image

10 Sept 2023 12:13 PM IST

Equity

ഈ മാസം വില്‍പ്പനയിലേക്ക് തിരിഞ്ഞ് എഫ്‍പിഐകള്‍

MyFin Desk

fpis turned to selling this month
X

Summary

  • തുടര്‍ച്ചയായ ആറു മാസങ്ങളില്‍ വാങ്ങലുകാരായിരുന്നു
  • ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ ആശങ്ക
  • യുഎസ് ബോണ്ടുകളിലെ നേട്ടം ഉയരുന്നു


തുടര്‍ച്ചയായ 6 മാസങ്ങളെ വാങ്ങലുകൾക്ക് ശേഷം, വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐകൾ) സെപ്റ്റംബറിൽ വില്‍പ്പനയിലേക്ക് തിരിഞ്ഞു. ഇക്വിറ്റികളിൽ നിന്ന് 4,200 കോടി രൂപയുടെ അറ്റ വില്‍പ്പനയാണ് ഈ മാസം ഇതുവരെ എഫ്ബിഐകള്‍ നടത്തിയത്. യു‌എസ് ബോണ്ടുകളില്‍ നിന്നുള്ള നേട്ടം ഉയര്‍ന്നത്, ശക്തമായ ഡോളർ, ആഗോള സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള ആശങ്കകൾ എന്നിവയാണ് ഈ യു-ടേണിന് കാരണം.

വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപങ്ങളുടെ പുറത്തേക്കുള്ള ഒഴുക്ക് വരുന്ന ഒന്നോ രണ്ടോ ആഴ്ചകളിൽ തുടരുമെന്ന് യെസ് സെക്യൂരിറ്റീസ് (ഇന്ത്യ) ലിമിറ്റഡിന്റെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസർ നിതാഷ ശങ്കർ വിലിയിരുത്തുന്നു. രൂപയുടെ മൂല്യത്തില്‍ ഉണ്ടാകുന്ന ചാഞ്ചാട്ടവും എഫ്‍പിഐ നിക്ഷേപങ്ങളെ ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡിപ്പോസിറ്ററികളിലെ കണക്ക് അനുസരിച്ച് സെപ്റ്റംബര്‍ 1 മുതല്‍ 8 വരെയുള്ള വ്യാപാര ദിവസങ്ങളില്‍ എഫ്‍പിഐകള്‍ ഇക്വിറ്റികളിൽ നിന്ന് 4,203 കോടി രൂപയുടെ അറ്റ പിന്‍വലിക്കല്‍ നടത്തി, അതേസമയം ഡെറ്റ് വിപണിയില്‍ 643 കോടി രൂപ നിക്ഷേപിച്ചു.

ഓഗസ്റ്റിൽ ഇക്വിറ്റികളിലെ എഫ്‍പിഐ നിക്ഷേപം നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 12,262 കോടി രൂപയില്‍ എത്തിയിരുന്നു. മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 1.74 ലക്ഷം കോടി രൂപയുടെ അറ്റ നിക്ഷേപം ഇക്വിറ്റികളില്‍ നടത്തി. ഈ വർഷം ഇതുവരെ എഫ്‍പിഐകളുടെ ഇക്വിറ്റിയിലെ അറ്റ നിക്ഷേപം 1.31 ലക്ഷം കോടി രൂപയാണ്, ഡെറ്റ് മാർക്കറ്റിൽ 28,825 കോടി രൂപയാണ് എഫ്‍പിഐകളുടെ അറ്റ നിക്ഷേപം.

ഊര്‍ജ്ജം, മൂലധന ഉല്‍പ്പന്നങ്ങള്‍ എന്നീ മേഖലകളിലെ ഓഹരികള്‍ വാങ്ങുന്നതിനാണ് വിദേശ നിക്ഷേപകര്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്. ധനകാര്യ ഓഹരികളിലെ എഫ്‍പിഐ വില്‍ക്കല്‍ ബാങ്കിംഗ് ബ്ലൂചിപ് ഓഹരികളുടെ വിലയെ നെഗറ്റിവായി ബാധിച്ചു.