തുടർച്ചയായ പന്ത്രണ്ട് മാസങ്ങളിലായി 1.4 ലക്ഷം കോടി രൂപ മറികടന്നു.

പൊതുമേഖലാ ബാങ്കുകളുടെ ആസ്തി നിലവാരം ഗണ്യമായി മെച്ചപ്പെട്ടതായി ധനകാര്യ സഹമന്ത്രി ഭഗവത് കെ കരാദ് ലോക്സഭയിൽ രേഖാമൂലം അറിയിച്ചു. മൊത്ത എൻപിഎ അനുപാതം 2018 മാർച്ചിലെ 14.6 ശതമാനത്തിൽ നിന്ന് 2022 ഡിസംബറിൽ 5.53 ശതമാനമായി കുറഞ്ഞു.

2021-22ൽ 66,543 കോടി രൂപയായിരുന്നു എല്ലാ പൊതുമേഖലാ ബാങ്കുകളുടെയും ലാഭം, ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ ഇത് 70,167 കോടി രൂപയായി ഉയർന്നതായി അദ്ദേഹം പറഞ്ഞു.

എന്നാൽ, 2023 ഫെബ്രുവരിയിൽ കാർഷിക, ഗ്രാമീണ തൊഴിലാളികളുടെ ചില്ലറ പണപ്പെരുപ്പം യഥാക്രമം 6.94 ശതമാനമായും 6.87 ശതമാനമായും വർദ്ധിച്ചു, മരുന്നുകളുടെ വില, ഡോക്ടർമാരുടെ ഫീസ്, ബസ് ചാർജുകൾ തുടങ്ങിയവയുടെ വർധനവാണ് ഇതിനു കാരണമായതെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

വിദഗ്‌ധാഭിപ്രായം

വിനോദ് നായർ, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റിസർച്ച് ഹെഡ്: നിലവിലെ പ്രതിസന്ധിയിൽ നിരക്ക് വർധനയുടെ കാര്യത്തിൽ ഫെഡ് മീറ്റിങ് എങ്ങനെ പ്രതികരിക്കുമെന്നറിയാൻ വിപണി കാത്തിരിക്കുകയാണ്. അമേരിക്കൻ സെൻട്രൽ ബാങ്ക് പലിശ നിരക്ക് 0–25 ബേസിസ് പോയിന്റ് വരെ ഉയർത്തുമെന്ന് നിക്ഷേപകർ പ്രതീക്ഷിക്കുന്നു.

കുനാൽ ഷാ, സീനിയർ ടെക്നിക്കൽ ആൻഡ് ഡെറിവേറ്റീവ്സ് അനലിസ്റ്റ്, എൽ കെ പി സെക്യൂരിറ്റീസ്: ബാങ്ക് നിഫ്റ്റി ബുള്ളുകൾക്ക് ഇന്നലെ 39,000 ൽ പിന്തുണ നിലനിർത്താൻ കഴിഞ്ഞു, എങ്കിലും 39,700-39,800 സോണിൽ ഉടനടിയുള്ള ഒരു അപ്‌സൈഡ് പ്രതിസന്ധി ദൃശ്യമാണ്; ഇതിന് മുകളിലുള്ള ബ്രേക്ക് മുകൾ അറ്റത്ത് കൂടുതൽ ഷോർട്ട് കവറിംഗിലേക്ക് നയിക്കും.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇ കണക്കുകൾ പ്രകാരം ഇന്നലെ (മാർച്ച് 20) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 2,876.64 കോടി രൂപയ്ക്ക് ഓഹരികൾ അധികം വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -2,545.87 കോടി രൂപയ്ക്ക് അധിക വില്പനക്കാരായി.

കേരള കമ്പനികൾ

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ആസ്റ്റർ ഡി എം, കൊച്ചിൻ ഷിപ് യാർഡ്, ഫെഡറൽ ബാങ്ക്, മണപ്പുറം, മുത്തൂറ്റ് ഫിനാൻസ്, വി ഗാർഡ് എന്നിവ പച്ചയിലാണവസാനിച്ചത്.

റിയാൽറ്റി കമ്പനികളിൽ പി എൻ സി ഇൻഫ്രയും ശോഭയും പുറവങ്കരയും താഴ്ചയിൽ ക്ലോസ് ചെയ്തു.

ആഗോള വിപണി

ഏഷ്യൻ വിപണികൾ ഇന്ന് രാവിലെ തുടക്കത്തിൽ സമ്മിശ്ര പ്രതികരണമാണ് കാഴ്ചവെക്കുന്നത്. സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി (50.50), ചൈന ഷാങ്ങ്ഹായ് (11.28), തായ്‌വാൻ വെയ്റ്റഡ് (59.82), ഹോങ്കോംഗ് ഹാങ്ങ് സെങ് (138.17), ദക്ഷിണ കൊറിയ കോസ്‌പി (15.78) എന്നിവ ഉയർന്നിട്ടുണ്ട്; എന്നാൽ ജപ്പാൻ നിക്കേ (-388.12), ജക്കാർത്ത കോമ്പോസിറ്റ് (-65.75), എന്നിവ ചുവപ്പിലാണ് തുടക്കം.

