14 March 2023 1:45 AM GMT
എസ് വി ബി തകർച്ചയിൽ ലോക വിപണികൾ ആടിയുലയുന്നു; ബാങ്ക് ഓഹരികൾ നഷ്ടത്തിൽ
Mohan Kakanadan
Summary
- ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -1,546.86 കോടി രൂപയ്ക്ക് അധിക വില്പനക്കാരായി.
- കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ വി ഗാർഡ് ഒഴിച്ച് ബാക്കിയെല്ലാം ചുവപ്പിലാണവസാനിച്ചത്.
- സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി രാവിലെ 41.00 പോയിന്റ് ഉയർച്ചയിൽ തുടക്കം കുറിച്ചിട്ടുണ്ട്.,
കൊച്ചി: അമേരിക്കയിൽ കാലിഫോർണിയ ആസ്ഥാനമായുള്ള സിലിക്കൺ വാലി ബാങ്കിന്റെ (SVB) തകർച്ചയുടെ ചുവടു പിടിച്ച് ഇന്ത്യൻ ബാങ്കുകൾ ഇന്നലെ താഴ്ചയിലേക്ക് കൂപ്പുകുത്തി. ബിഎസ്‌ഇയിൽ ബാങ്കെക്‌സ് സൂചിക 1,027.62 പോയിന്റ് അഥവാ 2.24 ശതമാനം ഇടിഞ്ഞ് 44,793.66 എന്ന നിലയിലെത്തി. ബാങ്ക് നിഫ്റ്റി -2.27 ശതമാനം താഴ്ന്ന് 39564.70 ൽ അവസാനിച്ചു.
ഇൻഡസ്ഇൻഡ് ബാങ്കിന്റെ ഓഹരികൾ 7.46 ശതമാനം ഇടിഞ്ഞ് 1,060 രൂപയിലും എയു ബാങ്ക് 4.49 ശതമാനം ഇടിഞ്ഞ് 596.25 രൂപയിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 3.21 ശതമാനം ഇടിഞ്ഞ് 529.70 രൂപയിലും ബന്ധൻ ബാങ്ക് 3.09 ശതമാനം ഇടിഞ്ഞ് 217 ശതമാനം 5 രൂപയിലുമെത്തി. കൂടാതെ, ഫെഡറൽ ബാങ്ക് (2.71 ശതമാനം), ബാങ്ക് ഓഫ് ബറോഡ (2.32 ശതമാനം), ആക്‌സിസ് ബാങ്ക് (2.29 ശതമാനം), ഐസിഐസിഐ ബാങ്ക് (1.82 ശതമാനം), കൊട്ടക് മഹീന്ദ്ര ബാങ്ക് (1.45 ശതമാനം), എച്ച്ഡിഎഫ്‌സി ബാങ്ക് (1.26 ശതമാനം) എന്നിവയും ഇടിഞ്ഞു.
ഇന്നലെ തുടർച്ചയായ മൂന്നാം സെഷനിലും വിപണി നഷ്ടത്തിൽ കലാശിച്ചു. സെൻസെക്സ് 897.28 പോയിന്റ് ഇടിഞ്ഞ് 58,237.85 ലും, നിഫ്റ്റി 258.60 പോയിന്റ് കുറഞ്ഞ് 17,154.30 ലുമാണ് വ്യപാരം അവസാനിപ്പിച്ചത്. ബാങ്കിങ്, ഓട്ടോ മൊബൈൽ, എന്നി ഓഹരികളിൽ ഉണ്ടായ വില്പന സമ്മർദ്ദമാണ് വിപണിയെ തകർത്തത്.
എങ്കിലും, ഇന്ത്യൻ വിപണി ശക്തവും കൂടുതൽ വൈവിധ്യപൂർണ്ണവുമാണെന്നും അത് അദാനി ഗ്രൂപ്പിന്റെ പ്രശ്നങ്ങളെ നേരിടാൻ പ്രാപ്തമാണെന്നും അതുമൂലം ഒരു പ്രതിസന്ധിയും ഇല്ലെന്നും ആർബിഐ മോണിറ്ററി പോളിസി കമ്മിറ്റി അംഗം അഷിമ ഗോയൽ പറഞ്ഞു.
റെഗുലേറ്റർമാർ ഇന്ത്യയിൽ കോർപ്പറേറ്റ് ഭരണം കർശനമായി നിരീക്ഷിക്കുകയും തെറ്റായ കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യുന്നുണ്ടെന്നും ഗോയൽ പറഞ്ഞു.
