image

10 Dec 2023 8:06 AM GMT

Equity

ഡിസംബറിലും ശക്തമായ നിക്ഷേപം തുടർന്ന് എഫ്‍പിഐകള്‍

MyFin Desk

fpis followed strong investment in december as well
X

Summary

  • എഫ്‍പിഐ നിക്ഷേപം തുടരാൻ സാധ്യതയുണ്ടെന്ന് വിദഗ്‍ധര്‍
  • മുൻനിര ബാങ്കിംഗ് ഓഹരികളിലാണ് എഫ്‍പിഐകള്‍ ഏറ്റവുമധികം വാങ്ങല്‍ നടത്തുന്നത്
  • ഡെറ്റ് വിപണിയിലും എഫ്‍പിഐകള്‍ വാങ്ങല്‍ തുടരുന്നു


വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്‍പിഐകൾ) ഈ മാസത്തെ ആദ്യ ആറ് ട്രേഡിംഗ് സെഷനുകളിലായി 26,505 കോടി രൂപയുടെ അറ്റ നിക്ഷേപം ഇന്ത്യൻ ഇക്വിറ്റികളില്‍ നടത്തി. ഒക്ടോബറിൽ മൊത്തമായി 9,000 കോടി രൂപയുടെ അറ്റ ​​നിക്ഷേപം നടത്തിയതിന്‍റെ തുടര്‍ച്ചയാണിത്. ഇതിന് മുമ്പ് ഓഗസ്‍റ്റ്, സെപ്തംബർ മാസങ്ങളിൽ എഫ്‍പിഐകള്‍ മൊത്തം 39,300 കോടി രൂപയുടെ പിന്‍വലിക്കല്‍ നടത്തിയതായി ഡിപ്പോസിറ്ററികളിലെ കണക്കുകൾ വ്യക്തമാക്കുന്നു.

മുന്നോട്ട് പോകുമ്പോൾ, എഫ്‍പിഐ നിക്ഷേപം തുടരാൻ സാധ്യതയുണ്ടെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

2024-ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സ്ഥിരതയെ കുറിച്ചുള്ള പ്രതീക്ഷ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ശക്തമായ വളർച്ച, പണപ്പെരുപ്പം കുറഞ്ഞത്, യുഎസ് ബോണ്ട് വരുമാനത്തിലെ സ്ഥിരമായ ഇടിവ്, ബ്രെന്റ് ക്രൂഡിന്റെ വിലയിടിവ് എന്നിവ എഫ്‍പിഐകള്‍ക്ക് അനുകൂല സാഹചര്യമൊരുക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

"ആഗോളതലത്തിൽ, യുഎസ് ഫെഡറൽ റിസർവ് അടുത്ത വർഷം ആദ്യ പകുതി മുതൽ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ ശക്തമാണ് . ഇത് മറ്റ് കറൻസികൾക്കെതിരെ യുഎസ് ഡോളറിന്റെ മൂല്യം കുറയുന്നതിന് കാരണമായി," മോണിംഗ്സ്റ്റാർ ഇൻവെസ്റ്റ്‌മെന്റ് റിസർച്ച് ഇന്ത്യ അസോസിയേറ്റ് ഡയറക്ടർ റിസർച്ച് മാനേജർ ഹിമാൻഷു ശ്രീവാസ്തവ പറഞ്ഞു.

മുൻനിര ബാങ്കിംഗ് ഓഹരികളിലാണ് എഫ്‍പിഐകള്‍ ഏറ്റവുമധികം വാങ്ങല്‍ താല്‍പ്പര്യം കാണിക്കുന്നത്. ഐടി, ടെലികോം, ഓട്ടോമൊബൈൽസ്, മൂലധന ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലെ ലാർജ് ക്യാപ്‌സും വാങ്ങലിന് സാക്ഷ്യം വഹിക്കുന്നു.

അവലോകന കാലയളവിൽ ഡെറ്റ് മാർക്കറ്റില്‍ എഫ്‍പിഐകള്‍ 5,506 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തി. നവംബറിൽ ആറ് വർഷത്തെ ഏറ്റവും ഉയർന്ന നിക്ഷേപമായ 14,860 കോടി രൂപയും ഒക്ടോബറിൽ 6,381 കോടി രൂപയും രേഖപ്പെടുത്തിയതിന് പിന്നാലെയാണിത്.

ഈ വർഷം ഇതുവരെ എഫ്പിഐകൾ ഇക്വിറ്റി വിപണികളിൽ 1.31 ലക്ഷം കോടി രൂപയുടെയും ഡെറ്റ് വിപണിയില്‍ 55,867 കോടി രൂപയുടെയും അറ്റ നിക്ഷേപം നടത്തിയിട്ടുണ്ട്.