27 July 2023 2:42 AM GMT
Summary
- ആഗോള തലത്തില്‍ സ്വര്‍ണ വിലയും ക്രൂഡ് വിലയും ഉയര്‍ന്നു
- ഏഷ്യന്‍ വിപണികള്‍ തുറന്നത് നേട്ടത്തില്‍
- വിദേശ നിക്ഷേപകര്‍ ഇന്നലെ വാങ്ങലിലേക്ക് തിരിച്ചെത്തി
നിരക്ക് വര്‍ധനയുടെ ചക്രം ഇനിയും അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് വന്ന ഫെഡ് റിസര്‍വ് പ്രഖ്യാപനം തീര്‍ച്ചയായും ഇന്ന് ആഗോള വിപണികളെ സ്വാധീനിക്കും. ധനനയം കൂടുതല്‍ കനക്കുമെന്ന സൂചന വിപണികളില്‍ താല്‍ക്കാലികമായെങ്കിലും നിരാശ പകരുന്നതാണ്. യൂറോപ്യന്‍ കേന്ദ്ര ബാങ്കും ജപ്പാനും ഇന്നും നാളെയുമായി തങ്ങളുടെ ധനനയങ്ങള പ്രഖ്യാപിക്കാനിരിക്കുകയാണ്. ഫെഡ് റിസര്‍വിന്‍റെ പാത കേന്ദ്ര ബാങ്കുകളും പിന്തുടരുമോയെന്ന ആശങ്കയും നിക്ഷേപകര്‍ക്ക് ഉണ്ട്.
തുടര്‍ച്ചയായ 3 ദിവസങ്ങളിലെ കറക്ഷനു ശേഷം ഇന്നലെ ആഭ്യന്തര ഓഹരി വിപണികള്‍ നേട്ടത്തിലേക്ക് തിരിച്ചെത്തിയിരുന്നു. മികച്ച ആദ്യപാദ ഫലങ്ങളും ഇന്ത്യന്‍വളര്‍ച്ച സംബന്ധിച്ച നിഗമനം ഐഎംഎഫ് ഉയര്‍ത്തിയതും നിക്ഷേപകരുടെ വികാരത്തെ സ്വാധീനിച്ചു. ഇന്നലെ പുറത്തുവന്ന ആദ്യ പാദ വരുമാനങ്ങളും ചില പ്രഖ്യാപനങ്ങളും ഇന്ന് ആഭ്യന്തര വിപണിയില്‍ സ്വാധീനം സൃഷ്ടിക്കും. യുഎസ് സമ്പദ്‍വ്യവസ്ഥയെ വരുമാനത്തിനായി കാര്യമായി ആശ്രയിക്കുന്ന ഇന്ത്യന്‍ ഐടി കമ്പനികളുടെ ഓഹരികളില്‍ ഫെഡ് റിസര്‍വ് പ്രഖ്യാപനം തിരിച്ചടിയായേക്കും
ഏഷ്യന്‍ വിപണികള്‍ നേട്ടത്തില്‍
ഏഷ്യയിലെ പ്രധാന ഓഹരി വിപണികള്‍ പൊതുവേ ഇന്ന് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഷാങ്ഹായ്, ഹോംഗ്കോംഗ്, തായ്വാന്‍, ഓസ്ട്രേലിയ എന്നീ വിപണികളെല്ലാം നേട്ടത്തിലാണ്. നിക്കെയ് തുടക്കത്തിലെ നേട്ടത്തിനു ശേഷം ചാഞ്ചാട്ടം പ്രകടമാക്കുന്നുണ്ട്.
ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലുള്ള ഡെറിവേറ്റിവ് വിപണിയിലും ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയിട്ടുള്ളത്. ഇന്ത്യന്‍ ആഭ്യന്തര ഓഹരി വിപണി സൂചികകളുടെയും തുടക്കം നേട്ടത്തിലായിരിക്കും എന്ന സൂചനയാണ് ഇവ നല്‍കുന്നത്.
യുഎസ് വിപണികളില്‍ ഡൌ ജോണ്‍സ് ഇന്നലെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത് എങ്കിലും നാസ്‍ഡാകും എസ് & പി 500ഉം ഇടിവിലായിരുന്നു.
ശ്രദ്ധാ കേന്ദ്രമാകുന്ന ഓഹരികള്‍
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സ്വകാര്യ മേഖലാ ബാങ്കുകളിലൊന്നായ ആക്‌സിസ് ബാങ്ക് 5,797.1 കോടി രൂപയുടെ ലാഭമാണ് കഴിഞ്ഞ പാദത്തില്‍ രേഖപ്പെടുത്തിയത്. വകയിരുത്തല്‍ ഉയര്‍ന്നെങ്കിലും മറ്റ് വരുമാനത്തിലെ കുതിച്ചുചാട്ടവും പ്രീ-പ്രൊവിഷൻ പ്രവർത്തന ലാഭവും കാരണം ലാഭം 40.5 ശതമാനം ഉയർന്നു. അറ്റ പലിശ വരുമാനം മുൻ വർഷത്തെ അപേക്ഷിച്ച് 27.4 ശതമാനം വർധിച്ച് 11,959 കോടി രൂപയായി.
ഐടി സേവന ദാതാവായ ടെക് മഹീന്ദ്രയുടെ ആദ്യ പാദ ഫലം നിരാശാജനകമായിരുന്നു. മുന്‍പാദത്തെ അപേക്ഷിച്ച് ലാഭം 38 ശതമാനം ഇടിഞ്ഞു. വരുമാന വളർച്ച ശക്തമായ തിരിച്ചടി നേരിടുന്നതിനാൽ ഈ പാദം വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് ചീഫ് ഫിനാൻഷ്യൽ ഓഫീസർ രോഹിത് ആനന്ദ് പറഞ്ഞു.
