image

6 Dec 2022 2:10 AM GMT

Stock Market Updates

നിക്ഷേപകർ വീണ്ടും ലാഭമെടുപ്പിൽ; എസ് ജി എക്സ് നിഫ്റ്റി ഇന്നും ഇടിവിൽ തുടക്കം

Mohan Kakanadan

Stock Market
X

Summary

  • രാജ്യത്തെ സേവന മേഖലയിലെ ഉത്പാദന വളര്‍ച്ച കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി എസ്ആന്റ്പി ഗ്ലോബല്‍
  • കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ മൂന്നെണ്ണം ഇന്നലെ ശക്തമായ വ്യാപാരം കാഴ്ചവെച്ചു.
  • സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി രാവിലെ 7.30-നു -64.00 പോയിന്റ് ഇടിഞ്ഞാണ് വ്യാപാരം നടക്കുന്നത്.


കൊച്ചി: ഇന്നലെ ആരംഭിച്ച ആർബിഐ-യുടെ പണനയ മീറ്റിങ്ങിൽ അപ്രതീക്ഷിതമായി എന്തെങ്കിലും തീരുമാനങ്ങളുണ്ടാവുമെന്നു വിഗ്ധന്മാരാരും കരുതുന്നില്ല. പണപ്പെരുപ്പം ഇപ്പോഴും ആർബിഐയുടെ ടോളറൻസ് പരിധിയായ 4-6 ശതമാനത്തേക്കാൾ കൂടുതലാണെങ്കിലും ഇത്തവണ 25-35 ബേസിസ് പോയിന്റുകളുടെ മിതമായ നിരക്കുയർത്താലേ ഉണ്ടാവൂ എന്നാണ് എല്ലാവരും കരുതുന്നത്. അതുകൊണ്ട് ഓഹരികളിലധിഷ്ഠിതമായ കച്ചവടമായിരിക്കും അഭികാമ്യം എന്നവർ പറയുന്നു. നാളെ, 7-നാണ് സെൻട്രൽ ബാങ്കിന്റെ തീരുമാനം പുറത്തു വരുന്നത്.

രാജ്യത്തെ സേവന മേഖലയിലെ ഉത്പാദന വളര്‍ച്ച കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി എസ്ആന്റ്പി ഗ്ലോബല്‍ ഇന്ത്യയുടെ പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് (പിഎംഐ) പറയുന്നു. ഒക്ടോബറില്‍ റിപ്പോര്‍ട്ട് ചെയ്ത 55.1 ല്‍ നിന്നും സൂചിക നവംബറില്‍ 56.4 ആയി ഉയർന്നു. വര്‍ധിച്ച ഡിമാന്‍ഡിനൊപ്പം ബിസിനസ് ഗണ്യമായി ഉയര്‍ന്നതാണ് കാരണം. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശരിയായ ദിശയിലാണു നീങ്ങുന്നതെന്ന് സൂചനയാണിത്.

ആഗോളതലത്തിൽ ആശങ്കകൾ ഇപ്പോഴും തുടരുന്നു. യൂറോസോൺ റീട്ടെയിൽ വിൽപ്പന സെപ്റ്റംബറിലെ 0.8% നേട്ടത്തിൽ നിന്ന് ഒക്ടോബറിൽ കുത്തനെ 1.8% ഇടിഞ്ഞതായി യൂറോപ്യൻ കമ്മീഷന്റെ സ്ഥിതിവിവരക്കണക്കുകൾ ഇന്നലെ വ്യക്തമാക്കി. യൂറോപ്പിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകളായ ജർമ്മനിയും ഫ്രാൻസും ഏകദേശം 3 ശതമാനം വീതമാണ് ഇടിവ് രേഖപ്പെടുത്തിയത്.