തിങ്കളാഴ്ച യുഎസ് സൂചികകൾ ഉയർച്ചയിലായിരുന്നു അവസാനിച്ചത്. ഡൗ ജോൺസ് ഇൻഡസ്‌ട്രിയൽ 382.60 പോയിന്റും, എസ് ആൻഡ് പി 34.93 പോയിന്റും നസ്‌ഡേക് 45.03 പോയിന്റും ഉയർച്ച നേടി.

യൂറോപ്പിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ലണ്ടൻ ഫുട്‍സീയും (68.45), പാരീസ് യുറോനെക്സ്റ്റും (87.74), ഫ്രാങ്ക്ഫർട് ഡി എ എക്‌സും (165.18) പച്ചയിൽ തന്നെ അവസാനിച്ചു.

ശ്രദ്ധിക്കേണ്ട ഓഹരികൾ

തിങ്കളാഴ്ച എസ്ബിഐ മ്യൂച്വൽ ഫണ്ട് (ഓഹരി വില: 200.75 രൂപ) എച്ച്ഡിഎഫ്സി എഎംസിയുടെ (ഓഹരി വില: 1681.00 രൂപ) 47.33 ലക്ഷം ഓഹരികൾ 757 കോടി രൂപയ്ക്ക് ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ വാങ്ങി. എൻഎസ്ഇ-യിൽ ലഭ്യമായ ബൾക്ക് ഡീൽ ഡാറ്റ അനുസരിച്ച്, എച്ച്ഡിഎഫ്സി എഎംസിയുടെ 47,33,788 ഓഹരികളാണ് എസ്ബിഐ മ്യൂച്വൽ ഫണ്ട് വാങ്ങിയത്.

റിക്കവറി ഏജന്റുമാരുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കാത്തതിന് ആർബിഎൽ ബാങ്ക് ലിമിറ്റഡിന് (ഓഹരി വില: 137.10 രൂപ) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2.27 കോടി രൂപ പിഴ ചുമത്തി.

ജനറൽ അനസ്തേഷ്യയുടെ അനുബന്ധമായി ഉപയോഗിക്കുന്ന ജനറിക് റോക്കുറോണിയം ബ്രോമൈഡ് കുത്തിവയ്പ്പിന് യുഎസ് ഹെൽത്ത് റെഗുലേറ്ററിൽ നിന്ന് തങ്ങളുടെ പങ്കാളിയായ കാപ്ലിൻ സ്റ്റെറൈൽസ് ലിമിറ്റഡിന് അന്തിമ അനുമതി ലഭിച്ചതായി ലുപിൻ ലിമിറ്റഡ് (ഓഹരി വില: 646.40 രൂപ) തിങ്കളാഴ്ച അറിയിച്ചു. റോക്കുറോണിയം ബ്രോമൈഡ് കുത്തിവയ്പ്പ്നു യുഎസിൽ ഏകദേശം $53 മില്യൺന്റെ വാർഷിക വിൽപ്പനയുണ്ടെന്ന് ലുപിൻ പറഞ്ഞു.

2022 മാർച്ച് 31 മുതൽ വൈദ്യുതി ഉൽപ്പാദകർ ഇന്ധന വിതരണത്തിനായി കോൾ ഇന്ത്യയ്ക്ക് (ഓഹരി വില: 217.05 രൂപ) നൽകാനുള്ള കുടിശ്ശിക 3,293.50 കോടി രൂപ വർദ്ധിച്ച് 16,629.41 കോടി രൂപയായതായി കമ്പനി തിങ്കളാഴ്ച അറിയിച്ചു.

മിത്ര അഗ്രോ എക്യുപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിനെ പൂർണമായും ഏറ്റെടുത്തതായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര (ഓഹരി വില: 1167.65 രൂപ) തിങ്കളാഴ്ച അറിയിച്ചു. തുക എത്രയാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

പമ്പുകൾ, വാൽവുകൾ, സിസ്റ്റങ്ങൾ എന്നിവയുടെ ലോകത്തെ മുൻനിര വിതരണക്കാരിൽ ഒരാളായ കെ എസ് ബി ലിമിറ്റഡ് (ഓഹരി വില: 2053.00 രൂപ) പ്രയാഗ്‌രാജിലെ ഭാരത് പമ്പ്‌സ് ആൻഡ് കംപ്രസേഴ്‌സ് ലിമിറ്റഡ്ൽ നിന്ന് സാങ്കേതികവിദ്യ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു. ഇതിലൂടെ കെ എസ് ബി അവർ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ സാങ്കേതികവിദ്യയ്ക്ക് എക്‌സ്‌ക്ലൂസീവ് ഉടമ ആയിത്തീരും.

