image

18 Jan 2023 7:30 AM IST

Stock Market Updates

എഫ് ഐ ഐ-കൾ തിരിച്ചു വരുന്നു; ചൈനയുടെ വളർച്ച മന്ദഗതിയിൽ

Mohan Kakanadan

Trading view
X

Summary

  • ഈ വർഷം ആദ്യമായാണ് എഫ് ഐ ഐ-കൾ അറ്റ വാങ്ങലുകാരാവുന്നത്. ഈ മാസം 11-സെഷനുകളിലായി അവർ -17,958.61 കോടി രൂപക്ക് അധിക വില്പന നടത്തിയിട്ടുണ്ട്.
  • സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്ന് രാവിലെ 7.30 ന് 34.50 പോയിന്റ് ഉയർന്നാണ് വ്യാപാരം നടക്കുന്നത് ഒരു ഗാപ് അപ് തുടക്കത്തിന് ഇത് വേദിയൊരുക്കുന്നുണ്ട്.


കൊച്ചി: ആഗോള സാമ്പത്തിക രംഗത്ത് ആശങ്കകൾ നിലനിൽക്കുകയാണ്. സീറോ-കോവിഡ് നയവും റിയൽ എസ്റ്റേറ്റ് വിപണിയിലെ മാന്ദ്യവും മൂലം ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈനയുടെ യഥാർത്ഥ മൊത്ത ആഭ്യന്തര ഉൽപ്പാദനം (GDP) ഒക്ടോബർ-ഡിസംബർ പാദത്തിൽ 2.9 ശതമാനമായി ചുരുങ്ങിയതായി ചൈനീസ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. 50 വർഷത്തിനിടയിലെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണിത്. ജൂലൈ-സെപ്റ്റംബറിൽ ഇത് 3.9 ശതമാനമായിരുന്നു. 2022 ൽ ചൈനയുടെ വാർഷിക ജിഡിപി 121.02 ട്രില്യൺ യുവാൻ ($17.94 ട്രില്യൺ) ആയി.

ഇത് പറയുമ്പോൾ തന്നെ ചൈനയെ പിന്തള്ളാൻ ഇപ്പോൾ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യക്ക് കുറച്ചേറെക്കാലം കാത്തിരിക്കേണ്ടി വരുമെന്ന് മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ ദാവോസിൽ നടന്നുകൊണ്ടിരിക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ ഇന്നലെ പറഞ്ഞു. ചൈനീസ് സമ്പദ്‌വ്യവസ്ഥയിലെ ഏതൊരു വീണ്ടെടുപ്പും തീർച്ചയായും ആഗോള വളർച്ചാ സാധ്യതകളെ ഉയർത്തുമെന്ന് രാജൻ പറഞ്ഞു.

ഓഹരി വിപണി കമ്പനി ഫലങ്ങളിൽ മാത്രമൂന്നിയാണ് ഇപ്പോൾ ആടിയാടി നിൽക്കുന്നത്. എന്നാൽ, ചരക്ക് വില കുറയുകയും വരുമാന വളർച്ച നിയന്ത്രണത്തിലാവുകയും ചെയ്തതിനാൽ ഡിസംബർ പാദത്തിൽ ഇന്ത്യൻ കോർപറേറ്റുകളുടെ ഓപ്പറേറ്റിംഗ് മാർജിൻ 270 ബേസിസ് പോയിന്റ് ഇടിഞ്ഞ് 18-19 ശതമാനമായി കുറയാൻ സാധ്യതയുണ്ടെന്ന് ക്രിസിൽ റേറ്റിങ്സ് ചൊവ്വാഴ്ച പറഞ്ഞു. നിക്ഷേപാർ ഇതും കണക്കിലെടുക്കേണ്ടതുണ്ട്.

ഇന്ന് സെൻട്രൽ ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, റാലിസ്, സൂര്യ റോഷ്‌നി, അലോക് ഇൻഡസ്ട്രീസ് എന്നി കമ്പനികൾ അവയുടെ മൂന്നാം പാദ ഫലം പ്രഖ്യാപിക്കുന്നുണ്ട്.

ഇന്നലെ സെൻസെക്സ് 562.75 പോയിന്റ് ഉയർന്ന് 60,655.72 ലും നിഫ്റ്റി 158.45 പോയിന്റ് നേട്ടത്തോടെ 18,053.30 ലും ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റിയും 67.50 പോയിന്റ് ഉയർന്ന് 42,235.05 ൽ അവസാനിച്ചു.

സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്ന് രാവിലെ 7.30 ന് 34.50 പോയിന്റ് ഉയർന്നാണ് വ്യാപാരം നടക്കുന്നത് ഒരു ഗാപ് അപ് തുടക്കത്തിന് ഇത് വേദിയൊരുക്കുന്നുണ്ട്.

