22 Oct 2023 5:28 AM GMT
Summary
- ഡെറ്റ് വിപണിയിലും വില്‍പ്പനക്കാര്‍
- ടെലികോം മേഖലയില്‍ എഫ്‍പിഐകള്‍ വാങ്ങലുകാര്‍
മധ്യേഷ്യയിലെ സംഘര്‍ഷം തുടരുന്നതിനിടെ യുഎസ് ബോണ്ട് യീൽഡ് കുതിച്ചുയര്‍ന്നതിന്‍റെ പശ്ചാത്തലത്തില്‍ ഒക്ടോബർ മൂന്നാം വാരത്തിൽ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) അറ്റ വിൽപ്പനക്കാരായി തുടർന്നു. എഫ്‌പിഐകൾ ഒക്‌ടോബർ 20 വരെയുള്ള കണക്ക്പ്രകാരം ഈ മാസത്തില്‍ ഇന്ത്യൻ ഇക്വിറ്റികളില്‍ 12,146 കോടി രൂപയുടെ അറ്റ വില്‍പ്പന നടത്തി. ഡെറ്റ് വിപണിയില്‍ മൊത്തം 6,555 കോടി രൂപയുടെ അറ്റ വില്‍പ്പനയാണ് ഇക്കാലയളവില്‍ എഫ്‍പിഐകള്‍ നടത്തിയത്.
" ആഗോളതലത്തിലെ ഉയർന്ന പലിശനിരക്കുകൾ, വർദ്ധിച്ചുവരുന്ന ഊർജ വിലകൾ, സമ്മിശമായ കോർപ്പറേറ്റ് വരുമാനം എന്നിവയെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകള്‍ക്കിടെ വിദേശ സ്ഥാപന നിക്ഷേപകരിൽ നിന്നുള്ള നിക്ഷേപം അസ്ഥിരമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു," കൊട്ടക് സെക്യൂരിറ്റീസിന്‍റെ ഇക്വിറ്റി റിസർച്ച് (റീട്ടെയിൽ) മേധാവി ശ്രീകാന്ത് ചൗഹാൻ പറഞ്ഞു.
യുഎസിലെ തൊഴിൽ വിപണിയുടെ കടുപ്പവും സമ്പദ്‌വ്യവസ്ഥയുടെ പ്രതിരോധ ശേഷിയും കണക്കിലെടുത്ത്, പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ കൂടുതൽ പലിശ നിരക്ക് വർധന വേണ്ടി വന്നേക്കുമെന്ന് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ പറഞ്ഞതിനെ തുടര്‍ന്ന് യുഎസ് ബോണ്ടുകളിലെ ആദായം കുതിച്ചുയര്‍ന്നു. ഇത് വില്‍പ്പന വര്‍ധിപ്പിക്കാന്‍ എഫ്‌പിഐകളെ പ്രേരിപ്പിച്ചു.
ഇന്ത്യയിൽ ഊര്‍ജം, ധനകാര്യം, ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് (എഫ്എംസിജി), ഇൻഫർമേഷൻ ടെക്നോളജി (ഐടി) തുടങ്ങിയ മേഖലകളില്ലെലാം എഫ്‍പിഐകള്‍ വില്‍പ്പന നടത്തുകയാണ്. അതേസമയം മൂലധന ചരക്കുകളിലും ഓട്ടോമൊബൈലുകളിലും എഫ്‌പിഐ വിൽപ്പന കുറഞ്ഞുവെന്നും ടെലികോം മേഖലയിൽ അവർ വാങ്ങുലുകാരായി മാറിയെന്നും വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
തുടര്‍ച്ചയായ മൂന്ന് മാസങ്ങളില്‍ വാങ്ങലുകാരായിരുന്ന എഫ്‍പിഐകള്‍ സെപ്റ്റംബറിലാണ് വില്‍പ്പനയിലേക്ക് തിരിഞ്ഞത്.