എഫ്എംസിജി കമ്പനിയായ ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ് 22 ശതമാനം വാർഷിക വളര്‍ച്ചയാണ് ആദ്യപാദത്തിലെ ലാഭത്തില്‍ നേടിയത്. പ്രവർത്തന വരുമാനം വാർഷികാടിസ്ഥാനത്തിൽ 12.5 ശതമാനം വർധിച്ച് 3,741.2 കോടി രൂപയായി. കോൾഗേറ്റ്-പാമോലിവ് (ഇന്ത്യ) ലിമിറ്റഡ് 31 ശതമാനം വളര്‍ച്ചയാണ് ആദ്യപാദത്തിലെ അറ്റാദായത്തില്‍ നേടിയിട്ടുള്ളത്. കോൾഗേറ്റിന്റെ വിൽപ്പന 10.8 ശതമാനവും വർധിച്ചിട്ടുണ്ട്.
ഫാർമ പ്രമുഖരായ ഡോ. റെഡ്ഡീസ് ലബോറട്ടറീസിന്‍റെ അറ്റാദായം 18.1 ശതമാനം വർധിച്ചു. അനലിസ്റ്റുകളുടെ പ്രതീക്ഷകള്‍ക്ക് മുകളിലുള്ള പ്രകടനമാണ് കമ്പനി നടത്തിയിട്ടുള്ളത്. .
ആര്‍ബിഎല്‍ ബാങ്കിന്റെ 3.53 ശതമാനം ഓഹരികൾ 417 കോടി രൂപയ്ക്ക് സ്വന്തമാക്കിയിട്ടുണ്ടെന്നും ബാങ്കിലെ ഓഹരി പങ്കാളിത്തം 9.99 ശതമാനത്തിൽ കവിയാതെ ഇനിയും ഉയർത്തുന്ന കാര്യം പരിഗണിക്കുമെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇന്നലെ അറിയിച്ചു. ഓഹരി ഒന്നിന് 197 രൂപയായിരുന്നു ഏറ്റെടുക്കൽ വില.
തങ്ങളുടെ ഭവനവായ്പ ഉപകമ്പനിയായ പൂനവല്ല ഹൗസിംഗ് ഫിനാൻസ് (PHFL) ന്റെ നിയന്ത്രിത ഓഹരി വിൽപ്പനയുടെ പൂർത്തീകരണം പൂനവല്ല ഫിൻകോർപ്പ് പ്രഖ്യാപിച്ചു. നികുതി കിഴിച്ച് 3,004 കോടി രൂപയുടെ ഇടപാടിലായിരുന്നു വില്‍പ്പന
ഓഫർ ഫോർ സെയിൽ (ഒഎഫ്എസ്) മാര്‍ഗത്തിലൂടെ റെയിൽ വികാസ് നിഗത്തിലെ 3.4 ശതമാനം ഓഹരികൾ വിൽക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റീട്ടെയിൽ ഇതര നിക്ഷേപകർക്ക് ജൂലൈ 27നും റീട്ടെയിൽ നിക്ഷേപകർക്ക് ജൂലൈ 28 നും ഒഎഫ്എസ് നടക്കും. ഓഹരി ഒന്നിന് 119 രൂപയാണ് തറവില നിശ്ചയിച്ചിരിക്കുന്നത്. 4.08 കോടി ഓഹരികൾ അല്ലെങ്കിൽ 1.96 ശതമാനം അധികമായി വിൽക്കാനുള്ള ഓപ്‌ഷനും സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്നുണ്ട്.
എണ്ണവിലയും സ്വര്‍ണ വിലയും
ബുധനാഴ്ച ക്രൂഡ് ഓയില്‍ വില ഏകദേശം 1 ശതമാനം ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 72 സെൻറ് അഥവാ 0.9 ശതമാനം കുറഞ്ഞ് ബാരലിന് 82.92 ഡോളറിലും യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് 85 സെൻറ് അഥവാ 1.1 ശതമാനം കുറഞ്ഞ് 78.78 ഡോളറിലും ക്ലോസ് ചെയ്തു. എന്നാല്‍ ഇന്ന് രാവിലെ ബ്രെന്‍റ് ക്രൂഡ് 83.70 ഡോളറിലേക്കും ഡബ്ല്യുടിഐ 79 .58 ഡോളറിലേക്കും തിരികെക്കയറിയിട്ടുണ്ട്.
യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വര്‍ധനയുടെ പശ്ചാത്തലത്തില്‍ ദുർബലമായ ഡോളറും ബോണ്ട് യീൽഡും പിന്തുണച്ചതോടെ ആഗോള തലത്തില്‍ ബുധനാഴ്ച സ്വർണ വില ഉയർന്നു. യുഎസ് ഗോൾഡ് ഫ്യൂച്ചറുകൾ 0.5 ശതമാനം ഉയർന്ന് ഔണ്‍സിന് 1,974.90 ഡോളറിലെത്തി.
വിദേശ ഫണ്ടുകളുടെ വരവ്
ഇന്നലെ ഇന്ത്യന്‍ വിപണിയില്‍ വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) 922.84 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) 470.10 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എൻഎസ്‌ഇ) താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.
2854.80 കോടി രൂപയുടെ അറ്റ വാങ്ങലാണ് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) ഇന്ത്യന്‍ ഇക്വിറ്റികളില്‍ നടത്തിയത്. ഡെറ്റ് വിപണിയില്‍ 39.13 രൂപയുടെ അറ്റ വാങ്ങളും എഫ്‍പിഐകള്‍നടത്തി.