ഇന്നലെ, ആഴ്ചയുടെ ആദ്യ ദിവസം ആഭ്യന്തര വിപണി നേരിയ നഷ്ടത്തിലായിരുന്നു. സെൻസെക്സ് 33.90 പോയിന്റ് കുറഞ്ഞ് 62,834. 60 ലവസാനിച്ചു. അതെസമയം നിഫ്റ്റി 4.95 പോയിന്റ് ഉയർന്ന് 18,701.05 ൽ ക്ലോസ് ചെയ്തു. എന്നാൽ, ബാങ്ക് നിഫ്റ്റി 229.20 പോയിന്റ് ഉയർന്ന് 43,332.95 ൽ എത്തിയത് നിക്ഷേപകർക്ക് ആശ്വാസം പകർന്നു. നിഫ്റ്റി മെറ്റൽ 1.97 ശതമാനം ഉയർന്നപ്പോൾ, മീഡിയ, നിഫ്റ്റി ഐ ടി 0.44 ശതമാനവും ഫാർമ 0.27 ശതമാനവും താഴ്ന്നു.

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ മൂന്നെണ്ണം ശക്തമായ വ്യാപാരം കാഴ്ചവെച്ചു. ധനലക്ഷ്മി ബാങ്ക് 52 ആഴ്ചത്തെ ഏറ്റവും ഉയർന്ന നിലയായ 20.10-ൽ എത്തിയെങ്കിലും 19.40 ൽ അവസാനിച്ചു; അതുപോലെ ജ്യോതി ലാബ് 52 ആഴ്ചത്തെ ഉയർച്ചയായ 213.45 -ൽ എത്തി, 211 .65 ൽ ക്ളോസ് ചെയ്തപ്പോൾ കല്യാൺ ജൂവല്ലേഴ്‌സ് 116.40 ൽ എത്തിയ ശേഷം 5.24 ശതമാനം ഉയർന്ന് 115 .50 ൽ അവസാനിച്ചു. ഫെഡറൽ ബാങ്ക് 3 ശതമാനം ഉയർന്നപ്പോൾ കാത്തലിക് സിറിയൻ ബാങ്ക് 2.37 ശതമാനം ഉയർച്ച നേടി.

സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി നഷ്ട്ടത്തിലാണ് ഇന്നും തുടക്കം; രാവിലെ 7.30-നു -64.00 പോയിന്റ് ഇടിഞ്ഞാണ് വ്യാപാരം നടക്കുന്നത്.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇയിൽ ലഭ്യമായ താൽക്കാലിക കണക്കുകൾ പ്രകാരം തിങ്കളാഴ്ച (ഡിസംബർ 5) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 2,607.98 കോടി രൂപയ്ക്ക് അധികം വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -1,139.07 കോടി രൂപയ്ക്ക് വിറ്റു.

വിദഗ്ധാഭിപ്രായം

രവി സുബ്രഹ്മണ്യൻ, ശ്രീറാം ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന്റെ എംഡിയും സിഇഒയും: "ഒക്ടോബറിലെ സിപിഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.7 ശതമാനം ആയതിനാൽ പണപ്പെരുപ്പം കുറയുന്നതിന്റെ സൂചനയുണ്ട്. ഇത്തവണ 25-35 ബേസിസ് പോയിന്റുകളുടെ മിതമായ നിരക്ക് വർധന ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഭവന വായ്പ ആവശ്യകത, പ്രത്യേകിച്ച് താങ്ങാനാവുന്ന മേഖല, പലിശ നിരക്കിലെ ഏറ്റക്കുറച്ചിലിനോട് വളരെ സെൻസിറ്റീവ് അല്ലാത്തതിനാൽ, അത് ഹോം ഫിനാൻസ് ബിസിനസിനെ ഉടനടി ബാധിക്കില്ല."

കുനാൽ ഷാ, എൽകെപി സെക്യൂരിറ്റീസിലെ സീനിയർ ടെക്നിക്കൽ അനലിസ്റ്റ്: 42,800 ന്റെ പിൻബലമുള്ളിടത്തോളം കാലം ബാങ്ക് സൂചിക വാങ്ങൽ മോഡിൽ തുടരും. ഉയർന്ന നിലവാരത്തിലുള്ള പ്രതിരോധം 43,500-ൽ ദൃശ്യമാണ്, അവിടെ ഗണ്യമായ അളവിൽ കോൾ റൈറ്റിംഗ് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സൂചിക 42,500-43,500 ന് ഇടയിലുള്ള വിശാലമായ ശ്രേണിയിൽ ഏകീകരിക്കാൻ സാധ്യതയുണ്ട്, ഇരുവശത്തുമുള്ള ഇടവേള ട്രെൻഡിംഗ് നീക്കങ്ങളിലേക്ക് നയിക്കും.

