image

16 Jan 2023 2:30 AM GMT

Stock Market Updates

ആഭ്യന്തര നിക്ഷേപകർ ആവേശത്തിൽ; ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തില്‍ 34% വര്‍ധന

Mohan Kakanadan

ആഭ്യന്തര നിക്ഷേപകർ ആവേശത്തിൽ; ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തില്‍ 34% വര്‍ധന
X

Summary

കഴിഞ്ഞ ആഴ്ച അവസാന വന്ന ചില സാമ്പത്തിക കണക്കുകളും ആശ്വാസം പകരുന്നു. കൂടാതെ മോശമല്ലാത്ത മൂന്നാം പാദ ഫലങ്ങളും വിപണിയെ സഹായിക്കും.


കൊച്ചി: ഓഹരി വിപണി കുറച്ചു നാളുകളായി ചാഞ്ചാടി നിൽക്കുകയാണ്. ഇപ്പോൾ കണ്ടു വരുന്ന ഒരു പ്രധാന പ്രവണത വിദേശ നിക്ഷേപകരുടെ സ്ഥിരമായ വിൽപ്പനയാണ്. അവർ തുടർച്ചയായ 16-ാം ട്രേഡിംഗ് സെഷനിലും വില്പനക്കാരായിരുന്നു. ഡിപ്പോസിറ്ററികളുടെ ഡാറ്റ അനുസരിച്ച്, ജനുവരി 2-13 കാലയളവിൽ എഫ്പിഐകൾ ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റുകളിൽ നിന്ന് 15,068 കോടി രൂപ പിൻവലിച്ചു. ഡിസംബറിൽ 11,119 കോടി രൂപയും നവംബറിൽ 36,239 കോടി രൂപയും അവർ അറ്റ വാങ്ങൽ നടത്തിയിരുന്നു.

വിപണിയിൽ നിന്നുള്ള ആകർഷകമായ വരുമാനം, അക്കൗണ്ട് തുറക്കൽ പ്രക്രിയയുടെ എളുപ്പം, സാമ്പത്തിക സമ്പാദ്യശീലത്തിലെ വളർച്ച എന്നിവ കാരണം ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 2021 ഡിസംബറിലെ 8.1 കോടിയിൽ നിന്ന് 2022 ഡിസംബറിൽ 10.8 കോടിയായി ഉയർന്നതായി മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസിന്റെ ഒരു റിപ്പോർട്ട് പറയുന്നു.

ഇതിനിടയിൽ, ധനമന്ത്രി നിർമല സീതാരാമനെ ഒരു പ്രസ്താവനയും നിക്ഷേപകർക്ക് താങ്ങായി മാറാൻ ഇടയുണ്ട്. താനും ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ചു വളർന്നതാണെന്നും അവരുടെ പ്രശ്നങ്ങൾ തനിക്കു മനസ്സിലാകുമെന്നും പാഞ്ചജന്യം മാസിക സംഘടിപ്പിച്ച ഒരു ചടങ്ങിൽ സംസാരിക്കവെ അവർ പറഞ്ഞു. ഫെബ്രുവരി ഒന്നിനുള്ള കേന്ദ്ര ബജറ്റിൽ പ്രത്യേക നികുതികളൊന്നുമുണ്ടാവില്ലെന്ന സൂചനയാണ് വിദഗ്ധർ ഇതിൽ വായിച്ചെടുക്കുന്നത്.

കഴിഞ്ഞ ആഴ്ച അവസാന വന്ന ചില സാമ്പത്തിക കണക്കുകളും ആശ്വാസം പകരുന്നു. കൂടാതെ മോശമല്ലാത്ത മൂന്നാം പാദ ഫലങ്ങളും വിപണിയെ സഹായിക്കും. എച് ഡി എഫ് സി ബാങ്ക്, ഡി മാർട്ട്, ഇൻഡസ്ഇൻഡ് ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, ജെ എസ് ഡബ്ലിയു സ്റ്റീൽ, എച് യു എൽ, എന്നിവയുൾപ്പെടെയുള്ള വമ്പൻ കമ്പനികളുടെ വരുമാനത്തോട് ഈ ആഴ്ച വിപണി പ്രതികരിക്കാനിടയുള്ളതായി വിദഗ്ധർ കരുതുന്നു.

ഫെഡറൽ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഏയ്ഞ്ചൽ വൺ എന്നിവ ഇന്ന് അവയുടെ മൂന്നാം പാദ ഫലം പ്രഖ്യാപിക്കുന്നുണ്ട്.