തിങ്കളാഴ്ച പുറത്തുവിട്ട സർക്കാർ കണക്കുകൾ പ്രകാരം, ഫെബ്രുവരിയിൽ റീട്ടെയിൽ പണപ്പെരുപ്പം 6.44 ശതമാനമായി. പ്രധാനമായും ഭക്ഷ്യ-ഇന്ധന വസ്തുക്കളുടെ വിലയിൽ നേരിയ ഇളവ് ഉണ്ടായെങ്കിലും റിസർവ് ബാങ്കിന്റെ കംഫർട്ട് ലെവലായ 6 ശതമാനത്തിന് മുകളിൽ അത് തുടർച്ചയായി രണ്ടാം മാസവും നിൽക്കുകയാണ്. ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജനുവരിയിൽ 6.52 ശതമാനവും 2022 ഫെബ്രുവരിയിൽ 6.07 ശതമാനവുമായിരുന്നു.
എഫ് ഐഐ/ഡിഐഐ
എൻഎസ്ഇ കണക്കുകൾ പ്രകാരം ഇന്നലെ (മാർച്ച് 13) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 1,418.58 കോടി രൂപയ്ക്ക് ഓഹരികൾ അധികം വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -1,546.86 കോടി രൂപയ്ക്ക് അധിക വില്പനക്കാരായി.
കേരള കമ്പനികൾ
കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ വി ഗാർഡ് ഒഴിച്ച് ബാക്കിയെല്ലാം ചുവപ്പിലാണവസാനിച്ചത്. സൗത്ത് ഇന്ത്യൻ ബാങ്ക് 6.63 ശതമാനം താഴ്ന്ന് 17.60-ലെത്തിയപ്പോൾ കല്യാൺ ജൂവല്ലേഴ്‌സും വണ്ടർ ലയും 7 ശതമാനത്തിലേറെ കൂപ്പുകുത്തി.
റിയാൽറ്റി കമ്പനികളിൽ പി എൻ സി ഇൻഫ്രയും ശോഭയും 2 ശതമാനത്തിലേറെ നഷ്ടത്തിലായപ്പോൾ പുറവങ്കര 3.87 ശതമാനം ഇടിഞ്ഞു.
ആഗോള വിപണി
ഏഷ്യൻ വിപണികൾ ഇന്ന് രാവിലെ മിശ്രിതമായാണ് കാണപ്പെടുന്നത്. സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി (41.00), ഹോങ്കോംഗ് ഹാങ്ങ് സെങ് (376.05) ജക്കാർത്ത കോമ്പോസിറ്റ് (21.66), ചൈന ഷാങ്ങ്ഹായ് (38.62) എന്നിവ നേട്ടത്തിലാണ് തുടക്കം. എന്നാൽ, ജപ്പാൻ നിക്കേ (-647.49), തായ്‌വാൻ വെയ്റ്റഡ് (-143.33), ദക്ഷിണ കൊറിയ കോസ്‌പി (-47.14) എന്നിവ ചുവപ്പിലാണ് ആരംഭിച്ചിട്ടുള്ളത്.
തിങ്കളാഴ്ച യുഎസ് സൂചികകൾ താഴ്ചയിലാണ് അവസാനിച്ചത്. ഡൗ ജോൺസ് ഇൻഡസ്‌ട്രിയൽ -90.50 പോയിന്റും, എസ് ആൻഡ് പി -5.83 പോയിന്റും താഴ്ന്നപ്പോൾ നസ്‌ഡേക് 49.96 പോയിന്റ് ഉയർച്ച നേടി.
യൂറോപ്പിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ലണ്ടൻ ഫുട്‍സീയും (-199.72), പാരീസ് യുറോനെക്സ്റ്റും (-209.17), ഫ്രാങ്ക്ഫർട് ഡി എ എക്‌സും (-468.50) ചുവപ്പിൽ തന്നെ അവസാനിച്ചു.
ശ്രദ്ധിക്കേണ്ട ഓഹരികൾ
സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക്‌സ്റ്റോൺ തിങ്കളാഴ്ച ഓട്ടോ ഘടക നിർമ്മാതാക്കളായ സോന ബിഎൽഡബ്ല്യു പ്രിസിഷൻ ഫോർജിംഗ്‌സിന്റെ (ഓഹരി വില 406.20 രൂപ) 20.50 ശതമാനം ഓഹരികൾ 4,917 കോടി രൂപയ്ക്ക് ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ വിറ്റു.