വിനോദ് നായർ, ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവി: "ഡിസംബർ 7 ലെ ആർബിഐ നയ പ്രഖ്യാപനത്തിന് മുന്നോടിയായി സൂക്ഷ്മത പാലിച്ചതിനാൽ മാർക്കറ്റ് അതിന്റെ ലാഭ ബുക്കിംഗ് ട്രെൻഡ് ഉയർന്ന നിലയിൽ തുടർന്നു. ഉൽപ്പാദന ലക്ഷ്യം വെട്ടിക്കുറയ്ക്കാത്ത ഒപെക് തീരുമാനവും ചൈനയുടെ കൊവിഡ് നയത്തിലെ ഇളവും മൂലം ക്രൂഡ് വില വർധിച്ചതും അതിനു കാരണമായി. ഐടി മേഖലയാണ് ഏറ്റവും ഉയർന്ന ലാഭ ബുക്കിംഗിന് സാക്ഷ്യം വഹിച്ചത്; അതേസമയം ബാങ്കും ലോഹങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചു. പണപ്പെരുപ്പ പ്രവചനത്തിലെ ഇടിവ് പ്രതീക്ഷിച്ച് കഴിഞ്ഞ മൂന്ന് മീറ്റിംഗുകളിലെ 50 ബി‌പി‌എസുമായി താരതമ്യപ്പെടുത്തുമ്പോൾ 35 ബി‌പി‌എസ് നിരക്ക് വർദ്ധനവ് വിപണി പ്രതീക്ഷിക്കുന്നു.

ലോക വിപണി

മറ്റു ഏഷ്യൻ വിപണികളും ഇന്ന് പൊതുവെ നഷ്ടത്തിലാണ്. സൗത്ത് കൊറിയൻ കോസ്‌പി (-13.74), തായ്‌വാൻ (-99.80), ഹാങ്‌സെങ് (-96.37), ഷാങ്ഹായ് (-32.31), ജക്കാർത്ത കോമ്പസിറ്റ് (-32.31) എന്നിവ ചുവപ്പിൽ തുടക്കം കുറിച്ചിരിക്കുകയാണ്. എന്നാൽ, ടോക്കിയോ നിക്കെ (0.08) ഇപ്പോൾ പച്ചയിലാണ്.

തിങ്കളാഴ്ച യൂറോപ്പിൽ ഫ്രാങ്ക്ഫർട് ഡി എ എക്സ് (-81.78) പാരീസ് യുറോനെക്സ്റ്റ് (-45.29) എന്നിവ ഇടിഞ്ഞപ്പോൾ ലണ്ടൻ ഫുട്‍സീ (+11.31) പച്ചയിലാണ് അവസാനിച്ചത്.

അമേരിക്കന്‍ വിപണികൾ വീണ്ടും ചുവപ്പിലേക്ക് പതിച്ചു; ഡൗ ജോൺസ്‌ ഇന്ടസ്ട്രിയൽ ആവറേജ് (-482.78), എസ് ആൻഡ് പി 500 (-72.86), നസ്‌ഡേക് കോമ്പസിറ്റ് (-221.56) എന്നിവയെല്ലാം നഷ്ടത്തിൽ കലാശിച്ചു.

ശ്രദ്ധിക്കേണ്ട ഓഹരികൾ

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (ഓഹരി വില 652.10 രൂപ) എച്ച്‌ഡിഎഫ്‌സി ലിമിറ്റഡിന്റെ (ഓഹരി വില 2675.80 രൂപ) 1.2 ലക്ഷം ഓഹരികൾ ഓപ്പൺ മാർക്കറ്റിൽ നിന്ന് വാങ്ങിയതായി റെഗുലേറ്ററി ഫയലിംഗിൽ പറയുന്നു.

പേറ്റന്റ് ലംഘന കേസിൽ ഡൽഹി ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചതായി നാറ്റ്‌കോ ഫാർമ (ഓഹരി വില 579.05 രൂപ) അറിയിച്ചു.