വെള്ളിയാഴ്ച വ്യാപാരത്തിൽ സെൻസെക്സ് 303.15 പോയിന്റ് ഉയർന്ന് 60,261.18 ലും നിഫ്റ്റി 98.40 പോയിന്റ് നേട്ടത്തോടെ 17,956.60 ലുമാണ് ക്ലോസ് ചെയ്തത്. ബാങ്ക് നിഫ്റ്റിയും 289.00 പോയിന്റ് ഉയർന്ന് 42,371.25 ൽ അവസാനിച്ചു.

സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്ന് രാവിലെ 7.45 ന് +29.00 പോയിന്റ് ഉയർച്ചയിലാണ് വ്യാപാരം നടക്കുന്നത് ഒരു ഗാപ് അപ്പ് തുടക്കത്തിന് വേദിയൊരുക്കിയിട്ടുണ്ട്.

കേരള കമ്പനികൾ

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ കൊച്ചിൻ ഷിപ് യാർഡ്, സി എസ് ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഫെഡറൽ ബാങ്ക്, ഹാരിസൺ മലയാളം, കല്യാൺ ജൂവല്ലേഴ്‌സ്, മണപ്പുറം, കേരള കെമിക്കൽസ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വി ഗാർഡ്, വണ്ടർ ല എന്നിവ വെള്ളിയാഴ്ച പച്ചയിലാണ് അവസാനിച്ചത്. ആസ്റ്റർ ഡി എം, ജിയോജിത്, ജ്യോതി ലാബ്, കിംസ്, മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് ക്യാപ്, മുത്തൂറ്റ് ഫിനാൻസ്, തുടങ്ങിയവ നഷ്ടത്തിൽ കലാശിച്ചു.

ഭവന നിർമാണ കമ്പനികളായ ശോഭയും പി എൻ സി ഇൻഫ്രയും പുറവങ്കരയും നേട്ടത്തിലായിരുന്നു.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇ കണക്കുകൾ പ്രകാരം വെള്ളിയാഴ്ച (ജനുവരി 13) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 1,953.40 കോടി രൂപയ്ക്ക് വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -2,422.39 കോടി രൂപയ്ക്ക് അറ്റ വില്പനക്കാരായി.

ലോക വിപണി

ഇന്ന് ഏഷ്യൻ വിപണികൾ പൊതുവെ നേട്ടത്തിലാണ് ആരംഭിച്ചിട്ടുള്ളത്. ചൈന ഷാങ്ഹായ് (+26.64), ഹോങ്കോങ് ഹാങ്‌സെങ് (+115.03), സൗത്ത് കൊറിയൻ കോസ്‌പി (+20.07), തായ്‌വാൻ (+124.28), ജക്കാർത്ത കോമ്പസിറ്റ് (+9.15) എന്നിവ നേട്ടത്തിൽ വ്യാപാരം തുടരുമ്പോൾ ജപ്പാൻ നിക്കേ (-246.75) ഇടിഞ്ഞിട്ടുണ്ട്.

വെള്ളിയാഴ്ച ആഗോള വിപണികൾ ഉയർച്ചയിലായിരുന്നു. ഡൗ ജോൺസ്‌ ഇൻഡസ്ട്രിയൽ ആവറേജ് (+112.64), എസ് ആൻഡ് പി 500 (+15.92), നസ്‌ഡേക് കോമ്പസിറ്റ് (+78.05) എന്നിവയെല്ലാം ഉയരങ്ങളിലാണ് അവസാനിച്ചത്. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് യുഎസ് വിപണി അവധിയായിരിക്കും.

യൂറോപ്പിൽ ഫ്രാങ്ക്ഫർട് ഡി എ എക്സ് (+28.22), പാരീസ് യുറോനെക്സ്റ്റ് (+47.82), ലണ്ടൻ ഫുട്‍സീ (+50.03) എന്നിവയും നേട്ടത്തിലാണ് അവസാനിച്ചത്.