ഇന്ത്യയിലെ ഏറ്റവും വലിയ ഗ്യാസ് കമ്പനിയായ ഗെയിൽ (ഓഹരി വില 110.20 രൂപ) തിങ്കളാഴ്ച 40 ശതമാനം അല്ലെങ്കിൽ ഒരു ഇക്വിറ്റി ഓഹരിക്ക് 4 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. മാർച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ മൊത്തം 2,630 കോടി രൂപയാണ് ലാഭവീഹ്ത്താമെന്നു കമ്പനി ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഫിച്ച് റേറ്റിംഗ്സ് ടാറ്റ കെമിക്കൽസിന്റെ (ഓഹരി വില 965.15 രൂപ) ദീർഘകാല ഫോറിൻ-കറൻസി ഇഷ്യൂവർ ഡിഫോൾട്ട് റേറ്റിംഗിന്റെ (IDR) കാഴ്ചപ്പാട് സ്ഥിരതയിൽ നിന്ന് പോസിറ്റീവായി പരിഷ്കരിക്കുകയും, റേറ്റിംഗ് 'BB+' ൽ സ്ഥിരീകരിക്കുകയും ചെയ്തു.
സർക്കാർ ഉടമസ്ഥതയിലുള്ള പഞ്ചാബ് നാഷണൽ ബാങ്കിന്റെ (ഓഹരി വില 48.15 രൂപ) ഒരു വിഭാഗമായ പിഎൻബി ഹൗസിംഗ് ഫിനാൻസിന് (ഓഹരി വില 585.10 രൂപ) ഓഹരികളുടെ അവകാശ ഇഷ്യു വഴി 2,500 കോടി രൂപ വരെ സമാഹരിക്കുന്നതിനുള്ള മൂലധന വിപണി റെഗുലേറ്റർ സെബിയുടെ അനുമതി ലഭിച്ചു.
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ (ഓഹരി വില 1193.45 രൂപ) ലിസ്റ്റഡ് യൂണിറ്റായ മഹീന്ദ്ര സിഐഇ ഓട്ടോമോട്ടീവിന്റെ (ഓഹരി വില 360.20 രൂപ) 6 ശതമാനത്തിലധികം ഓഹരികൾ വിറ്റതായി ഓട്ടോ മേജർ ഒരു റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. ഒരു ഷെയറിന് 357.39 രൂപ നിരക്കിലാണ് കമ്പനി 2,29,80,000 ഇക്വിറ്റി ഓഹരികൾ വിറ്റത്.
യുഎസ് ഡോളർ = 82.23 രൂപ (+19 പൈസ).
ബ്രെന്റ് ക്രൂഡോയില്‍ ഫ്യൂച്ചേഴ്‌സ് (ബാരലിന്) 81.36 ഡോളർ (-1.72%)
സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,245 രൂപ (+30 രൂപ)
ബിറ്റ് കോയിൻ = 20,85,000 രൂപ.
ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.37 ശതമാനം താഴ്ന്ന് 104.19 ന് വ്യാപാരം നടക്കുന്നു.
ഐപിഒ
ഗ്ലോബൽ സർഫേസസ് ലിമിറ്റഡിന്റെ പ്രാരംഭ ഓഹരി വിൽപ്പന തിങ്കളാഴ്ച ആദ്യ ദിനത്തിൽ 42 ശതമാനം സബ്‌സ്‌ക്രൈബുചെയ്‌തു. ഐപിഒ-യ്ക്ക് ഓഫറിലുള്ള 77.49 ലക്ഷം ഓഹരികളിൽ 32.75 ലക്ഷം ഓഹരികൾ എൻഎസ്ഇ ഡാറ്റ പ്രകാരം വിളിക്കപ്പെട്ടു. നാളെ (മാർച്ച് 15) യാണ് ഐപിഒ അവസാനിക്കുന്നത്. ഒരു ഷെയറിന് ₹133-140 പ്രൈസ് ബാൻഡ് നിശ്ചയിച്ചിട്ടുള്ള ഈ ഓഫറിൽ നിന്ന് ₹155 കോടി സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രകൃതിദത്ത കല്ലുകൾ സംസ്ക്കരിക്കുകയും എഞ്ചിനീയറിംഗ് ക്വാർട്സ് നിർമ്മിക്കുകയും ചെയ്യുന്ന കമ്പനിയാണ് ഗ്ലോബൽ സർഫേസസ്.