കേരള കമ്പനികൾ

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ആസ്റ്റർ ഡി എം, എഫ് എ സി ടി, ജ്യോതി ലാബ്, കേരള കെമിക്കൽസ്, വണ്ടർ ല എന്നിവ പച്ചയിലാണ് അവസാനിച്ചത്. സി എസ് ബി ബാങ്ക്, കൊച്ചിൻ ഷിപ് യാർഡ്, ധനലക്ഷ്മി ബാങ്ക്, ഫെഡറൽ ബാങ്ക്, ജിയോജിത്, കിംസ്, കല്യാൺ ജൂവല്ലേഴ്‌സ്, മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് ക്യാപ്, മണപ്പുറം, മുത്തൂറ്റ് ഫിനാൻസ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വി ഗാർഡ് തുടങ്ങിയവ നഷ്ടത്തിൽ കലാശിച്ചു. ഫെഡറൽ ബാങ്ക് ഇന്നലെ 52-ആഴ്ചത്തെ ഏറ്റവും ഉയർന്ന 143.40 ലെത്തിയെങ്കിലും ഇന്ന് താഴ്ചയിലാണ്.

റിയാലിറ്റി കമ്പനികളായ പി എൻ സി ഇൻഫ്രയും പുറവങ്കരയും നഷ്ടത്തിലായപ്പോൾ ശോഭ 0.84 ശതമാനം ഉയർന്നു.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇ കണക്കുകൾ പ്രകാരം ഇന്നലെ (ജനുവരി 17) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 90.81 കോടി രൂപക്കും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 211.06 കോടി രൂപക്കും അധികം വാങ്ങി. ഈ വർഷം ആദ്യമായാണ് എഫ് ഐ ഐ-കൾ അറ്റ വാങ്ങലുകാരാവുന്നത്. ഈ മാസം 11-സെഷനുകളിലായി അവർ -17,958.61 കോടി രൂപക്ക് അധിക വില്പന നടത്തിയിട്ടുണ്ട്.

ലോക വിപണി

ഇന്ന് ഏഷ്യൻ വിപണികൾ പൊതുവെ മിശ്രിതമായാണ് ആരംഭിച്ചിട്ടുള്ളത്. ഹോങ്കോങ് ഹാങ്‌സെങ് (-86.31), സൗത്ത് കൊറിയൻ കോസ്‌പി (-19.73), എന്നിവ ഇടിഞ്ഞപ്പോൾ ചൈന ഷാങ്ഹായ് (+7.10), തായ്‌വാൻ വെയ്റ്റഡ് (+5.92), ജക്കാർത്ത കോമ്പസിറ്റ് (+79.28), ജപ്പാൻ നിക്കേ (+176.34) എന്നിവ നേട്ടത്തിലാണ്.

ഇന്നലെ യുഎസ് വിപണിയിൽ ഡൗ ജോൺസ്‌ -391.76 പോയിന്റും എസ് ആൻഡ് പി 500 -8.12 പോയിന്റും ഇടിഞ്ഞപ്പോൾ നസ്‌ഡേക് 15.96 പോയിന്റ് ഉയർന്നു.

എന്നാൽ, യൂറോപ്പിൽ ഫ്രാങ്ക്ഫർട് ഡി എ എക്സ് (+53.03), പാരീസ് യുറോനെക്സ്റ്റ് (+33.85), എന്നിവ നേട്ടത്തിലാണ് അവസാനിച്ചത്. ലണ്ടൻ ഫുട്‍സീ (-9.04) ചുവപ്പിലാണ്.

വിദഗ്ധാഭിപ്രായം

രൂപക് ദേ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: നിലവിലെ സാങ്കേതിക നിലപാട് നിഫ്റ്റിയെ 18250-18270 ലേക്ക് നയിച്ചേക്കാവുന്ന സമീപകാല ശക്തിയെ സൂചിപ്പിക്കുന്നു. താഴെ തട്ടിൽ 17850-ൽ പിന്തുണ ദൃശ്യമാണ്.

കുനാൽ ഷാ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: നിഫ്റ്റി ബാങ്ക് സൂചിക 41,800 നും 42,700 നും ഇടയിൽ വിശാലമായ ശ്രേണിയിൽ കുടുങ്ങിയിരിക്കുന്നു; ഇരുവശത്തേക്കുമുള്ള നീക്കം ട്രെൻഡിംഗ് അവനിടയുണ്ട്. ഇന്നലത്തെ സെഷന്റെ രണ്ടാം പകുതി ബുള്ളുകളുടേതായിരുന്നു. മുന്നോട്ടുള്ള ആക്കം നിലനിർത്തണമെങ്കിൽ, അത് 42400 ലെവൽ മറികടക്കേണ്ടതുണ്ട്, അവിടെ ഉടനടി പ്രതിരോധം ദൃശ്യമാണ്‌.

ശ്രദ്ധിക്കേണ്ട ഓഹരികൾ

ഫുട്‌വെയർ റീട്ടെയിൽ ശൃംഖലയായ മെട്രോ ബ്രാൻഡ്‌സ്ന്റെ (ഓഹരി വില: 845.35 രൂപ) ഏകീകൃത അറ്റാദായം 2022 ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 11.19 ശതമാനം വർധിച്ച് 112.99 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ കമ്പനിയുടെ അറ്റാദായം 101.61 കോടി രൂപയായിരുന്നു.