വിദഗ്ധാഭിപ്രായം

വി കെ വിജയകുമാർ, മുഖ്യ നിക്ഷേപ തന്ത്രജ്ഞൻ ഡോ. ജിയോജിത് ഫിനാൻഷ്യൽ സർവീസസ്: എഫ്‌ഐഐകൾ ഇന്ത്യയിൽ വിൽക്കുകയും ചൈന, ഹോങ്കോംഗ്, ദക്ഷിണ കൊറിയ തുടങ്ങിയ വിലകുറഞ്ഞ വിപണികളിലേക്ക് പണം മാറ്റുകയും ചെയ്യുന്നു, അവിടെ മൂല്യനിർണ്ണയം വളരെ കുറവാണ്. ഈ പ്രവണത കുറച്ച് ദിവസങ്ങൾ കൂടി തുടർന്നേക്കാം. ആഭ്യന്തര നിക്ഷേപകർ വാങ്ങാൻ താൽപ്പര്യം കാണിക്കുന്നതിനാൽ വിപണി ദുർബലമാണെന്ന് തോന്നുമെങ്കിലും കുത്തനെയുള്ള ഒരു തിരുത്തലിന് സാധ്യതയില്ല. ഡിസംബറിൽ പണപ്പെരുപ്പം 5.72 ശതമാനമായി കുറഞ്ഞതും നവംബറിൽ വ്യാവസായിക ഉത്പാദനം (IIP) 7.1 ശതമാനമായി ഉയർന്നതും ബുള്ളുകൾക്ക് അടിസ്ഥാനപരമായ പിന്തുണ നൽകാൻ കഴിയുന്ന പോസിറ്റീവ് ഘടകങ്ങളാണ്.

രൂപക് ദേ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: നിഫ്ടിയിൽ 18,300 ൽ പ്രതിരോധം ദൃശ്യമാണ്, അതേസമയം താഴത്തെ അറ്റത്ത്, പിന്തുണ 17,800 ൽ കാണാം. ഇരു ദിശകളിലുമുള്ള ഏത് നീക്കവും ആ വശത്തേക്ക് ഒരു ദിശാസൂചന നൽകാനിടയുണ്ട്.

കുനാൽ ഷാ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: ബാങ്ക് നിഫ്റ്റി താഴെ തട്ടിൽ 41,700 എന്ന പിന്തുണയിൽ നിലനിലനിർത്താൻ ബുള്ളുകൾക്ക് കഴിഞ്ഞു. എന്നിരുന്നാലും, പൂർണ്ണ നിയന്ത്രണം വീണ്ടെടുക്കാൻ, അവർക്ക് 43,000 ലെവൽ മറികടക്കേണ്ടിവരും. സൂചിക 41,700-ന് മുകളിൽ തുടരുന്നിടത്തോളം, അടിയൊഴുക്കുകൾ ബുള്ളിഷ് തന്നെ ആയി തുടരും.

ശ്രദ്ധിക്കേണ്ട ഓഹരികൾ

എച്ച്‌ഡിഎഫ്‌സി ബാങ്ക് (ഓഹരി വില: 1600.65 രൂപ) ശനിയാഴ്ച അറ്റാദായത്തിൽ 19.9 ശതമാനം കുതിപ്പ് രേഖപ്പെടുത്തി. 2022 ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ അറ്റാദായം 12,698 കോടി രൂപയായി.

വിപ്രോ ലിമിറ്റഡ്ന്റെ (ഓഹരി വില: 393.90 രൂപ) ഡിസംബർ പാദത്തിലെ ഏകീകൃത അറ്റാദായം 2.8 ശതമാനം വർധിച്ച് ഏകദേശം 3,053 കോടി രൂപയായി.

റീട്ടെയിൽ ശൃംഖലയായ ഡി-മാർട്ടിന്റെ (ഓഹരി വില: 3863.70 രൂപ) ഉടമസ്ഥരായ അവന്യൂ സൂപ്പർമാർട്ട്ന്റെ 2022 ഡിസംബർ 31-ന് അവസാനിച്ച മൂന്നാം പാദത്തിലെ അറ്റാദായം 6.71 ശതമാനം വർധിച്ച് 589.64 കോടി രൂപയായി.

ഗുജറാത്ത് ആസ്ഥാനമായുള്ള പ്ലാന്റിൽ, മരുന്ന് ഉൽപന്നങ്ങളുടെ മൈക്രോബയോളജിക്കൽ മലിനീകരണം തടയാനുള്ള നടപടിക്രമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടത്തിനും നിർമ്മാണത്തിലെ വീഴ്ചകൾക്കും യുഎസ് ഹെൽത്ത് റെഗുലേറ്റർ സൺ ഫാർമക്ക് (ഓഹരി വില: 1031.60 രൂപ) നോട്ടീസയച്ചു.

എൽ ആൻഡ് ടി ഫിനാൻസ് ഹോൾഡിംഗ്‌സ് (ഓഹരി വില: 92.45 രൂപ) ഡിസംബർ പാദത്തിൽ അറ്റവരുമാനത്തിൽ 39 ശതമാനം വർധന രേഖപ്പെടുത്തി 454 കോടി രൂപയായി.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,200 രൂപ (+40 രൂപ)

യുഎസ് ഡോളർ = 81.38 രൂപ (+8 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) 84.92 ഡോളർ (+-0.42%)

ബിറ്റ് കോയിൻ = 17,68,890 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക -0.37 ശതമാനം താഴ്‌ന്ന് 101.58 ആയി.