ഗുജറാത്തിലെ മുണ്ട്രയിൽ 34,900 കോടി രൂപയുടെ പെട്രോകെമിക്കൽ പ്രോജക്‌ടിനുള്ള പ്രധാന ഉപകരണങ്ങളുടെ സംഭരണവും സൈറ്റ് നിർമ്മാണ പ്രവർത്തനങ്ങളും ഇതുവരെ സാമ്പത്തികമായി ബന്ധിപ്പിക്കാത്തതിനാൽ തങ്ങൾ നിർത്തിവച്ചതായി അദാനി ഗ്രൂപ്പ് (ഓഹരി വില: 1804.95 രൂപ) അറിയിച്ചു.

സ്കീസോഫ്രീനിയ ചികിത്സിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു ജനറിക് ഉൽപ്പന്നം വിപണിയിലെത്തിക്കുന്നതിന് യുഎസ് ഹെൽത്ത് റെഗുലേറ്ററിൽ നിന്ന് അനുമതി ലഭിച്ചതായി ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് (ഓഹരി വില: 444.85 രൂപ) അറിയിച്ചു. ഈ മരുന്നുകൾക്ക് ഏകദേശം $26.9 മില്യൺന്റെ വാർഷിക വിൽപ്പനയുണ്ട്.

സ്വകാര്യ ഇക്വിറ്റി കമ്പനിയായ വാർബർഗ് പിൻകസ് തിങ്കളാഴ്ച മൾട്ടിപ്ലക്‌സ് ചെയിൻ കമ്പനിയായ പിവിആറിന്റെ (ഓഹരി വില: 1546.05 രൂപ) 2.49 ശതമാനം ഓഹരി 380 കോടി രൂപയ്ക്ക് ഓപ്പൺ മാർക്കറ്റ് ഇടപാടുകളിലൂടെ വിറ്റഴിച്ചു.

കോസി മിൻഡ അലുമിനിയത്തിന്റെ 81.69 ശതമാനം ഓഹരികളും കോസെയ് മിൻഡ മോൾഡിന്റെ 49.90 ശതമാനം ഓഹരികളും ജപ്പാനിലെ തങ്ങളുടെ പങ്കാളിയായ കോസിയിൽ നിന്ന് ഏറ്റെടുക്കുന്നതിന് ബോർഡ് അംഗീകാരം നൽകിയതായി വാഹന ഘടകങ്ങളുടെ നിർമ്മാതാക്കളായ യുനോ മിൻഡ ലിമിറ്റഡ് (ഓഹരി വില: 462.80 രൂപ) തിങ്കളാഴ്ച അറിയിച്ചു.

എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡും (ഓഹരി വില: 80.65 രൂപ) ഐഒസിഎൽ റിഫൈനറികളുടെ മുഴുവൻ സമയ വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി പുനരുപയോഗ ഊർജ പദ്ധതികൾ സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു.

യുഎസ് ഡോളർ = 82.56 രൂപ (-3 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ ഫ്യൂച്ചേഴ്‌സ് (ബാരലിന്) 71.20 ഡോളർ (-2.43%)

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,480 രൂപ (-50 രൂപ)

ബിറ്റ് കോയിൻ = 24,34,731 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.34 ശതമാനം താഴ്ന്ന് 103.37 ന് വ്യാപാരം നടക്കുന്നു.

ഐപിഒ

ഉദയ്‌ശിവകുമാർ ഇൻഫ്രായുടെ പ്രാരംഭ ഓഹരി വിൽപ്പന ഇന്നലെ ഓഫറിന്റെ ആദ്യ ദിനത്തിൽ മാർച്ച് 20 തിങ്കളാഴ്ച 0.58 ശതമാനം സബ്‌സ്‌ക്രൈബുചെയ്‌തു, ഓഫറിലെ 2,00,00,000 ഓഹരികളിൽ നിന്ന് 1,15,51,292 ഓഹരികൾക്കായി ബിഡ്‌സ് സ്വീകരിച്ചു. ഐപിഒ മാർച്ച് 22 ബുധനാഴ്ച അവസാനിക്കും. ഇഷ്യൂവിന്റെ പ്രൈസ് ബാൻഡ് ഒരു ഷെയറിന് 33-35 രൂപയാണ്. 1995-ൽ സ്ഥാപിതമായ കമ്പനി കർണാടകയിലെ റോഡുകൾ, പാലങ്ങൾ, കനാലുകൾ, വ്യാവസായിക മേഖലകൾ എന്നിവയുടെ നിർമ്മാണത്തിൽ പ്രവർത്തിക്കുന്നു.