2022 ഡിസംബറിൽ അവസാനിച്ച പാദത്തിൽ ബാങ്ക് ഓഫ് ഇന്ത്യയുടെ (ഓഹരി വില: 93.40 രൂപ) അറ്റാദായം 12 ശതമാനം വർധിച്ച് 1,151 കോടി രൂപയായി. മൊത്തവരുമാനം കഴിഞ്ഞ വർഷം 11,211.14 കോടി രൂപയിൽ നിന്ന് 14,159.60 കോടി രൂപയായി ഉയർന്നു.

മുൻനിര പൊതു ഇൻഷുറർ കമ്പനിയായ ഐസിഐസിഐ ലോംബാർഡ് (ഓഹരി വില: 1249.30 രൂപ) ഡിസംബറിൽ അവസാനിച്ച മൂന്ന് മാസങ്ങളിൽ അറ്റവരുമാനത്തിൽ 11 ശതമാനം വളർച്ച രേഖപ്പെടുത്തി 353 കോടി രൂപയായി.

ടാറ്റ മെറ്റാലിക്‌സിന്റെ (ഓഹരി വില: 833.55 രൂപ) ഡിസംബർ പാദത്തിലെ അറ്റാദായം 73 ശതമാനം ഇടിഞ്ഞ് 9.48 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 35.65 കോടി രൂപ അറ്റാദായം നേടിയിരുന്നു.

ഇലക്ട്രിക് വാഹന പ്ലാറ്റ്‌ഫോമിനായി ഉപ അസംബ്ലികൾ വിതരണം ചെയ്യുന്നതിന് ഒരു പ്രമുഖ ആഗോള ഓട്ടോമൊബൈൽ നിർമ്മാതാക്കളിൽ നിന്ന് ഏകദേശം 2,045 കോടി രൂപയുടെ കരാർ നേടിയതായി വാഹന ഘടകങ്ങളുടെ നിർമ്മാതാക്കളായ സുന്ദരം ഫാസ്റ്റനേഴ്‌സ് (ഓഹരി വില: 961.85 രൂപ) ചൊവ്വാഴ്ച അറിയിച്ചു.

പരസ്യവരുമാനത്തിലെ ഇടിവ് കാരണം 2022 ഡിസംബർ 31 ന് അവസാനിച്ച മൂന്നാം പാദത്തിൽ മീഡിയ സ്ഥാപനമായ TV18 ബ്രോഡ്കാസ്റ്റ്ന്റെ (ഓഹരി വില: 36.45 രൂപ) ഏകീകൃത അറ്റാദായം 87.86 ശതമാനം ഇടിഞ്ഞ് 37.81 കോടി രൂപയായി. മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 311.55 കോടി രൂപയായിരുന്നു. CNN News18, MTV, VH1, Nickelodeon, Colors എന്നിവ ഉൾപ്പെടുന്ന നെറ്റ്‌വർക്ക് 18 ഗ്രൂപ്പിന്റെ ഒരു ഉപസ്ഥാപനമാണ് TV18 ബ്രോഡ്കാസ്റ്റ്.

ഡയറക്‌ട്-ടു-കൺസ്യൂമർ ബ്രാൻഡായ യോഗ ബാറിന്റെ ഉടമസ്ഥതയിലുള്ള സ്‌പ്രൂട്ട്‌ലൈഫ് ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുക്കുന്നതായി ഐടിസി (ഓഹരി വില: 332.25 രൂപ) ചൊവ്വാഴ്ച പ്രഖ്യാപിച്ചു. പ്രാഥമിക സബ്‌സ്‌ക്രിപ്‌ഷനിലൂടെയും ദ്വിതീയ വാങ്ങലുകളിലൂടെയും 175 കോടി രൂപയുടെ പ്രാരംഭ നിക്ഷേപം നടത്തി അടച്ചുതീർത്ത ഓഹരി മൂലധനത്തിന്റെ 39.4 ശതമാനം ഏറ്റെടുക്കും.

ജെയ്‌പീ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കടക്കെണിയിലായ ആന്ധ്രാ സിമന്റ്‌സിനെ (ഓഹരി വില: 7.35 രൂപ) കോർപ്പറേറ്റ് ഇൻസോൾവൻസി റെസൊല്യൂഷൻ പ്രോസസിലൂടെ സാഗർ സിമന്റ്‌സ് (ഓഹരി വില: 231.90 രൂപ) ഏറ്റെടുത്തു.

ഹൃദയസ്തംഭനത്തിനുള്ള ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സാക്യുബിട്രിൽ, വൽസാർട്ടൻ കോമ്പിനേഷൻ ഗുളികകൾ ഇന്ത്യയിൽ ഇറക്കിയതായി ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് (ഓഹരി വില: 416.55 രൂപ) ചൊവ്വാഴ്ച അറിയിച്ചു.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,220 രൂപ (+00 രൂപ)

യുഎസ് ഡോളർ = 81.70 രൂപ (+12 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) 84.56 ഡോളർ (+0.12%)

ബിറ്റ് കോയിൻ = 17,85,000 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക +0.02 ശതമാനം ഉയർന്ന് 102.11 ആയി.