ഉപഭോക്തൃ അനുഭവ തന്ത്രത്തിന്റെ പുതിയ തലങ്ങൾ കൈവരിക്കാൻ സഹായിക്കുന്നതിനായി സൊമാറ്റോ (ഓഹരി വില 65.30 രൂപ) കസ്റ്റമർ എക്‌സ്‌പീരിയൻസ് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമായ കണക്റ്റ് ഇൻസൈറ്റ്‌സ് തെരഞ്ഞെടുത്തു.

അടുത്ത വർഷം ഏപ്രിൽ 1 മുതൽ ആരംഭിക്കുന്ന കർശനമായ 'എമിഷൻ' മാനദണ്ഡങ്ങൾക്ക് അനുസൃതമായി മോഡൽ ശ്രേണി മാറ്റുന്നതിനാൽ അടുത്ത മാസം മുതൽ പാസഞ്ചർ വാഹന വില വർദ്ധിപ്പിക്കാൻ ടാറ്റ മോട്ടോഴ്‌സ് (ഓഹരി വില 428.75 രൂപ) തീരുമാനിച്ചു.

മുൻകാല ലാർസൻ ആൻഡ് ടൂബ്രോ ഇൻഫോടെക്കും മൈൻഡ്ട്രീയും ലയിപ്പിച്ച എൽടിഐ മൈൻഡ്ട്രീ (LTIMindtree; ഓഹരി വില 4975.40 രൂപ) ഇന്നലെ ഓഹരി വിപണിയിൽ അതിന്റെ പുതിയ പേരിൽ വ്യാപാരം ആരംഭിച്ചു. 30 ലധികം രാജ്യങ്ങളിലായി 90,000 ജീവനക്കാരുള്ള കമ്പനി ഇന്ത്യയിലെ അഞ്ചാമത്തെ വലിയ ഐടി സേവന കമ്പനിയാണ്.

ലുപിൻ (ഓഹരി വില 770.10 രൂപ) അതിന്റെ ആൻറികൺവൾസന്റ് മരുന്നായ റൂഫിനാമൈഡ് ടാബ്‌ലെറ്റുകൾ തിങ്കളാഴ്ച അമേരിക്കൻ വിപണിയിൽ ലോഞ്ച് ചെയ്തതായി അറിയിച്ചു.

നാഷണൽ ഹൈ-സ്പീഡ് റെയിൽ കോർപ്പറേഷനിൽ നിന്ന് നിർദ്ദിഷ്ട മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ 2,500-5,000 കോടി രൂപ വരുന്ന വലിയ ഒരു ഓർഡർ ലഭിച്ചതായി ലാർസൻ ആൻഡ് ടൂബ്രോ (ഓഹരി വില 2085.60 രൂപ) തിങ്കളാഴ്ച പറഞ്ഞു.

അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (ഓഹരി വില 2042.10 രൂപ) രാജസ്ഥാനിലെ 450 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള മൂന്നാമത്തെ ഹൈബ്രിഡ് പവർ പ്ലാന്റ് കമ്മീഷൻ ചെയ്യുന്നതായി പ്രഖ്യാപിച്ചു.

ഇന്ത്യയിൽ അതിവേഗ ഡാറ്റയുടെയും ഡിജിറ്റൽ സേവനങ്ങളുടെയും വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ടെലികോം ഇൻഫ്രാസ്ട്രക്ചറിൽ സംയുക്തമായി നിക്ഷേപം നടത്താൻ സോഷ്യൽ മീഡിയ ഭീമനായ മെറ്റാ പ്ലാറ്റ്‌ഫോമും ഭാരതി എയർടെലും (ഓഹരി വില 843.70 രൂപ) സഹകരിക്കുന്നു.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 4,960 രൂപ (+15 രൂപ).

യുഎസ് ഡോളർ = 81.85 രൂപ (+52 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) = 83.30 ഡോളർ (+0.75%)

ബിറ്റ് കോയിൻ = 14,46,000 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക -0.19% ശതമാനം താഴ്ന്നു 105.02 ആയി.