30 Aug 2023 9:07 AM GMT
Summary
സെന്‍സെക്സ് ഡെറിവേറ്റിവുകളുടെ എക്സ്പിയറി വെള്ളിയാഴ്ച തന്നെ
എസ് & പി ബിഎസ്ഇ ബാങ്കെക്‌സ് ഡെറിവേറ്റീവ് കരാറുകള്‍ കാലഹരണപ്പെടുന്ന ദിവസം ഇനി മുതല്‍ തിങ്കളാഴ്ച ആയിരിക്കുമെന്ന് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സർക്കുലറിലൂടെ അറിയിച്ചു. ഒക്ടോബർ 16 മുതലാണ് ഈ മാറ്റം നടപ്പില്‍ വരുന്നത്. നിലവില്‍ വെള്ളിയാഴ്ചയാണ് ബാങ്കെക്‌സ് ഡെറിവേറ്റീവ് കരാറുകളുടെ സമയപരിധി തീരുന്നത്. തിങ്കളാഴ്ച എക്സ്പിയറി തീയതിയായി വരുന്ന കരാറുകള്‍ ഒക്റ്റോബര്‍ 13 മുതല്‍ സൃഷ്ടിക്കപ്പെടും.
അതേസമയം സെന്‍സെക്സ് ഡെറിവേറ്റിവ് കരാറുകളുടെ കാലാവധി തീരുന്നത് ഇനിയും വെള്ളിയാഴ്ച തന്നെയായിരിക്കും. കാലഹരണപ്പെടുന്ന ദിവസം വിപണിക്ക് അവധിയാണെങ്കില്‍, അതിന് തൊട്ടു മുമ്പുള്ള വ്യാപാര ദിനത്തെ എക്സ്പിയറി ഡേറ്റ് ആയി കണക്കാക്കും. വിപണിയിലെ പലതരം നിക്ഷേപകരില്‍ നിന്നു ലഭിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് ബാങ്കെക്സ് ഡെറിവേറ്റിവ് കരാറുകളുടെ കാര്യത്തില്‍ മാറ്റം നടപ്പാക്കുന്നതെന്നും ബിഎസ്ഇ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
വ്യാപാരികളെ സംബന്ധിച്ചിടത്തോളം ഒക്റ്റോബര്‍ 16 ന് ശേഷം എഫ്‍ ആന്‍ഡ് ഒ എക്സ്പിയറി ഷെഡ്യൂള്‍ ഇപ്രകാരമാണ്: തിങ്കളാഴ്ച - നിഫ്റ്റി മിഡ്‌ക്യാപ് സെലക്‌റ്റും ബിഎസ്‌ഇ ബാങ്കെക്‌സും; ചൊവ്വാഴ്ച - നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്; ബുധനാഴ്ച - ബാങ്ക് നിഫ്റ്റി; വ്യാഴാഴ്ച - നിഫ്റ്റി 50, വെള്ളിയാഴ്ച - സെൻസെക്സ്.